Followers

Tuesday, October 29, 2013

കോഴിക്കോട് ചിത്ര പ്രദര്‍ശന വാര്‍ത്തകള്‍

ദി ഹിന്ദു മെട്രോ വീക്കെന്‍ഡ്
ഇന്ത്യന്‍ എക്സ്പ്രസ്സ്
മാതൃഭൂമി നഗരം
മനോരമ മെട്രോ
തേജസ്
ചന്ദ്രിക
മംഗളം
ദേശാഭിമാനി

“മണാളര്‍“ - പെയിന്റിങ്ങ്

2013 സെപ്തമ്പര്‍ മാസം പൂര്‍ത്തിയാക്കിയ ചിത്രമാണിത്. സെപ്തംബര്‍  18 മുതല്‍ 22 വരെ കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടത്തിയ ചിത്രപ്രദര്‍ശനത്തിലും ഒക്റ്റോബര്‍ 22മുതല്‍ 27 വരെ കോഴിക്കോട് ലളിത കലാ അക്കാദമി ഗ്യാലറിയില്‍ നടത്തിയ എക്സിബിഷനിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

മണാളര്‍ 
പശ്ചാത്തലം :
കേരളത്തിന്റെ സാമൂഹ്യചരിത്രത്തിലൂടെയുള്ള യാത്രയില്‍ ചിത്രകാരന്‍ കണ്ടുമുട്ടിയ അസാധാരണമായ കുലത്തൊഴിലിലേര്‍പ്പെട്ടിരുന്ന മനുഷ്യരാണ് മണാളര്‍. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നായന്മാരുടെ പൂര്‍വ്വചരിത്രത്തെ പ്രതിപാദിക്കുന്ന പുസ്തകത്തിലാണ്  മണാളരെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. നമ്മുടെ സമൂഹം ഇത്രയും ജീര്‍ണ്ണമായിരുന്നോ എന്ന് ആരേയും അതിശത്തോടെ ചോദിപ്പിക്കാന്‍ തക്കവിധമുള്ള ധര്‍മ്മമാണ് മണാളര്‍ പണ്ടുകാലത്ത് അനുഷ്ഠിച്ചുപോന്നിരുന്നത്.
വായിച്ചറിഞ്ഞിടത്തോളം, ബ്രാഹ്മണ സവര്‍ണ്ണ മതത്തിലെ സാമൂഹ്യജീര്‍ണ്ണതയുടെ താക്കോല്‍ സൂക്ഷിപ്പുകാരായോ പ്രചാരകരായോ മണാളരെ കാണാം. ഋതുമതികളാകുന്ന ശൂദ്രകന്യകകളെ വൈശികതന്ത്രം ഉപദേശിക്കുകയും, പ്രായോഗിക ജ്ഞാനം നല്‍കുകയുമാണ് മണാളരുടെ കുലത്തൊഴില്‍.
മണാളരുടെ കുലവൃത്തിയെക്കുറിച്ചു പറയുമ്പോള്‍ ആ കുലവൃത്തിയുടെ ഉത്ഭവത്തിനു നിദാനമായ സാഹിത്യകൃതികളെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്.
മലയാള സാഹിത്യത്തിലെ ലഭ്യമായ ആദ്യ കൃതികളായി അറിയപ്പെടുന്ന തോലന്റെ ആട്ടപ്രകാരങ്ങളും അക്കാലത്തുള്ള മണിപ്രവാള കാവ്യമായ വൈശിക തന്ത്രവും പത്താം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. എങ്ങനെ നല്ല വേശ്യയാകാം എന്ന് സ്ത്രീകളെ പഠിപ്പിക്കുന്ന ഗ്രന്ഥമാണ് വൈശിക തന്ത്രം. മഹാകാവ്യങ്ങള്‍ക്കുണ്ടായിരിക്കേണ്ട ലക്ഷണമൊത്ത കൃതിയായി ലീലാതിലകകാരന്‍ വിശേഷിപ്പിക്കുന്ന മനോഹരമായ മണിപ്രവാള കൃതിയാണിത്. എട്ടാം നൂറ്റാണ്ടുമുതല്‍ സംസ്കൃത സാഹിത്യത്തില്‍ വേശ്യാവൃത്തി