അനീതിക്കെതിരായ കല
ബി.ആർ.പി.
ഭാസ്കർ
ഒരു ചിത്രകാരൻ നീണ്ട രണ്ട് പതിറ്റാണ്ടു കാലം വരയ്ക്കാതിരിക്കുക.
അതിനുശേഷം വീറോടും വാശിയോടും വീണ്ടും വരയ്ക്കുക. ഒരു ചെറിയ കാലയളവിൽ കൂട്ടായ്മയുടെ ഭാഗമായും ഒറ്റയ്ക്കും ചിത്രപ്രദർശനങ്ങൾ നടത്തുക. കലാകാരനെന്ന നിലയിലും ബ്ലോഗറെന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള ചിത്രകാരൻ ടി. മുരളിയാണ് കഥാനായകൻ.
ബി.കോം ബിരുദം എടുത്തശേഷം ഫൈൻ ആർട്സ് ബിരുദം നേടിയ മുരളി രണ്ട് കൊല്ലത്തിനുശേഷം, 1993ൽ,
കണ്ണൂരിൽ ആദ്യ സോളോ ചിത്രപ്രദർശനം നടത്തി. പിന്നീട് വര വിട്ട ചിത്രകാരൻ വ്യക്തികൾക്ക് പരമ്പരാഗത മാദ്ധ്യമങ്ങളുടെ സഹായം കൂടാതെ നേരിട്ട് ആശയവിനിമയം നടത്താൻ അവസരം നൽകുന്ന നവമാദ്ധ്യമ സാങ്കേതികവിദ്യ ലഭ്യമായപ്പോൾ അത് പ്രയോജനപ്പെടുത്തി.
ഒരു വ്യാഴവട്ടക്കാലത്തെ നിശ്ശബദത ഭഞ്ജിച്ചു കൊണ്ട് ബ്ലോഗർ എന്ന നിലയിൽ സജീവമായി. ഇക്കാലത്ത് അദ്ദേഹം ബ്ലോഗർമാരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും കൂടുതൽ പേരെ പുതിയ സംവാദ വേദിയിലെത്താൻ പ്രേരിപ്പിക്കുകയും ചെയ്തു.
ചിത്രകലയിൽ നിന്നു കുറേക്കാലം വിട്ടുനിൽക്കാനും വീണ്ടും അതിലേക്ക് തിരിച്ചു വരാനും പ്രേരിപ്പിച്ച ഘടകങ്ങളെ കുറിച്ച് മുരളി വളരെയൊന്നും പറഞ്ഞിട്ടില്ല. പക്ഷെ തുടർന്നുള്ള കാലത്തെ പ്രതിബദ്ധതയോടെയുള്ള കലാപ്രവർത്തനം ആ ഇടവേള ആത്മപരിശോധനയുടെ കാലമായിരുന്നെന്ന് വ്യക്തമാക്കുന്നു. തനിക്ക് സാമൂഹികമായ ഒരു ദൌത്യം നിർവഹിക്കാനുണ്ടെന്നും ചിത്രകലയിലൂടെ അത് ഫലപ്രദമായി നിറവേറ്റാനാകുമെന്നുമുള്ള വിശ്വാസം അദ്ദേഹത്തിന്റെ തുടർന്നുള്ള പ്രവർത്തനത്തിൽ പ്രതിഫലിക്കുന്നുണ്ട്. അനീതിക്കെതിരെ കലഹിക്കുന്ന കലാകാരനാണ് അദ്ദേഹം. നമുക്ക് ചുറ്റും നിത്യേന നടക്കുന്ന സംഭവങ്ങളിൽ അടങ്ങിയിരിക്കുന്ന അനീതിയെ അദ്ദേഹം കാണുന്നത് ഒറ്റപ്പെട്ട പ്രതിഭാസമായല്ല,
വ്യവസ്ഥയുടെ ഭാഗമായി തുടരുന്ന ഒന്നായാണ്.
