Followers

Wednesday, July 29, 2015

ഗണപതി ഒരു രക്തസാക്ഷി !!

 ഗണപതി എന്ന ദൈവ സംങ്കല്‍പ്പത്തിന്‍റെ അസാധാരണമായ ഘടനാവിശേഷത്തെ സാമൂഹ്യ ചരിത്രപശ്ചാത്തലത്തില്‍ പഠിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമാണ് ഈ ചിത്രം.
My painting, 'Ganapathi, new version - 2015' completed on 27th July 2015.
Medium: Acrylic on canvas. Size: 61 cm x 91 cm.

അറിവിന്‍റെയും ശാസ്ത്രത്തിന്റെയും  രക്ഷാധികാരിയും, വിജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ദൈവവുമായി ഗണിക്കപ്പെട്ടിരുന്ന ഗണപതി ആനത്തലയുള്ള ഒരു വിചിത്ര രൂപിയാണ്. ഗണപതി, ഗണേശന്‍, വിഘ്നേശ്വരന്‍, വിനായകന്‍,.. എന്നീ പേരുകളില്‍ അറിയപ്പെടുന്ന സവര്‍ണ്ണ ഹിന്ദു മതത്തിലെ അനേകം ദൈവ സംങ്കല്‍പ്പങ്ങളില്‍ ഒന്നു മാത്രമാണ് ആന തലയും മനുഷ്യ ശരീരവുമുള്ള ഈ ദൈവം ! ഏതാണ്ട് നാലാം നൂറ്റാണ്ടില്‍ ജീര്‍ണ്ണിച്ചു തുടങ്ങിയ  താന്ത്രിക ബുദ്ധമതത്തിന്റെ തൊട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന ഗണപതിയെ ഹിന്ദുമതം എടുത്തു വളര്‍ത്തിയതാണെന്നും പറയാം.
 ഉടല്‍ നഷ്ടപ്പെട്ട ഒരു ആനയുടെ തലയും, ശിരസ്സ് നഷ്ടപ്പെട്ട ഒരു മനുഷ്യശരീരവും കൂട്ടിയോജിപ്പിച്ച്  ഉണ്ടാക്കിയതാണ്ഗണപതി സംങ്കല്‍പ്പത്തിന്‍റെതായി ഇന്ന്‍ ആരാധിക്കപ്പെടുന്ന രൂപം.

എന്നാല്‍, ഈ ചിത്രത്തിലൂടെ ചിത്രകാരന്‍ അന്വേഷിക്കുന്നത് ഗണപതിയുടെ നിര്‍മ്മാണഘട്ടത്തില്‍ ഉപേക്ഷിച്ച് കളഞ്ഞ ബാക്കി ഭാഗങ്ങളായ ശരീരം നഷ്ടപ്പെട്ട 'മനുഷ്യ ശിരസും' തല നഷ്ടപ്പെട്ട 'ആനയുടെ ശരീരവുമാണ്'. ഈ അന്വേഷണത്തിനുള്ള ഉത്തരം ബ്രാഹ്മണ പൌരോഹിത്യം പ്രചരിപ്പിച്ച ബാലിശമായ കെട്ടുകഥകളായ പുരാണേതിഹാസങ്ങളില്‍ മാത്രം തിരഞ്ഞാല്‍ ലഭിക്കുന്നതല്ല. സാമൂഹ്യചരിത്രത്തിലും, ഭാഷയിലും, യുക്തിബോധത്തിലും വെട്ടിമാറ്റപ്പെട്ട ഗണപതിയുടെ ശരീരഭാഗങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്.

 ഗണേശന്‍, ഗണപതി, എന്നീ പേരുകളിലുള്ള സംഘ ബലമായ  'ഗണ'ത്തെയും , വിഘ്നേശ്വരനിലെ തടസ്സങ്ങളുണ്ടാക്കുന്ന എന്നര്‍ത്ഥമുള്ള 'വിഘ്ന'ത്തിലും ചരിത്രം ഉറഞ്ഞു ഘനീഭവിച്ച നിലയില്‍ ഗണപതിയുടെ അറ്റുപോയ ശരീരത്തിന്റെ ചോരപ്പാടുകള്‍ കാണാവുന്നതാണ്. ബ്രാഹ്മണ ചാതുര്‍വര്‍ണ്യ-ജാതീയ മതത്തിന് ഗണപതി നിരന്തരം വിഘ്നങ്ങളുണ്ടാക്കുന്ന ഒരു ശല്യക്കാരനായിരുന്നു എന്ന്‍ വിഘ്നേശ്വരന്‍ എന്ന പേരിലൂടെ സിദ്ധിക്കുന്നുണ്ട്. അതുപോലെ ഗണേശനും ഗണപതിയും അര്‍ഥമാക്കുന്നത് ബ്രാഹ്മണരെ ഭയപ്പെടുത്തിയിരുന്ന ഒരു ആയോധന സംഘബലം, അഥവ സൈനിക ശക്തി ഗണപതിയുടെ പിന്നില്‍ ജാഗ്രതയായുണ്ടായിരുന്നു എന്നാണ്.
സവര്‍ണ്ണ മതം ക്ഷത്രിയരെന്നു വിശേഷിപ്പിച്ചിരുന്നത് ബൌദ്ധരെയാണ് എന്നതും, ഗണപതിയുടെ താന്ത്രിക ബുദ്ധമത പാരമ്പര്യവും  ഗണപതിയെ ബ്രാഹ്മണരുടെ  കണ്ണിലെ കരടാക്കുന്നുണ്ട്.