അഭ്യസിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള കൃതികളുടെ മലവെള്ളപ്പാച്ചില്‍ തന്നെ കണാവുന്നതാണ്. ദാമോദര ഗുപ്തന്റെ ‘കുട്ടനീമതം’ , കല്യാണമല്ലന്റെ ‘അനംഗരാഗം’ , ക്ഷേമേന്ദ്രന്റെ ‘സമയ മാതൃക’ , നേമീ ചന്ദ്രന്റെ ‘ലീലാവതി’ തുടങ്ങി നിരവധി കൃതികള്‍ വൈശികതന്ത്രം ഉപദേശിക്കുന്നവയായി സംസ്കൃതത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ ചുവടുപിടിച്ച് ഭാരതത്തിലെ പ്രാദേശിക ഭാഷകളില്‍  അനേകം കൃതികള്‍ രചിക്കപ്പെട്ടിരിക്കുന്നു. മലയാളത്തിലെ ഏറ്റവും പ്രാചീന കൃതിയായി ഉള്ളൂര്‍ വിശേഷിപ്പിച്ചിട്ടുള്ള വൈശിക തന്ത്രം വളരെ കുലിന പാരമ്പര്യമുള്ളതാണെന്നു വ്യക്തം. ഇതിനു പുറമേയാണ് അമേരിക്കന്‍ പോണ്‍ സൈറ്റുകളെ വെല്ലുന്ന 64 തരത്തിലേറെ മൈഥുന സാധ്യതകള്‍ പ്രചരിപ്പിക്കുന്ന വത്സ്യായനന്റെ കാമസൂത്രമെന്ന ലൈംഗീക ഗ്രന്ഥം !! മന്ത്രവാദികളായ ബ്രാഹ്മണതാന്ത്രികരുടെ ആരാധനാലയങ്ങളില്‍ പുരുഷന്റെ ലിംഗരൂപത്തില്‍ ആരാധിക്കപ്പെടുന്ന ശിവഭഗവാന്‍ തന്റെ പത്നിയായ പാര്‍വ്വതിക്ക് ലൈംഗീകതയുടെ 64 മുറകള്‍ അഭ്യസിപ്പിച്ചൂകൊടുക്കുന്നത് ഓളിഞ്ഞുനിന്ന് ശ്രവിച്ച ശിവന്റെ ഡ്രൈവറും വാഹനവുമായ നന്ദികേശനിലൂടെയാണ് ഈ ലൈഗീക കൃതി മനുഷ്യര്‍ക്ക് ചോര്‍ന്നു കിട്ടിയതെന്നാണു പുരാണം !!
ഇതില്‍ നിന്നും മനസ്സിലാകുന്നത്, ലൈഗീക അരാജകത്വവും, വേശ്യാവൃത്തിയും പ്രചരിപ്പിക്കുന്നതിനായി ബ്രാഹ്മണരുടെ സവര്‍ണ്ണമതം പ്രകടിപ്പിച്ചിരുന്ന ശുഷ്ക്കാന്തി അസാധാരണമായിരുന്നു എന്നാണ്. പത്മനാഭ ക്ഷേത്രത്തിന്റെ പ്രദിക്ഷിണമണ്ഡപത്തിലെ കല്‍ത്തൂണുകളിലെയും കൊണാര്‍ക്ക്(സൂര്യക്ഷേത്രം) ഖജുരാഹോ തുടങ്ങിയ ക്ഷേത്രങ്ങളിലെ ഭിത്തികളിലും നിറഞ്ഞാടുന്ന  രതിവൈകൃതങ്ങളുടെ കാരണവും സവര്‍ണ്ണ ബ്രാഹ്മണ മതത്തിന്റെ വ്യാപന കൌശലങ്ങളുടെ ഭാഗമാണെന്ന് മനസിലാക്കാവുന്നതാണ്. ഒരു സമൂഹത്തെ ജീര്‍ണ്ണിപ്പിച്ച് വരുതിയിലാക്കുക എന്ന തന്ത്രത്തില്‍ മദ്യത്തിനും മയക്കുമരുന്നിനുമുള്ള സ്ഥാനത്തേക്കാള്‍ മുന്നിലാണ് ലൈഗീകതയുടെ അതിപ്രസരത്തിലൂടെ സാദ്ധ്യമാകുന്നത് എന്ന് മന്ത്രവാദികളുടെ റേസിസ്റ്റ് മതമായ ജാതീയ(സവര്‍ണ്ണ) ബ്രാഹ്മണമതത്തിന്റെ പ്രായോജകര്‍ക്ക് നല്ല നിശ്ചയമുണ്ടായിരുന്നെന്ന് വ്യക്തം !
മണാളരെക്കുറിച്ച് വിശദമായറിയാന്‍ താഴെക്കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക.