അദ്ദേഹം അതിന്റെ ചരിത്രപരമായ പശ്ചാത്തലം കണ്ടെത്തുകയും അതിലേക്ക് ജനശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു. ഈ സമീപനം ചാന്നാർ സ്ത്രീ (1993) എന്ന ആദ്യകാല രചനയിൽ തന്നെ കാണാവുന്നതാണ്.
വരയിലേക്ക് തിരിച്ചെത്തിയപ്പോൾ അദ്ദേഹം ഇതേ വിഷയം ചാന്നാർ സ്ത്രീ 2ൽ
(2013) വീണ്ടും കൈകാര്യം ചെയ്യുന്നു.
ചിത്രകലയോടുള്ള സമീപനത്തിൽ മാറ്റം വരുത്തിക്കൊണ്ടാണ് തിരിച്ചുവരവ്.
ആദ്യകാല ചിത്രങ്ങൾ എണ്ണച്ചായത്തിലായിരുന്നെങ്കിൽ
രണ്ടാം ഘട്ടത്തിൽ അക്രിലിക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ ചില ചിത്രങ്ങൾ സങ്കര മാദ്ധ്യമത്തിലാണ്.
മാറ്റം പൂർണ്ണമായും സാങ്കേതിക തലത്തിലൊതുങ്ങുന്നു.
പ്രമേയത്തിൽ മാറ്റമില്ല.
അത് ഇപ്പോഴും അനീതി തന്നെ.
ദൃഢചിത്തതയും പ്രതിബദ്ധതയും പുതിയ ചിത്രങ്ങളിൽ കൂടുതലായി പ്രതിഫലിക്കുന്നുവെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാനാകും.
കലയെ സൌന്ദര്യത്തിൽ നിന്ന് വേർപെടുത്തി കാണാനാവില്ല.
എന്നാൽ വ്യക്തിയുടെ സൌന്ദര്യനിർണ്ണയത്തിൽ
തൊലിനിറത്തിനും ശരീരവടിവിനുമപ്പുറം ഒരു മാനമുള്ളതുപോലെ ചിത്രത്തിന്റെ കാര്യത്തിലും നിറക്കൂട്ടിനും വരയുടെ വളവുകൾക്കുമപ്പുറമുള്ള
ഒരു മാനമുണ്ട്.
മുരളിയുടെ ചിത്രങ്ങൾക്ക് ഒരു പരുഷ ഭാവമുണ്ട്. അത് അനീതിയുടെയും അതിനോടുള്ള പ്രതികരണത്തിന്റെയും ഭാവമാണ്.
സമൂഹത്തിലെ അനീതി നല്ല മനുഷ്യരുടെ മുന്നിൽ തുറന്നു കാട്ടി അവരെ മാറ്റത്തിനുവേണ്ടി പ്രവർത്തിക്കുവാൻ സജ്ജരാക്കുന്ന കലാകാരന്റെ സൌന്ദര്യസങ്കല്പമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നത്.
വൈരൂപ്യത്തെ സഹനീയവും സുന്ദരമെന്ന് നാം കരുതുന്നതിന്റെ തുടർച്ചയുമായി അവതരിപ്പിക്കാനുള്ള കലാകാരന്റെ കടമയെ ക്കുറിച്ച്
‘ഏസ്തറ്റിക് റീയലിസ‘ത്തിന്റെ ഉപജ്ഞാതാവായ ഇലി സീഗൾ (Eli Siegel )പറഞ്ഞിട്ടുണ്ട്.
മലയാള സിനിമകളും ടെലിവിഷൻ പരമ്പരകളും കൊടിയ അനീതിയും അക്രമവും ചിത്രീകരിക്കുന്നതിൽ മറ്റേതൊരു വിഭാഗത്തേക്കാളും മുന്നിലാണ്. എന്നാൽ അവ വിഷയം കൈകാര്യം ചെയ്യുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുന്ന രീതിയിലാണ്.