ക്രിസ്തു വര്‍ഷം 4, 5 നൂറ്റാണ്ടുകളില്‍ രൂപംകൊള്ളുന്ന ഗണപതി സംങ്കല്‍പ്പം ഹിന്ദുമതത്തിലും താന്ത്രിക ബുദ്ധമതത്തിലും വേരൂന്നിയാണ് വളരുന്നത്. അക്ഷരങ്ങളുടെയും, അറിവിന്‍റെയും പ്രതീകമായാണ് ഗണപതി വിശേഷിപ്പിക്കപ്പെട്ടിരുന്നത് എന്നതുതന്നെ ബുദ്ധമതവുമായുള്ള ഗണപതി എന്ന  മിത്തിന്റെ ആത്മബന്ധം വ്യക്തമാക്കുന്നു. അറിവിന്റെ കുത്തകവല്‍ക്കരണം ലക്ഷ്യംവച്ചിരുന്ന  ബ്രാഹ്മണ ജാതീയ-സവര്‍ണ്ണ സാമൂഹ്യവ്യവസ്ഥ രൂപപ്പെടുന്ന ഗുപ്തസാമ്രാജ്യത്തിന്‍റെ അവസാന കാലത്താണ് ഗണപതിയും ആവിര്‍ഭവിക്കുന്നത്. അക്കാലത്ത്  ബ്രാഹ്മണര്‍ ബൌദ്ധരില്‍ നിന്നുതന്നെയാണ് എതിര്‍പ്പ് നേരിട്ടിരുന്നത്. ഗുപ്തഭരണകാലത്ത് ( 320 to 550 CE ) ചാതുര്‍വര്‍ണ്യബ്രാഹ്മണ പുരോഹിതര്‍ക്ക് മേല്‍ക്കോയ്മയുള്ള സുവര്‍ണ്ണ കാലം അവസാനിച്ചതിലുള്ള നഷ്ട ബോധത്തില്‍നിന്നുമാണ് നാളന്ത, തക്ഷശില,... തുടങ്ങിയ ബൌദ്ധ സര്‍വ്വകലാശാലകളില്‍ നുഴഞ്ഞുകയറിയ മന്ത്രവാദികളായ പണ്ഡിതന്‍മാരുടെ കൂട്ടായ്മയായ ബ്രാഹ്മണ്യം സംഘടിതരായി ബൌദ്ധ വിരോധികളായി   ശക്തിയാര്‍ജ്ജിക്കുന്നത്.

യാഗ-യജ്ഞങ്ങള്‍, മന്ത്രവാദം, ചാതുര്‍വര്‍ണ്യ/ജാതീയ സാമൂഹ്യ വിഭജനവാദം, ബ്രാഹ്മണ മേല്‍ക്കോയ്മ എന്നിവയ്ക്ക് വഴങ്ങാത്ത ബൌദ്ധ രാജാക്കന്മാരെയും രാജഗുരുക്കന്മാരായ ബൌദ്ധ ഭട്ടന്മാരെയും അസുരന്മാരും, രാക്ഷസന്മാരും, അഹങ്കരികളുമായി വ്യാഖ്യാനിച്ച് കൊന്നൊടുക്കാനുള്ള കെണികള്‍ പുരാണേതിഹാസങ്ങളായി രൂപപ്പെടുന്നത് അക്കാലത്താണ്. അത്തരം ഒരു ബൌദ്ധ-ബ്രാഹ്മണ സംഘര്‍ഷത്തിനു ശേഷമുള്ള ജനങ്ങളെ അനുനയിപ്പിക്കാനുള്ള തന്ത്രമായിവേണം ഗണപതിയുടെ മിത്ത് രൂപപ്പെടുത്തിയ സാഹചര്യത്തെ കാണേണ്ടത്.