മണാളരും നായര്‍ കന്യകമാരും

ചോരപ്പുഴകളുടെ ചരിത്രം പറയുന്ന 3 ഒക്റ്റോബര്‍ ചിത്രങ്ങള്‍

2013 ഒക്റ്റോബര്‍ മാസം തിരക്കേറിയതായിരുന്നെങ്കിലും,മൂന്നു പെയിന്റിങ്ങുകള്‍ നടത്താനായതിന്റെ സന്തോഷവും, അതു പ്രദര്‍ശിപ്പിക്കാനുള്ള ഭാഗ്യവുമുണ്ടായി എന്നു പറയാം. ഈ മാസം 22 മുതല്‍ 27വരെ കോഴീക്കോട് കേരള ലളിതകല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടത്തപ്പെട്ട ചിത്രപ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ച 1)“സൈലന്റ് ഗോഡെസ് ഓഫ് കൊല്ലൂര്‍”, 2) “തലപ്പൊലി” 3)“മഹാബലി മോക്ഷം” എന്നീ പെയിന്റിങ്ങുകള്‍ താഴെ ചേര്‍ക്കുന്നു. അക്രിലിക്കില്‍ ക്യാന്‍‌വാസില്‍ രചിച്ചിട്ടുള്ളവയാണ് മൂന്നു ചിത്രങ്ങളും. പ്രദര്‍ശനത്തില്‍ ചിത്രകാരന്റേതായി ഈ മൂന്നു ചിത്രങ്ങള്‍ കൂടാതെ 13 ചിത്രങ്ങള്‍ കൂടി ഉണ്ടായിരുന്നു. ആ ചിത്രങ്ങള്‍ കാണാന്‍ ഈ ബ്ലോഗിലെ തന്നെ പഴയ പോസ്റ്റുകള്‍ തുറന്നാല്‍ മതിയാകും.
1) “സൈലന്റ് ഗോഡെസ്സ് ഓഫ് കൊല്ലൂര്‍”
(Silent Godess of Kollur) എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം, 1200 വര്‍ഷം പഴക്കമുള്ള അറിവിന്റേയും വിദ്യയുടേയും ദേവതയായ “മൂകാംബിക” എന്തുകൊണ്ട് മൂകയായി ?, എന്തുകൊണ്ട് ദേവിക്ക ശബ്ദം നഷ്ടപ്പെട്ടു ? ദ്ടേവീ സംങ്കല്‍പ്പത്തിന്റെ നാവിനെന്തു സംഭവിച്ചു ? എന്നു വര്‍ത്തമാന സമൂഹത്തോടും, സാമൂഹ്യ ചരിത്രത്തോടും, നമ്മുടെ സാംസ്ക്കാരികതയോടും ചോദിക്കുന്നതിനായി വരച്ചതാണ്. വിദ്യയുടേയും, സര്‍വ്വ കലകളുടെയും, വിജ്ഞാനത്തിന്റേയും സ്രോതസ്സായി കണക്കാക്കപ്പെടുന്ന ഒരു ദൈവ സംങ്കല്‍പ്പം എന്തുകൊണ്ട് ഊമയായിപ്പോയി എന്നത് ചിത്രകാരനെ സംബന്ധിച്ച് ഏതെങ്കിലും അസുരപുരാണ കഥയുടെ ബാലിശമായ യുക്തിയുടെ മറുപടികൊണ്ട് ശമിപ്പിക്കാവുന്ന ചോദ്യമല്ല. മനുഷ്യത്വത്തേയും, സാംസ്ക്കാരികതയേയും ഞെട്ടിപ്പിക്കുന്ന ഒരു ചരിത്രം “മൂകാംബികയുടെ” ശബ്ദം നഷ്ടപ്പെട്ട നാമധേയത്തിനുള്ളില്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശങ്കരാചാര്യരാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന മൂകാംബികയിലെ മൂല വിഗ്രഹം വെള്ളി നിറത്തിലുള്ള കഴുത്ത് ചേദിക്കപ്പെട്ട ഒരു സ്ത്രീയുടെ ശിരസ്സാണ്. ശിവ ലിംഗം പ്രതിഷ്ഠിക്കാറുള്ളതുപോലുള്ളൊരു ശിലകൊണ്ടുള്ള പ്ലാറ്റ് ഫോമിലാണ് അത് പ്രതിഷ്ഠിച്ചിരിക്കുന്നത്. തൊട്ടു പിന്നിലായി, ദുര്‍ഗ്ഗയുടെ (സമീപകാലത്ത് സ്ഥാപിച്ച) പഞ്ചലോഹ വിഗ്രഹം ബ്ലൌസും പാവാടകളം ആഭരണങ്ങളും അലുക്കും തുങ്ങലുകളുമൊക്കെയായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, 1200 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന വെറും തലമാത്രമുള്ള മൂകാംബികയുടെ മൂല വിഗ്രഹത്തിന്റെ രൂപം ഒരു ജൈന പണ്ഡിതയുടെ ഭാവമാണ് പ്രകടമാക്കുന്നത്. 1200 വഷം മുന്‍പു നടന്ന ജാതീയ ബ്രാഹ്മണ മതത്തിന്റെ ദിഗ്വിജയ യജ്ഞങ്ങളുടെ ചരിത്രം കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ മൂകാംബിക ചിത്രകാരനോട് ആവശ്യപ്പെടുന്നു... സമൂഹത്തോടും.