അനീതിക്കും അക്രമത്തിനും മുന്നിൽ നാം നിസ്സഹായരാണെന്ന സന്ദേശമാണ് അവ പലപ്പോഴും നൽകുന്നത്. അവയുടെ സമീപനം അനീതിക്കെതിരെ പൊരുതാൻ ജനങ്ങളെ സജ്ജരാക്കുന്നതിനു പകരം അതുമായി സമരസപ്പെടാൻ പ്രേരിപ്പിക്കുന്നു. മുരളിയുടെ ചിത്രങ്ങളാകട്ടെ സാമൂഹികമായ അനീതികൾക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ സാമൂഹികമായി വലിയ കുതിപ്പ് നടത്തി ഇന്ത്യയുടെ ഇതര പ്രദേശങ്ങളെ ബഹുദൂരം പിന്നിലാക്കിയ കേരളം ഇപ്പോൾ ജീർണ്ണാവസ്ഥയിലാണെന്ന തിരിച്ചറിവ് വ്യാപകമാണ്.
ചൂഷണത്തിൽ അധിഷ്ടിതമായ ജന്മിത്വ വ്യവസ്ഥ അവസാനിപ്പിച്ച് തങ്ങൾ കേരളത്തെ സമത്വസുന്ദര പ്രദേശമാക്കിയെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ കക്ഷികൾ പോലും ഈ വസ്തുത അംഗീകരിക്കാൻ നിർബന്ധിതരായിരിക്കുന്നു. അതേസമയം നാടിനെ എങ്ങനെ വീണ്ടും പുരോഗമന പാതയിലെത്തിക്കാമെന്നറിയാതെ
നിൽക്കുകയാണ് നമ്മുടെ ഭരണാധികാരികൾ. നഷ്ടപ്പെട്ട ദിശാബോധം വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങേണ്ടത് ചരിത്രത്തിലേക്ക് കണ്ണോടിച്ചു കൊണ്ടാണ്. ഒന്നര നൂറ്റാണ്ടു മുമ്പ് കേരളം അനീതിയുടെ വിളനിലമായിരുന്നു. ഇന്ത്യയിലെ ഇതര പ്രദേശങ്ങളേക്കാൾ ശോചനീയമായിരുന്നു കേരളത്തിന്റെ അവസ്ഥ. അന്നത്തെ ജീർണ്ണാവസ്ഥയിൽ നിന്ന് സമൂഹത്തെ കരകയറ്റിയത് വൈകുണ്ഠ
സ്വാമി,
ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമി, അയ്യൻ കാളി, വക്കം മൌലവി, വി.ടി.
ഭട്ടതിരിപ്പാട് തുടങ്ങിയവരുടെ പ്രവർത്തനങ്ങളാണ്. വൈകുണ്ഠസ്വാമി ദുഷിച്ച വ്യവസ്ഥയുടെ തലപ്പത്തുള്ള രാജാവിനെ മാത്രമല്ല രാജാവിനെ സംരക്ഷിക്കുന്ന ‘വെൺനീചനെ’യും വെല്ലുവിളിച്ചു. ശ്രീനാരായണൻ വിദ്യാഭ്യാസം നേടിയും സംഘടിച്ച് ശക്തി സംഭരിച്ചും സ്വയം മോചിപ്പിക്കാൻ താഴ്ത്തപ്പെട്ടവരെ ഉപദേശിച്ചു. വൈദിക സമൂഹം ജാതിവ്യവസ്ഥയെ നിലനിർത്താൻ ആശ്രയിച്ച വേദങ്ങൾ അതിനെ സാധൂകരിക്കുന്നില്ലെന്ന് ചട്ടമ്പി സ്വാമി ചൂണ്ടിക്കാട്ടി. അയ്യൻ കാളി അനീതിക്കെതിരായ പോരാട്ടത്തിന് പ്രായോഗികതലത്തിൽ ധീരമായ നേതൃത്വം നൽകി. ഇതര സമൂഹങ്ങളിലെ നവീകരണ പ്രക്രിയകളിൽ നിന്ന് പ്രചോദനം നേടിയ വി.ടി.
ഭട്ടതിരിപ്പാട് ജാതിമേധാവിത്വവിഭാഗത്തിനുള്ളിലെ ദുരാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തി.
