Followers

Wednesday, August 10, 2016

പരശുരാമന്റെ അമ്മ !!


സവർണ്ണ / ജാതീയ ഹിന്ദു മതത്തിലെ സപ്തർഷികളിലൊരാളായ ജമദഗ്നി മഹർഷിയുടെ ഭാര്യയും മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ അമ്മയുമായി പുരാണേതിഹാസങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നത് രേണുക എന്ന പതി വ്രതയായ സ്ത്രീയെയാണ്.

സ്വന്തം ഭർത്താവിനോടു മാത്രമുള്ള അടിമത്വബന്ധമായ പതിവ്രത്യത്തിന്റെ ഏറ്റവും മഹത്വവൽക്കരിക്കപ്പെട്ട സ്ത്രീ സങ്കൽപ്പമാണ് രേണുക. ഭർതൃ ഭക്തിയുടെ പാരമ്യത്തിൽ ലഭിക്കുന്ന ദിവ്യശക്തിയാൽ പുഴയോരത്തു നിന്നും ശേഖരിക്കുന്ന കളിമണ്ണ് കൊണ്ട് അപ്പപ്പോൾ യഥേഷ്ടം പത്രങ്ങൾ നിർമ്മിച്ച് അവ ചൂളയിൽ വെക്കാതെ തന്നെ വെള്ളം നിറക്കാനുള്ള ദൃഢതയുള്ള കുടങ്ങളും പാത്രങ്ങളുമെല്ലാം ഉൽപ്പാദിപ്പിക്കാനുള്ള അത്ഭുത ശക്തി ഉണ്ടായിരുന്നവളാണ് ആ സ്ത്രീ !

ഒരു ദിവസം ഈ അത്ഭുത ശക്തി കളിമൺ പാത്രം പോലെത്തന്നെ ഉടഞ്ഞുപോകുന്നതാണ് കഥാതന്തു. അതിനു കാരണം, രേണകയുടെ മനസ്സിൽ ഒരു നിമിഷ നേരത്തേക്ക് സംഭവിച്ചു പോയ പതിവ്രത്യ ലംഘനമെന്ന ഘോരാപരാധമായിരുന്നു.

പുഴക്കടവിൽ പതിവുപോലെ പാത്രമില്ലാതെ വെള്ളം ശേഖരിക്കാനെത്തിയ രേണുക ആകാശത്തേക്ക് അറിയാതെ ഒന്നു നോക്കിപ്പോയി ! ആ സമയത്ത് ആകാശത്തിലെ മേഘങ്ങൾക്കിടയിലൂടെ ഒരു സംഘം ഗന്ധർവ്വമാർ തങ്ങളുടെ തുറന്ന വിമാനത്തിൽ കയറി സഞ്ചരിക്കുന്നുണ്ടായിരുന്നുവത്രേ.

ബ്രാഹ്മണർക്ക് അപകർഷതയുണ്ടാകുന്ന വിധം ഗന്ധർവ്വന്മാർ കോമള ഗാത്രരായിരുന്നതുകൊണ്ടാകണം രേണുകയുടെ പാതിവ്രത്യം പരീക്ഷിക്കാനായി ബ്രാഹ്മണ പുരാണ രചയിതാക്കൾ ഗന്ധർവ്വന്മാരെത്തന്നെ ആകാശയാത്രക്ക് നിയോഗിച്ചത്. സംഭവം കണ്ടയുടൻ തന്റെ പാതിവ്രത്യശക്തി നഷ്ടപ്പെട്ടതായി രേണുക മനസ്സിലാക്കി. കളിമൺപാത്രം നിർമ്മിച്ച് അതിൽ നദീജലം ശേഖരിച്ചല്ലാതെ തന്റെ ഭർത്താവിനരികിലേക്ക് ചെന്നാൽ ശപിക്കപ്പെടും എന്നു മനസ്സിലാക്കി, പുഴയോരത്ത് സ്തബ്ധയായി നിൽക്കുകയാണ് നമ്മുടെ രേണുക മാതാവ്.

ഭാര്യയുടെ പാതിവ്രത്യ ലംഘനം അന്നത്തെ ഇന്ത്യൻ നിർമ്മിത സി.സി.ടി വി ക്യാമറയായ ദൃഷ്ടിയിലൂടെ പ്ലേ ചെയ്തു കണ്ട്, കോപാന്ധനായ ജമദഗ്നി മഹർഷി തന്റെ മൂത്ത പുത്രനെ വിളിച്ച്, ഒരു മഴു കയ്യിൽ കൊടുത്ത് അമ്മയുടെ തലയറുത്ത് കൊണ്ടുവരാൻ കൽപ്പിക്കുകയാണ് ചെയ്തത്. മൂത്ത മകന്റെ ധർമ്മസങ്കടം കണ്ട് കലിപൂണ്ട അച്ഛൻ മഹർഷി അവനെ ശപിച്ച് കല്ലാക്കി മാറ്റി. തുടർന്ന് മറ്റ് മൂന്ന് മക്കളെ വിളിച്ചും അമ്മയുടെ തലയ റുക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർക്കും ശാപമേറ്റുവാങ്ങി കൽ പ്രതിമയാകാനുള്ള യോഗമാണ് ഉണ്ടായത്.