2) “തലപ്പൊലി” 
( Thala poli )എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം 1200 വര്‍ഷം മുന്‍പ് കേരളത്തില്‍ നടന്ന ബൌദ്ധ-ജൈന ‘പള്ളി’കളുടെ പിടിച്ചടക്കലിന്റേയും, ബൌദ്ധ ജൈന പണ്ഡിതരെ ഉന്മൂലനം നടത്തിയതിന്റേയും, അവര്‍ണ്ണരെ കൂട്ടക്കൊല നടത്തിയിരുന്നതിന്റേയും ചരിത്ര സത്യങ്ങളിലേക്ക് മലയാള വാമൊഴിയില്‍ ഇന്നും നിലനില്‍ക്കുന്ന ആചാരങ്ങളുടേയും വാക്കുകളുടേയും ഓര്‍മ്മ- തുണ്ടുകളുമായുള്ള അന്വേഷണ യാത്രയാണ്. കേരളോല്‍പ്പത്തിയുടെ കാരണഭൂതനായി അവതരിപ്പിക്കപ്പെട്ട “പരശുരാമന്‍” നരാധമനായ മിത്തും ചിത്രകാരന്റെ ചരിത്രാന്വേഷണത്തെ അയാളുടെ “ക്ഷത്രിയ നിഗ്രഹശേഷിയാല്‍” കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. സ്വന്തം അമ്മയുടെ കഴുത്തു വെട്ടി, കരളുറപ്പ് തെളിയിക്കുന്ന ഈ നീച കഥാപാത്രങ്ങളെയൊക്കെ ദൈവ സംങ്കല്‍പ്പമാരോപിച്ച് ആരാധ്യരാക്കുന്നത്, നമ്മുടെ വര്‍ത്തമാന സമൂഹത്തെ ഹിംസാത്മകമാക്കുന്നതില്‍ ഗണ്യമായ പങ്കു നിര്‍വ്വഹിക്കുന്നില്ലേ എന്ന് ചിത്രകാരന്‍ ഈ ചിത്രത്തിലൂടെ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.
3) “മഹാബലി മോക്ഷം”
(Mahabali Moksham) എന്ന പെയിന്റിങ്ങ്. പണ്ഡിതനെന്നര്‍ത്ഥമുള്ള “ബ്രാഹ്മണന്‍”, വാമനനായാലും, മറ്റേതെങ്കിലും പേരായാലും, അവതാരമായാലും ഒരു അന്യ മനുഷ്യന്റെ തലയില്‍ , അതും പണ്ഡിതനായ ഒരു ബൌദ്ധ രാജാവിന്റെ കുനിഞ്ഞ തലയില്‍ ചവിട്ടുമെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നില്ല. സ്ഥലത്തെ ആദിവാസി ഗോത്രങ്ങളില്‍ നിന്നും വിലക്കെടുത്ത അടിമകളെക്കൊണ്ട് ധര്‍മ്മിഷ്ടനായ ബൌദ്ധ ഭരണാധികാരിയെ പതിയിരുന്നു പിന്നില്‍ നിന്നും ആക്രമിക്കുന്ന “ഒടിയനെ”പ്പോലെയൊ തര്‍ക്കത്തില്‍ തോറ്റതിന്റെ ഫലമായി വയലിലെ ചളിയില്‍ ചവിട്ടി താഴ്ത്തിയോ കൊല നടത്തിയിരിക്കാം.  മഹാബലി എന്ന മിത്ത് ധാര്‍മ്മികതയുടേയും സ്ഥിതി സമത്വത്തിന്റേയും നല്ല കാലത്തിന്റെ അസ്തമയത്തെ രേഖപ്പെടുത്തിയിരിക്കുന്ന, ചരിത്രത്തിന്റെ മായ്ച്ചുകളഞ്ഞിട്ടും മായാതെ അവശേഷിക്കുന്ന സാംസ്ക്കാരികതയുടെ ഓര്‍മ്മയുടെ ശകലമായാണ്. മന്ത്രവാദികളായ ബ്രാഹ്മണ്യത്തിന്റെ അധാര്‍മ്മികതയുടേയും കുടിലതയുടേയും “ജാതീയ”(സവര്‍ണ്ണ) മതം കേരളത്തില്‍ എട്ടാം നൂറ്റാണ്ടില്‍(1200 വര്‍ഷങ്ങള്‍ക്കു മുന്‍പ്) പ്രബലമായ മതങ്ങളായിരുന്ന ബുദ്ധ ജൈന ധര്‍മ്മ പണ്ഢിതരെയും, ബൌദ്ധ-ജൈന വിശ്വാസികളിലെ പ്രബല വ്യക്തിത്വങ്ങളേയും,സാമൂഹ്യ വ്യവസ്ഥിതിയേയും കുലിന വേശ്യകളേയും അടിമകളെയും(ശൂദ്രര്‍) ഗുണ്ടകളേയും  ഉപയോഗിച്ച് വംശഹത്യ നടത്തിയതിന്റെ ഓര്‍മ്മപ്പെടുത്തലാണ് തിരുവോണവും മഹാബലിയും. മഹാബലിയെ ചരിത്രത്തിന്റെ ചളിക്കുണ്ടി ചവിട്ടി താഴ്ത്തപ്പെട്ട രക്ത സാക്ഷിയായും, തിരുവോണത്തെ രക്തസാക്ഷിദിനമായും തിരിച്ചറിയപ്പേടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാനായി വരച്ച ചിത്രമാണിത്.