ഈവിധ പ്രവർത്തനങ്ങളുടെ ഫലമായി ഭ്രാന്താലയമെന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ച കേരളം ഉപഭൂഖണ്ഡത്തിലെ മറ്റ് പ്രദേശങ്ങളെ പിന്തള്ളിക്കൊണ്ട് സാമൂഹികമായി മുന്നേറാൻ തുടങ്ങി.
ക്രൈസ്തവ മിഷനറി പ്രവർത്തനത്തിന്റെയും
സാമൂഹ്യ നവീകരണ പ്രക്രിയയുടെയും തുടർന്ന് രാജഭരണകൂടം എടുത്ത പുരോഗമനപരമായ നടപടികളുടെയും ഫലമായി കേരളം,
പ്രത്യേകിച്ചും തിരുവിതാംകൂർ,
കൊച്ചി നാട്ടുരാജ്യങ്ങൾ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം മുതൽ നടത്തിയ മുന്നേറ്റത്തിന്റെ കഥ അഖിലേന്ത്യാ സെൻസസ് റിപ്പോർട്ടുകളിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. തിരുവിതാംകൂറിലെ ഒരു സെൻസസ് റിപ്പോർട്ട് ശ്രീനാരായണഗുരുവിന്റെ പ്രവർത്തനത്തിന്റെ ഗുണഫലം എടുത്തു പറഞ്ഞിട്ടുണ്ട്.
സാമൂഹ്യ പരിഷ്കരണ പ്രക്രിയ പൂർത്തിയാകും മുമ്പ് ഇന്ത്യ സ്വാതന്ത്ര്യം നേടുകയും രാജ്യത്തിന്റെ ഇതരഭാഗങ്ങൾക്കൊപ്പം കേരളക്കരയിലും ജനാധിപത്യവ്യവസ്ഥ നിലവിൽ വരികയും ചെയ്തു. സ്വാതന്ത്യ സമരത്തിനു നേതൃത്വം നൽകിയ കക്ഷിയെന്ന നിലയിൽ ആദ്യം അധികാരം നേടാനായ കോൺഗ്രസിനെ പിന്തള്ളിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ടു കുതിക്കാനും പത്തു കൊല്ലത്തിനുള്ളിൽ കേരള സംസ്ഥാന്ത്തിൽ അധികാരം നേടാനുമായത് നവോത്ഥാന പ്രസ്ഥാനം ഉയർത്തിയ സമത്വപൂർണ്ണമായ സമൂഹം എന്ന സങ്കല്പം യാഥാർത്ഥ്യമാക്കാൻ കോൺഗ്രസിനേക്കാൾ ആശ്രയിക്കാവുന്ന
കക്ഷി അതാണെന്ന ബഹുജനങ്ങളുടെ വിശ്വാസം മൂലമാണ്.
തുടർന്നുള്ള കാലഘട്ടത്തിൽ കേരളത്തിന് ഭൌതികമായ പല നേട്ടങ്ങളും രേഖപ്പെടുത്താനായെങ്കിലും സാമൂഹ്യതലത്തിൽ തിരിച്ചടി നേരിടേണ്ടിവന്നു. നവോത്ഥാന സ്വാധീനത്തിൽ ദുർബലപ്പെട്ട ജാതിമതവിഭാഗീയത വീണ്ടും ശക്തിപ്രാപിച്ചു. അധികാരം നേടാനും നിലനിർത്താനുമുള്ള തത്രപ്പാടിനിടയിൽ രാഷ്ട്രീയ കക്ഷികൾ സ്ഥിതിസമത്വം എന്ന ആശയം ഉപേക്ഷിക്കുകയും പഴയ മേധാവിത്വശക്തികളെ പ്രീണിപ്പിക്കാൻ മത്സരിച്ചു തുടങ്ങുകയും ചെയ്തു. അതിന്റെ
ഫലമായി നവോത്ഥാന മൂല്യങ്ങൾ നഷ്ടപ്പെട്ടു.
കേരളം വീണ്ടും ഭ്രാന്താലയമാകുന്നതിന്റെ
ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങി.