ആന ബൌദ്ധരെ സംബന്ധിച്ച് പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രതീകമാണ്. ജന സമൂഹത്തിന്‍റെ ശക്തിയെതന്നെ ആന പ്രതിനിധീകരിക്കുന്നുണ്ട്. ശാരീരിക പ്രയത്നം ഏറെ ആവശ്യമായ കാര്യങ്ങളെല്ലാം ആന/ജനം തന്നെ ചെയ്യണം. എന്നാല്‍, അത് ബുദ്ധിപരമായി അത്ര അദ്ധ്വാനിക്കാത്ത ആള്‍ക്കൂട്ടമാണ് താനും. ആനയെ/ജനത്തെ പ്രചോദിപ്പിക്കുന്ന പൊതുബോധം അന്ന്‍ നിയന്ത്രിക്കുന്നത് ബൌദ്ധ ധാര്‍മ്മികതയാണ്. അജയ്യമായ ബൌദ്ധ ജനകീയ ധാര്‍മ്മിക ശക്തിയെ തെറ്റിദ്ധരിപ്പിച്ച്ചുകൊണ്ട് അതേ ശക്തികൊണ്ടുതന്നെ മറികടക്കാനുള്ള വിഘ്ന നിവാരണ വിദ്യയാണ് ഗണപതി രൂപത്തില്‍ പ്രതീകാത്മകമായി സന്നിവേശിപ്പിച്ചിരിക്കുന്നത്.

ബുദ്ധിശൂന്യമായ ആനയുടെ തലയും, ശാരീരിക അദ്ധ്വാനം കൊണ്ട് ശക്തിപ്പെടുത്താത്ത ബൌദ്ധ ഭട്ടന്‍റെ /പണ്ഡിതന്‍റെ ഉടലും കൂട്ടിയോജിപ്പിക്കുന്നതിലൂടെ ബൌദ്ധ സമൂഹത്തിന്‍റെ, വിജ്ഞാനാഭിമുഖ്യത്തെയും,  ചിന്താശേഷിയേയും, പ്രതിരോധ മനോഭാവത്തെയും ഇല്ലാതാക്കി, ജീവനറ്റ വിഗ്രഹാവസ്ഥയില്‍ പ്രതിഷ്ടിക്കുന്ന തന്ത്രമാണ് ഗണപതി എന്ന മിത്തിനെ നിര്‍മ്മിക്കുന്നതിലൂടെ  പൌരോഹിത്യം നടപ്പിലാക്കിയത് . ബൌദ്ധരിലെ അറിവുള്ള നേതൃത്വത്തെ നശിപ്പിക്കുമ്പോള്‍ സമൂഹം അറിവിനായി ആശ്രയിക്കുക സ്വാഭാവികമായും ബ്രാഹ്മണ പണ്ഡിതരെയായിരിക്കും. ഈ സാഹചര്യത്തില്‍ ബ്രാഹ്മണ മേധാവിത്വത്തിന്‍റെ സ്ഥാപനം അനായാസമാകുന്നു. അതിനുള്ള ബ്രാഹ്മണ പൌരോഹിത്യം കണ്ടെത്തിയ പൊടിക്കയ്യാണ് വിഘ്നേശ്വരന്‍.

ഗണപതി സങ്കല്‍പ്പത്തിന്‍റെ നിര്‍മ്മാണത്തില്‍ വെട്ടി ഒഴിവാക്കപ്പെട്ടത് ആനയുടെ ശക്തിയുടെയും അഭിമാനത്തിന്‍റെയും പ്രതീകമായ ഭീമന്‍ ശരീരമാണ്. ഇന്ത്യന്‍ ജനതയുടെ സമത്വബോധത്തോടെയുള്ള ജാതിരഹിത ആത്മാഭിമാനമാണ്. അതുപോലെ, ഗണപതി സങ്കല്‍പ്പത്തിനു നഷ്ട്ടപ്പെട്ടത് മനുഷ്യ വിജ്ഞാനത്തിന്‍റെ ധര്‍മ്മത്തില്‍ അധിഷ്ഠിതമായ പണ്ഡിത ശിരസ്സാണ്. ജനങ്ങളെ അറിവില്ലാത്തവരും, ധാര്‍മ്മികത ഇല്ലാത്തവരുമാക്കുന്നതിലൂടെ അതിന്യൂന സമൂഹമായിരുന്ന ബ്രാഹ്മണ മന്ത്രവാദികള്‍ക്ക് ഇഷ്ടാനുസരണം സമൂഹത്തില്‍ തങ്ങളുടെ ജാതീയ ചൂഷണ വ്യവസ്ഥിതി അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിരോധത്തെ ഭയക്കാതെ മുന്നോട്ടുപോകാന്‍ വിഘ്നേശ്വരനെ ഉപയോഗിക്കാനായി.