അഞ്ചാമത്തെയും അവസാനത്തേയും മകനായ പരശുരാമനേയും പെറ്റമ്മയുടെ തലയറുക്കാൻ പിതാവ് നിയോഗിക്കുന്നത് രേണുകയുടെ മാപ്പർഹിക്കാത്ത കുറ്റത്തിന്റെ തീവ്രത സ്പഷ്ടമാക്കുന്നുണ്ട്.

നിസംങ്കോചം ഏറ്റവും അധമമായ ഈ നരഹത്യക്ക് പുറപ്പെടുന്ന പരശുരാമൻ,  തന്റെ അമ്മയെ പുഴയോരത്തിട്ട് ഓടിച്ചു പിടിച്ച്, തല വെട്ടിയെടുത്ത്, സംശയ രോഗിയും പുതഷാധീശ വ്യവസ്ഥിതിയുടെ സൂക്ഷിപ്പുകാരനുമായ തന്റെ അച്ഛന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ച് പിതൃ ഭക്തിയുടെ ധന്യതയെ പരമപ്രധാനമായി കാണുന്ന പൗരോഹിത്യ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നു.

പിതൃഭക്തിയിൽ സംപ്രീതനായ ജമദഗ്നി മഹർഷി പരശുരാമനു നൽകുന്ന നഷ്ട പരിഹാരമായ വരങ്ങളും , രേണുകക്ക് ജീവൻ തിരിച്ചു നൽകുന്നതും സഹോദരങ്ങൾക്ക് ശാപമോക്ഷം നൽകുന്നതുമെല്ലാം ഭക്ത ശിരോമണികളെ വിഢികളാക്കുന്ന കഥയുടെ ശുഭപര്യാവസാനം മാത്രമാണ്.

ഒരു അടിമയേക്കാൾ ദയനീയമായ വ്യക്തിസ്വാതന്ത്ര്യം മാത്രമുള്ള പഴയ കാലത്തെ ബ്രാഹ്മണ സ്ത്രീയുടെ ശരീരത്തെ പാതിവ്രത്യം , ഭർതൃ ഭക്തി തുടങ്ങിയ ആത്മനിയന്ത്രണ വിശ്വാസങ്ങൾ കൊണ്ട് വല്ല പോലും കയറാത്ത, തടവറയിൽ അടച്ചുപൂട്ടി, ഒരു നിത്യോപയോഗ വസ്തുവായി ചുരുക്കിയെടുക്കുക എന്ന പുരുഷാധിപത്യത്തിന്റെ ഏറ്റവും നരാധമമായ തന്ത്രമാണ് പരശുരാമന്റെ അമ്മയുടെ തല യുക്കുന്ന കഥയിലൂടെ പൗരോഹിത്യം ദൈവീകമായി അവതരിപ്പിച്ച് സമൂഹത്തിൽ പ്രചരിപ്പിച്ചത് എന്ന് കാണാനാകും.

മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധവുമായ ഈ പുരാണത്തേയും കഥാപാത്രങ്ങളായ ജമദഗ്നിയേയും, പരശുരാമനേയും ദൈവങ്ങളെന്നു വിശ്വസിക്കുന്ന നമ്മുടെ സമൂഹത്തിന് ഒരിക്കലും സത്യസന്ധമായ ഒരു സാമൂഹ്യ-സാംസ്കാരിക ബോധത്തിലേക്ക് ഉയരാനാകില്ല. കാരണം, പരശുരാമൻ ഒരു പുരാണ കഥാപാത്രം എന്നിതിലുപരി, ഒരു ചരിത്ര പുരുഷനായാണ് നമ്മുടെ സമൂഹത്തിൽ ഇടം പിടിച്ചിട്ടുള്ളത്. കേരളം എന്ന ഭൂഭാഗത്തിന്റെ ഉത്ഭവം തന്നെ പരശുരാമന്റെ കൃപകൊണ്ടാണെന്ന ധാരണയാണ് ഇന്നും പൊതുബോധത്തിൽ നിറഞ്ഞു നിൽക്കുന്നത്. പരശുരാമൻ തന്റെ വെൺമഴു കാണിച്ച് ഭീഷണിപ്പെടുത്തി സമുദ്രത്തിൽ നിന്നും ഒഴിപ്പിച്ചെടുത്തതാണ് കേരളം എന്നാണ് നമ്മുടെ പാഠപുസ്തകങ്ങളിൽ പോലും കാണപ്പെടുന്ന ഐതിഹ്യം. ബ്രാഹ്മണ മന്ത്രവാദികൾ തങ്ങളുടെ വംശീയ ആധിപത്യവും പരാന്ന ജീവന വ്യവസ്ഥിതിയും സ്ഥാപിക്കുന്നതിനായി പടച്ചുണ്ടാക്കിയ മാഹാത്മ്യങ്ങളും പുരാണങ്ങളും ചരിത്രങ്ങളും പൊളിച്ചെറിയാൻ വിമർശന പഠനത്തിനു വിധേയമാക്കേണ്ടുന്ന വെറും മിത്താണ് സ്വന്തം അമ്മയുടെ തല അറുക്കുന്നതും, മഹാവിഷ്ണുവിന്റെ അവതാരം കൂടിയായ പരശുരാമൻ.