നവോത്ഥാനമൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതിന്റെ
ആവശ്യകത തിരിച്ചറിയുക മാത്രമല്ല അതിനായി തന്റേതായ രീതിയിൽ പരിശ്രമിക്കുകയും ചെയ്യുന്ന കലാകാരനാണ് മുരളി.
അദ്ദേഹത്തിന്റെ വാക്കും വരയും ചിത്രകലയിലേക്കുള്ള തിരിച്ചുവരവുതന്നെ ആ ലക്ഷ്യം മുൻനിർത്തിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. അതിനായി സ്വീകരിച്ചിട്ടുള്ള പ്രധാന മാർഗ്ഗം വിസ്മൃതിയിലാണ്ടുകൊണ്ടിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ഓർമ്മ പുതുക്കുകയെന്നതാണ്.
അടിസ്ഥാന ജനവിഭാഗങ്ങളുടെ ത്യാഗോജ്ജ്വലമായ സമരചരിത്രത്തിലെ ചില ഏടുകൾ വരച്ചുകാട്ടുന്നതോടൊപ്പം
അവയുടെ പ്രാധാന്യം അദ്ദേഹം ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുകയും ചെയ്യുന്നു. തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾ മാറു മറയ്ക്കാനുള്ള അവകാശത്തിനായി നടത്തിയ പോരാട്ടത്തിന്റെ കഥ അവതരിപ്പിക്കുമ്പോൾ രാജഭരണകൂടം ചില്ലറ ആനുകൂല്യങ്ങൾ നൽകി പ്രശ്നം ഒതുക്കാൻ നടത്തിയ ശ്രമം അദ്ദേഹം വിവരിക്കുന്നു.
ക്രൈസ്തവമതം സ്വീകരിച്ചവർക്ക് വസ്ത്രധാരണത്തിന്റെ കാര്യത്തിൽ സൌജന്യം നൽകി അവരെയും
ബ്രിട്ടീഷ് അധികാരികളെയും തൃപ്തിപ്പെടുത്താമെന്ന
കണക്കുകൂട്ടൽ തെറ്റിപ്പോയി.
ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് സർക്കാർ ഏറ്റ്റെടുത്തപ്പോൾ പുറപ്പെടുവിച്ച വിളംബരത്തിൽ താൻ ജാതിമതഭേദമന്യെ എല്ലാ പ്രജകളെയും ഒരുപോലെയാണ് കാണുന്നതെന്ന് വിക്ടോറിയ ചക്രവർത്തിനി പറഞ്ഞിരുന്നു.
ഇതു ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് റസിഡന്റ് സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി വസ്ത്രധാരണം സംബന്ധിച്ച ഫ്യൂഡൽകാല നിബന്ധനകൾ പൂർണ്ണമായി ഉപേക്ഷിക്കാൻ ഭരണകൂടം നിർബന്ധിതമായെന്നത് ചരിത്രസത്യം.
മൂന്ന് ചിത്രങ്ങളടങ്ങുന്ന നങ്ങേലി പരമ്പരയിലൂടെ ചിത്രകാരൻ
സമീപകാല ചരിത്രത്തിലെ ബോധപൂർവ്വം മറയ്ക്കപ്പെട്ട ഒരദ്ധ്യായം വായനക്കായി തുറന്നു വെക്കുന്നു.
മുലക്കരം, തലക്കരം എന്നിങ്ങനെ അവയവങ്ങളെണ്ണി അവർണ്ണരിൽ നിന്ന് കരം പിരിക്കുന്ന സമ്പ്രദായം ധർമ്മരാജ്യം എന്ന് അവകാശപ്പെട്ടിരുന്ന തിരുവിതാംകൂറിൽ നിലനിന്നിരുന്നു.
അതിനെതിരായ ഉൽക്കടമായ ജനവികാരം പ്രകടമാക്കുന്ന ഒരു സംഭവം ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ നടന്നു.
നങ്ങേലി എന്ന സ്ത്രീ കരം പിരിക്കാൻ വന്ന രാജകിങ്കരന്മാരുടെ മുന്നിൽ തന്റെ മുലകൾ അറുത്തു വെച്ചു.