സ്വന്തം രാഷ്ട്രീയശേഷി നഷ്ടപ്പെട്ട ജനത്തെ അവരുടെതന്നെ പ്രിയംങ്കരനായ ബൌദ്ധ അംശമുള്ള, ഗണപതിയെത്തന്നെ പുതു പണ്ഡിതരായ ബ്രാഹ്മണരുടെ  കാര്‍മ്മികത്വത്തില്‍ ആരാധിക്കാം എന്നുള്ള അനുനയിപ്പിക്കല്‍ തന്ത്രത്തിലൂടെ ഭക്തിയെ സാമൂഹ്യ അടിമത്വമാക്കി വളര്‍ത്താനും ബ്രാഹ്മണര്‍ക്ക് കഴിഞ്ഞു. അതായത് പ്രതീകാത്മകമായ ബുദ്ധമത ഗളഛെദം തന്നെയാണ് ഗണപതി സങ്കല്‍പ്പത്തിന്‍റെ ആധാരം.!

 ബ്രാഹ്മണ പൌരോഹിത്യം അവതരിപ്പിച്ച മറ്റ് സവര്‍ണ്ണ ദൈവ സംങ്കല്‍പ്പങ്ങളെ എല്ലാം ആരാധിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് വിഘ്നേശ്വര പൂജ ബ്രാഹ്മണ്യം വ്യവസ്ഥപ്പെടുത്തി. അതിനാല്‍ ബുദ്ധമത വിശ്വാസികളിലെ വെണ്ണപ്പാളികളില്‍ പ്രതിഷേധമാവശേഷിക്കുന്നവര്‍ക്ക് കൂടി ആശ്വാസം ലഭിക്കുന്ന പ്രത്യേക അവകാശമായിമാറി  ഗണപതി പൂജ. എല്ലാ സത്കര്‍മ്മങ്ങളുടെയും തുടക്കമായി ബ്രാഹ്മണ സാന്നിദ്ധ്യം ഉറപ്പാക്കുന്ന ചടങ്ങായി ഗണപതിപൂജ വര്‍ത്തമാന കാലത്തും ഒരു പ്രേത ബാധപോലെ സമൂഹത്തില്‍ നിലനില്‍ക്കുന്നു.

എലി വാഹനന്‍ 

ഗണപതിയുടെ ഔദ്ദ്യോഗിക വാഹനം ഒരു ക്ഷുദ്രജീവിയായ എലിയാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ബുദ്ധിശൂന്യനായ ആനത്തലയനും, തീറ്റപ്രിയനുമായ വൃകോദര ദൈവ സംങ്കല്‍പ്പം വളരെ ചെറിയ ഒരു എലിയുടെ പുറത്തുകയറി സഞ്ചരിക്കുമെന്ന കോമാളി സംങ്കല്‍പ്പത്തിനു പിന്നില്‍ ബ്രാഹ്മണ പൌരോഹിത്യം വംശീയമായി ഗണപതിയോട് മനസ്സില്‍ സൂക്ഷിച്ച അവജ്ഞയും, ശത്രുത്വവും, പ്രതികാരവും പ്രകടമാക്കുന്നുണ്ട്.
ക്ഷത്രിയകുലാന്തകനായ വിഷ്ണുവിന്റെ അവതാരം, പരശുരാമന്‍ ഗണപതിയോട് ഏറ്റുമുട്ടുന്ന പുരാണവും പൌരോഹിത്യ പ്രതികാരത്തിന്‍റെ ഉദാഹരണമായി  ഇവിടെ കൂട്ടിവായിക്കാം.
ചുരുക്കത്തില്‍ ഗണപതി ഒരു രക്തസാക്ഷിയാണ്. ബ്രാഹ്മണ പൌരോഹിത്യം സമൂഹത്തെ കീഴടക്കാന്‍ ഉപയോഗിച്ച തന്ത്രത്തിലെ ഇരയായ താന്ത്രിക  ബൌദ്ധ ദൈവ സംങ്കല്‍പ്പം.
.....................................................................................................................

ഗണപതിയും വിദ്യാരംഭവും , നാനം,മോനം ...

ഇന്നും വിദ്യാരംഭം നടത്തുന്നത് ഗണപതിയെ സ്തുതിച്ചു കൊണ്ടാണല്ലോ. ബ്രാഹ്മണര്‍ വിദ്യയുടെ വ്യാപനത്തെ തടഞ്ഞ 'മനുസ്മൃതി'യുടെ വക്താക്കളാണ്. ഇന്ത്യയില്‍ അക്ഷരവിദ്യ ജനങ്ങള്‍ക്കിടയില്‍ എത്തുന്നത് ബുദ്ധ ജൈന മതങ്ങളുടെ ഭട്ട-പണ്ഡിതരിലൂടെയാണ്. ബ്രാഹ്മണര്‍ ബ്രാഹ്മണരെയല്ലാതെ മറ്റു അന്യ സമുദായക്കാരെ വിദ്യ അഭ്യസിപ്പിക്കുന്നത് പ്രായോഗിക തലത്തില്‍ മനു നിയമങ്ങളാല്‍ അസാദ്ധ്യമായ കാര്യമാണ്. കേരളത്തില്‍ തന്നെ ബ്രിട്ടീഷ് ഭരണത്തിന്‍റെ വിദ്ധ്യാഭ്യാസം എല്ലാ ജാതി മതസ്ഥര്‍ക്കും ലഭിച്ചു തുടങ്ങിയപ്പോഴാണ് 'ഹരിശ്രീ ഗണപതായെ' എന്ന്  വിദ്യാരംഭ ചടങ്ങുകളില്‍ ആദ്യാക്ഷരം പഠിപ്പിക്കാന്‍ ഉപയോഗിച്ചു തുടങ്ങിയത്. അതുവരെ ബുദ്ധനെ നമിക്കുന്നു എന്നര്‍ത്ഥമുള്ള "നാനോം മോനോം' അക്ഷരങ്ങളുരുവിട്ടുകൊണ്ടായിരുന്നു നമ്മുടെ വിദ്യാരംഭം. 
 
"നാനം,മോനം,അത്തനം,തുവനം,ചിനം,ഇന്നനം,താനം,ഉമ്മനം" എന്ന വര്‍ണ്ണമാലയിലെ ആദ്യാക്ഷരങ്ങള്‍ എഴുതിക്കൊണ്ടുതന്നെയാണ് ഈഴവ-വിശ്വകര്‍മ്മ-നമ്പൂതിരി-എഴുത്തച്ഛന്‍ തുടങ്ങിയ അക്ഷരാഭ്യാസമുള്ള  വിഭാഗങ്ങളടങ്ങുന്ന മലയാളികള്‍ വിദ്യാരംഭം നടത്തിയിരുന്നത്. കൂട്ടിവായിച്ചാല്‍ "നമോത്തുചിനതമ്" എന്ന പാലി വാക്യമാണ് ആ അക്ഷരമാലക്രമത്തില്‍ ഉണ്ടായിരുന്നത്. ബുദ്ധനെ നമിക്കുന്നു എന്നര്‍ത്ഥം. ആ സംസ്കൃത പാഠ പുസ്തകങ്ങളിലെ ആദ്യ പാഠം ബുദ്ധന്റെ പ്രതിരൂപമായ ബോധി വൃക്ഷത്തെ (അരയാല്‍) ക്കുറിച്ചായിരുന്നു. വൃക്ഷ:-വൃക്ഷൌ-വൃക്ഷാ: എന്നായിരുന്നു ഒന്നാം പാ‍ഠം. അതു പിന്നീട് വൈഷ്ണവവല്‍ക്കരിച്ച് രാമ:-രാമൌ-രാമാ എന്നാക്കി മാറ്റുകയുണ്ടായി.

Monday, July 20, 2015

താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം 1905


ചിത്രകാരന്‍റെ പുതിയ പെയിന്റിങ്ങ് , 'താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം 1905'  ഈ ജുലൈ 19 നു പൂര്‍ത്തിയായിരിക്കുന്നു.
My new painting "Thathrikutty's smarthavicharam-1905'', completed on I9th July 2015. Medium : Acylic on Canvas board. size: 57 cm x 89 cm.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും പഴഞ്ചൻ വിശ്വാസങ്ങളുടെ ഇരുട്ടറയിൽ സ്വയം തളച്ചിട്ട് വർത്തമാന കാലത്തിനു പുറം തിരിഞ്ഞിരുന്ന കേരളത്തിലെ നമ്പൂതിരി സമുദായത്തെ നവോത്ഥാന ആശയങ്ങളിലേക്ക് ഞെട്ടിയുണർത്തിയ ധീര വനിതയായി കുറിയേടത്തു താത്രിക്കുട്ടിയെ രേഖപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സാംസ്ക്കാരികതയെ സത്യസന്ധമാക്കാനുള്ള ഒരു എളിയ പ്രവര്‍ത്തനമായി ഈ ചിത്രത്തെ കാണാന്‍ അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തെ 1200 വർഷം നീണ്ടുനിന്ന ഭ്രാന്താലയ സമാനമായ ജീർണ്ണ-ജാതീയ  സമൂഹമാക്കുന്നതിന്റെ കാർമ്മികത്വം വഹിച്ച നമ്പൂതിരി സമൂഹം സ്വാതന്ത്ര്യലബ്ധിയുടെ തൊട്ടു മുമ്പു വരെ അവർ സ്വയം നിര്‍മ്മിച്ച മേധാവിത്വ നാശത്തിന്റെ പടുകുഴിയിൽ തന്നെയായിരുന്നു.

ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ തങ്ങളുടെ തകർന്നടിഞ്ഞ മേധാവിത്വ ബോധത്തിന്റെ വിഴുപ്പു ഭാണ്ഡങ്ങൾക്കടിയിൽ കിടന്ന് ആചാരങ്ങളുടെ കണക്കൊപ്പിക്കാൻ പാടുപെടുകയായിരുന്നു ഈ പഴയ കാല ഭൂദേവന്മാർ.
ബ്രാഹ്മണരുടെ സവര്‍ണ്ണ ജാതീയ ഹിന്ദുമതം നൂറ്റാണ്ടുകളായി അടിമകളാക്കി ചവിട്ടിമെതിക്കപ്പെട്ട കേരളത്തിന്‍റെ അടിസ്ഥാന ജനവിഭാഗം പോലും ബ്രിട്ടീഷുകാര്‍ നല്‍കിയ അക്ഷര വെളിച്ചത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഉള്‍ക്കരുത്തോടെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സാധുജനപരിപാലന സംഘം സ്ഥാപിക്കുന്ന 1905 ലാണ് നമ്പൂതിരി സമുദായത്തിലെ താത്രിക്കുട്ടി എന്നാ ഒരു സ്ത്രീ അടുക്കള ദോഷം എന്ന ചാരിത്ര്യ കുറ്റം ആരോപിക്കപ്പെട്ട് സമുദായത്തിന്‍റെ ചട്ടപ്പടി വിചാരണക്ക് വിധേയയാകുന്നതും 64 പുരുഷന്മാരെയും താത്രിക്കുട്ടിയെയും ഭ്രഷ്ട് കല്‍പ്പിച്ചു സമുദായത്തില്‍ നിന്നും പുറത്താക്കുന്നതും. ഒരു അന്തര്‍ജ്ജനം ശൂദ്ര (നായര്‍), അമ്പലവാസി സ്ത്രീകള്‍ക്ക് മാത്രം വിധിച്ചിട്ടുള്ള അച്ചി ചരിത നായികയെപ്പോലെയോ സന്ദേശകാവ്യ മാദക തിടംബുകളായോ പരിണമിക്കുന്നത് പുരുഷാധിപത്യത്തിന്‍റെ കോട്ടയായിരുന്ന ബ്രാഹ്മണ സമുദായത്തിന് താങ്ങാനാകാത്ത സ്ത്രീശരീരത്തിന്‍റെ  വിസ്ഫോടനമാണ്.


കഠിനമായ സദാചാര സമുദായ നിയമങ്ങളാൽ വരിഞ്ഞു കെട്ടി, അടുക്കളകളിലും മറക്കുടക്കുള്ളിലുമായി അടിമ ജീവിതം നയിക്കാൻ വിധിക്കപ്പെട്ടിരുന്ന നമ്പൂതിരി സ്ത്രീകൾക്കിടയിൽ നിന്നും മലയാള സാഹിത്യത്തിൽ പഴയ കാലത്ത് സുലഭമായിരുന്ന ഒരു സന്ദേശ കാവ്യ നായികയോ അല്ലെങ്കിൽ ഒരു ചെറുകിട ശരീര വിൽപ്പനക്കാരിയോ ഒരു താത്രിക്കുട്ടിയോ  1100 വർഷത്തിനിടക്ക് എന്തു കൊണ്ടു പിറന്നില്ല ? അതിന്റെ കാരണം നമ്പൂതിരിമാർ സദാചാര വിഷയത്തിൽ പുലർത്തിയിരുന്ന ഇരട്ടതാപ്പിലേക്ക് വിരൽചൂണ്ടുന്നു.