സംഭവം നടന്ന സ്ഥലം ഇപ്പോൾ മുലച്ചിപ്പറമ്പ് എന്നറിയപ്പെടുന്നു.
അവിടം ഒന്നിലധികം തവണ സന്ദർശിക്കുകയും നങ്ങേലിയുടെ പിന്മുറക്കാരുമായി സംസാരിക്കുകയും ചെയ്ത കലാകാരൻ ആ മഹതി ചിന്തിയ രക്തത്തിനു പകരം വെക്കാൻ നമുക്കാകില്ലെന്ന് പ്രഖ്യാപിക്കുന്നു.
ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള
അഞ്ചാം പുരയിലെ അന്തർജ്ജനം എന്ന ചിത്രം സ്മാർത്തവിചാരം എന്ന ദുരാചാരത്തിലേക്ക് വിരൽ ചൂണ്ടുന്നു.
നമ്പൂതിരി സ്ത്രീയുടെ നവോത്ഥാനപൂർവ്വ അവസ്ഥ പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും.
വൈദികസമൂഹം ഇതരവിഭാഗങ്ങളോട് കാട്ടിയ ക്രൂരത സ്വന്തം സ്ത്രീകളോടും കാട്ടുകയുണ്ടായി. സ്ത്രീകളോടുള്ള അനീതിയായിരുന്നു വി.ടി.
ഭട്ടതിരിപ്പാടിനെ സാമുദായിക നവീകരണത്തിനായി പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്. ആ പരിപാടിക്ക് നമ്പൂതിരി യുവാക്കളുടെ പിന്തുണ നേടാൻ അദ്ദേഹത്തിനായി.
തുടർന്ന്, ജാതിരഹിതസമൂഹം എന്ന നവോത്ഥാന ലക്ഷ്യം സാക്ഷാത്കരിക്കാൻ ജാത്യാതീത കൂട്ടായ്മ കെട്ടിപ്പടുക്കാൻ ശ്രമം തുടങ്ങിയപ്പോൾ ഇ.എം.
എസ്. നമ്പൂതിരിപ്പാടും കൂട്ടരും ഒപ്പം കൂടിയില്ല. “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം“
എന്ന നവോത്ഥന സങ്കല്പത്തിന്റെ അട്ടിമറിയിലെ ആദ്യ പടിയായിരുന്നു അത്. തങ്ങൾ അതിനേക്കാൾ ഉയരത്തിലുള്ള സമത്വസുന്ദരസമൂഹ സങ്കല്പം വാഗ്ദാനം ചെയ്യുന്ന മാർക്സിസത്തിന്റെ പാത സ്വീകരിച്ചെന്നാണ് നമ്പൂതിരിപ്പാട് പിന്നീട് നൽകിയ വിശദീകരണം. ആ പാതയിലൂടെയുള്ള യാത്ര അസമത്വം അവസാനിക്കുന്നതിനു മുമ്പ് അവസാനിച്ചു. ദലിത്–ആദിവാസി-പിന്നാക്ക വിഭാഗങ്ങൾക്ക് ഇത് തിരിച്ചറിയാനായത് അടുത്ത കാലത്തു മാത്രമാണ്.
ഫ്യൂഡൽകാല ജാതിമത അസമത്വത്തിന്റെ ഉറവിടം തേടിയുള്ള യാത്ര മുരളിയെ ചരിത്രത്തിന്റെ ഇരുട്ടറകളിലേക്കാണ് നയിച്ചത്. ദൈവങ്ങളെ ഉപയോഗിച്ച് മനുഷ്യത്വവിരുദ്ധമായ ജാതീയ അടിമത്വത്തെ മഹത്വവത്കരിച്ചതെങ്ങനെയെന്ന്
അദ്ദേഹം ചിത്രങ്ങളിലൂടെ കലാസ്വാദകർക്ക് കാട്ടിക്കൊടുക്കുന്നു.
ഒപ്പം ബൌദ്ധ-ജൈന പാരമ്പര്യം സംബന്ധിച്ച ചരിത്രവസ്തുതകൾ മറച്ചുപിടിച്ചും മിത്തുകൾ സൃഷ്ടിച്ചും ജീർണ്ണത വളർത്തിയും വൈദിക സമൂഹം നടത്തിയ അധിനിവേശത്തിന്റെ കഥ അമർഷവും പരിഹാസവും കലർന്ന ഭാഷയിൽ പറയുകയും ചെയ്യുന്നു. അനീതി ഏതെങ്കിലും ഒരു കാലഘട്ടത്തിന്റെയൊ ഒരു പ്രത്യേക ജനവിഭാഗത്തിന്റെയൊ പ്രശ്നമല്ല. ഇതിൽ ചേർത്തിട്ടുള്ള അഭയ മോക്ഷം എന്ന ചിത്രം ഒരു സമീപകാല അനീതിയുടെ
-- കോൺവെന്റിൽ കൊന്നു കിണറ്റിലെറിയപ്പെട്ട സിസ്റ്റർ അഭയയുടെ കൊലപാതകത്തിന്റെ -- ഓർമ്മപ്പെടുത്തലാണ്.
ചിത്രത്തിന്റെ പേർ അദ്ദേഹം സാധൂകരിക്കുന്നത് ഇങ്ങനെ: “സവർണ്ണമതാചാരപ്രകാരം പുരോഹിതരൊ പുരോഹിതർക്കു വേണ്ടിയൊ കൊലപാതകം നടത്തുന്നത് ലോകപരിപാലനത്തിനുള്ള ധാർമ്മിക പ്രവർത്തിയായതിനാൽ…ഒരു അനുഗ്രഹമായും ഭാഗ്യമായും കരുതി ‘മോക്ഷം’
എന്നാണ് വിശേഷിപ്പിക്കാറുള്ളത്.“
താജ്മഹലിനെ സംബന്ധിച്ച് കുട്ടിക്കാലത്ത് കേട്ട ഒരു കഥ നൽകിയ വേദന 38 വർഷങ്ങൾക്കുശേഷം ഒരു പടം വരയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അത്ര സുന്ദരമായ മറ്റൊരു ശില്പം ഉണ്ടാക്കില്ലെന്ന് ഉറപ്പുവരുത്താനായി ഷാജഹാൻ ശില്പിയായ ഉസ്താദ് അഹമ്മദ് ലാഹോറിയുടെ കൈകൾ വേട്ടാൻ ആജ്ഞാപിച്ചു എന്ന കഥയാണ് വ്യഥയായി അദ്ദേഹം ദീർഘകാലം മനസിൽ കൊണ്ടു നടന്നത്. ഇരുപതിനായിരം മനുഷ്യർ 22 കൊല്ലം കഠിനാദ്ധ്വാനം ചെയ്ത് നിർമ്മിച്ച മഹാത്ഭുതമാണ് താജ്മഹൽ എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ചിത്രകാരൻ മുരളി ഒരു ചോദ്യം നമുക്കു നേരെ തൊടുത്തുവിടുന്നു: അധികാരത്തിന്റെയും സ്വാർത്ഥതയുടെയും ക്രൂരതയുടെയും മൂർത്തീകരണമായ ഷാജഹാന്റെയും മൂന്നാമത്തെ ഭാര്യയായ മുംതാസിന്റെയും തീവ്ര പ്രേമത്തിന്റെ പൊള്ളക്കഥകൾ അയവിറക്കുന്നവർക്ക് അദ്ധ്വാനത്തിന്റെ മഹത്വം ഉൾക്കൊള്ളാനാകുമോ?
അനീതി തടയുവാൻ നമുക്ക് കഴിഞ്ഞെന്നുവരില്ല. എന്നാൽ അതിനെതിരെ നമുക്കാകുന്ന വിധത്തിൽ പ്രതികരിക്കാനുള്ള കടമ നമുക്കുണ്ട്.
ആ കടമ നിർവഹിക്കാൻ ശ്രമിക്കുന്ന കലാകാരനാണ് ചിത്രകാരൻ മുരളി.
No comments:
Post a Comment