സവർണ്ണ ഹിന്ദു മതത്തിൽ കേരളത്തിൽ ഭൂദേവന്മാരായ നമ്പൂതിരിമാരും, ഭൃത്യരായ നായന്മാരും, ഈ രണ്ടു സമുദായങ്ങളുടെ മിശ്ര വർഗ്ഗമായ അമ്പലവാസികളും  മാത്രമേ ഉൾപ്പെടുന്നുള്ളു.(ഈ മൂന്നു വിഭാഗത്തിലും പെടാത്ത അവര്‍ണ്ണ ഹിന്ദുക്കള്‍ എന്ന ഭൂരിപക്ഷ ഹിന്ദു സമുദായങ്ങള്‍ ബുദ്ധ-ജൈന പാരമ്പര്യം കാരണം ക്ഷേത്ര പ്രവേശന സ്വാതന്ത്ര്യമോ വഴിനടക്കാനുള്ള അവകാശമോ ഇല്ലാതെ 1936 ലെ ക്ഷേത്ര പ്രവേശന വിളംബരം വരെ പൊതു സമൂഹത്തിനു പുറത്തു നില്‍ക്കേണ്ടി വന്നു എന്നചരിത്ര വസ്തുത ഓര്‍ക്കുക).    നായർ സമുദായത്തെയും അമ്പലവാസികളെയും ഭക്തിയുടെഭാഗയാണെന്ന വ്യാഖ്യാനത്തോടെ  തേവിടിച്ചി, പൊലിയാടിച്ചി, എന്നീങ്ങനെയുള്ള കുലീന വേശ്യ വൃത്തിയുടെ (സംബന്ധ വേഴ്ച) വിളനിലങ്ങളായി ബ്രാഹ്മണർ ചവിട്ടിത്തേച്ചു രസിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് തങ്ങളുടെ സ്വന്തം സ്ത്രീകളെ അന്തർജ്ജനങ്ങളും പാതിവൃത്യത്തിന്റെ പര്യായങ്ങളായ ശീലവതികളായും അടിച്ചമർത്തിയും, ചാരിത്ര്യ സംശയങ്ങളുടെ പേരിൽ (അടുക്കള ദോഷം) സ്മാർത്തവിചാരം എന്ന സമുദായ വിചാരണയക്കും, തുടർന്നുള്ള ഏകാന്ത തടവിനും, പടിയടച്ചു പിണ്ഡം വക്കുക എന്ന സമുദായ ഭ്രഷ്ട്ടിനും വിധേയയാക്കിയിരുന്നത്. മനുഷ്യ മനസ്സാക്ഷിക്കു നിരക്കാത്ത ഇരുതല മൂർച്ചയുള്ള ഈ കൊടിയ സ്ത്രീ ചൂഷണ വ്യവസ്ഥിതിയെയാണ് കുറിയേടത്തു താത്രി തന്റെ സ്ത്രീശരീരം കൊണ്ട് തകർത്തു കളഞ്ഞത്.

അന്യ പുരുഷന്മാരെ കാണാനുള്ള സാദ്ധ്യത കണിശമായി ഇല്ലാതാക്കിയും, അടുക്കളയിൽ തളച്ചിട്ടും, പുറത്തിറങ്ങുമ്പോൾ ശവപ്പെട്ടി പോലുള്ള മറക്കുടകളിൽ ഒളിച്ചും, വിചിത്രമായ രീതിയിൽ അടിമ ജീവിതം ജീവിച്ചു തീർത്തിരുന്ന നമ്പൂതിരി സ്ത്രീകൾ മറ്റാരേക്കാളും കേരളത്തിൽ ബ്രാഹ്മണ പൗരോഹിത്യത്താൽ ഏറ്റവും കൂടുതൽ ക്രൂരമായി പീഢിപ്പിക്കപ്പെട്ടിരുന്നു.

കൊട്ടാരങ്ങളിലും, കോവിലകങ്ങളിലും, ക്ഷേത്രങ്ങളിലും, നായർ തറവാടുകളിലുമായി സ്നേഹം പൊഴിച്ചു കൊണ്ടു പ്രേമ പരവശരായി തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന അഫ്ഫന്‍ നമ്പൂതിരിമാരെ നമ്മുടെ പഴയ കാല മണിപ്രവാള കൃതികളായ അച്ചി ചരിതങ്ങളിലും സന്ദേശ കാവ്യങ്ങളിലും സുലഭമായി കാണാവുന്നതാണ്. എന്നാൽ, നമ്പൂതിരി സമുദായത്തിലെ പുരുഷ പ്രജകൾക്കു മാത്രം ലഭ്യമായ ഈ ലൈംഗീക അഴിഞ്ഞാട്ട സ്വാതന്ത്ര്കാലത്ത് സ്ത്രീകള്‍ക്ക്  സ്വന്തം വീട്ടിനുള്ളില്‍ പോലും സ്വതന്ത്രമായി നടക്കാനവകാശമുണ്ടായിരുന്നില്ല.  നമ്പൂതിരി സ്ത്രീകൾക്ക് മനുഷ്യരാണെന്ന പരിഗണന പോലും തങ്ങളുടെ പുരുഷന്മാരില്‍ നിന്നും  അക്കാലത്ത് ലഭ്യമായിരുന്നില്ല. ബ്രട്ടീഷ് ഭരണത്തിനു കീഴിലെ അവസാന ഘട്ടത്തിലെങ്കിലും നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ മനസ്സിലേക്ക് തങ്ങളനുഭവിക്കുന്ന പാരതന്ത്ര്യത്തിന്‍റെ കാടിന്ന്യം ഒരു പോക്കുവെയിലായെങ്കിലും തിരിച്ചറിവ് നല്‍കി  കടന്നു വന്നിരിക്കണം.

നമ്പൂതിരിമാരുടെ പൌരോഹിത്യപരമ്പരയുടെ  വംശശുദ്ധി  നിലനിർത്താനുള്ള കേവലം ഗർഭ പത്രങ്ങളായി മാത്രം ജീവിച്ച നമ്പൂതിരി സ്ത്രീകൾക്കിടയിൽ നിന്നും ഒരു താത്രിക്കുട്ടി സ്ത്രീ ജീവിതത്തിന്റെ ഉത്സവം തന്നെ ആഘോഷിക്കാൻ ധൈര്യപ്പെട്ടത് യാദൃശ്ചികമാകാനിടയില്ല. തന്റെ കൂടെ ശരീരം പങ്കിട്ട സമൂഹ ശ്രേണിയിലെ 64  പ്രമുഖ വ്യക്തിത്വങ്ങളെ സ്മാർത്ത വിചാരണ വേളയിൽ വെളിപ്പെടുത്തുമ്പോഴും അവർക്കെല്ലാം, സാമുദായിക ഭ്രഷ്ട് ശിക്ഷയായി ലഭിക്കുമ്പോഴും, സദാചാര വിചാരണ നടത്തുന്ന സ്മാർത്തനെയും, മീമാംസകരേയും, കൊച്ചി രാജാവിനെയും ആവശ്യമെങ്കിൽ നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ താത്രിക്കുട്ടിയുടെ കൈവശം തന്നെ സുരക്ഷിതമായുണ്ടായിരുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

1905 ൽ കൊച്ചി രാജ്യത്തു വച്ചു നടന്ന 40 ദിവസം നീണ്ടുനിന്ന കുറിയേടത്ത്  താത്രിയുടെ സ്മാർത്ത വിചാരണ അവസാനിപ്പിക്കുന്നത് താത്രിക്കുട്ടി തന്നെയായിരുന്നു. 65 മത്തെ പങ്കാളിയുടെ പേരു പറയുന്നതിനു പകരം 65 മത്തെ വ്യക്തി താത്രിക്കു സമ്മാനിച്ച മോതിരം സ്മാർത്തനെ കാണിച്ച് 'ഈ പേരും  പറയണമോ ?  ' എന്നാണ് താത്രിക്കുട്ടി ചോദിച്ചത്. മോതിരം കണ്ടതും സ്മാർത്തനും, മീമാംസകരും, രാജാവും പരിഭ്രാന്തരാകുകയും, മതി, മതി! എന്നു പറഞ്ഞ് വിചാരണ അവസാനിപ്പിക്കുകയാണുണ്ടായത്.
ഒരു പക്ഷേ, ആ അടയാള മോതിരം ആദ്യം തന്നെ പുറത്തെടുത്തിരുന്നെങ്കിൽ താത്രിക്കുട്ടിയുടെ സ്മാർത്ത വിചാരം തന്നെ ചരിത്രത്തിൽ സംഭവിക്കുമായിരുന്നില്ല.

വംശീയതയുടെയും, ജാതീയതയുടെയും  തിന്മ നിറഞ്ഞതും 1200 വര്‍ഷക്കാലത്തെ മനുഷ്യവംശപീഡനത്താല്‍ ശാപഗ്രസ്തവുമായിരുന്ന  സ്ത്രീവിരുദ്ധ ബ്രാഹ്മണ സമുദായത്തിൽ നിന്നും സ്വയം ഭ്രഷ്ടയാക്കപ്പെടാൻ സന്നദ്ധയായ  വിപ്ലവകാരിയായ താത്രി കുട്ടിയിൽ നിന്നുമാണ് നമ്പൂതിരി സമുദായം മാനുഷികതയിലെക്കുള്ള തിരിച്ചു നടത്തം ആരംഭിക്കുന്നതും, ആരംഭിക്കെണ്ടതും. നമ്പൂതിരി സമുദായത്തിന്‍റെ സാമൂഹ്യ പരിഷ്ക്കര്‍ത്താവായി  ആദരിക്കപ്പെടെണ്ട ആ  ധീര വനിതയുടെ ഓര്‍മ്മക്ക്  മുന്നില്‍ ഈ ചിത്രം ചിത്രകാരന്‍ സമര്‍പ്പിക്കുന്നു.