Monday, October 28, 2013

കോഴിക്കോട് ചിത്രപ്രദര്‍ശനം-സന്ദര്‍ശകര്‍

കോഴിക്കോട് പെയിന്റിങ് എക്സിബിഷന്‍ ഇന്നലെ വൈകീട്ട് 7 മണിക്ക് (27.10.13) അവസാനിച്ചു. ദിവസവും കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വന്നുപോകുകയായിരുന്നതിനാല്‍ ചിത്രങ്ങള്‍ നെറ്റിലിടാനൊന്നും സമയമില്ലായിരുന്നു. പ്രദര്‍ശനം മീഡിയയും ജനങ്ങളും ഉത്സാഹത്തോടെ സ്വീകരിച്ചതിലുള്ള സംതൃപ്തി അനിര്‍വ്വജനീയം. ഗാലറിയിലെ ചില സുഹൃദ് സന്ദര്‍ശനങ്ങളുടെ ഫോട്ടോകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.

























Thursday, October 10, 2013

നങ്ങേലിയുടെ ത്യാഗം ചിത്രം - 3


ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണത്തോട് ചേര്‍ന്നുള്ള മുലച്ചിപ്പറമ്പ് എന്ന സ്ഥലത്ത് ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന നങ്ങേലിയുടെ ത്യാഗത്തെക്കുറിച്ച് ഇതിനു മുന്‍പ് രണ്ടു ചിത്രങ്ങള്‍ 2013 ല്‍ തന്നെ ചിത്രകാരന്‍ വരച്ചിട്ടുണ്ട്. ഈ ചിത്രം ആ സീ‍രീസിലെ മൂന്നാമത്തേതാണ്. കഴിഞ്ഞ രണ്ടു ചിത്രങ്ങള്‍ എട്ടുമാസക്കാലം വിഹ്വലതയുണ്ടാക്കുന്ന ആ സംഭവത്തെ അനുഗമിച്ച് ചേര്‍ത്തലയിലേക്ക് പല യാത്രകള്‍ നടത്തിയതിനു ശേഷമായിരുന്നു. എങ്കിലും, നങ്ങേലി എന്ന ചേര്‍ത്തലയിലെ വീര വനിതയുടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന തലമുറയെ നേരിട്ടു കാണാതെയായിരുന്നെന്ന് പറയാം. ആദ്യത്തെ രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തിയായശേഷം ആ ചിത്രങ്ങളുടെ കളറിലുള്ള ലേസര്‍ പ്രിന്റ് തയ്യാറാക്കി, അവ നങ്ങേലിയുടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ മുതിര്‍ന്ന 65 വയസ്സുള്ള ലീല അമ്മക്ക് സമ്മാനിക്കാനായി ചിത്രകാരനും, സുഹൃത്തും സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുദേഷുമൊത്ത് ചേര്‍ത്തലയില്‍ പോയിരുന്നു.


ചിത്രകാരന്‍, ലീല അമ്മ, സുദേഷ്.



 ലീല അമ്മ
(ലീല അമ്മയുടെ പേരക്കുട്ടിയും, മകളും, മരുമകനും)
കന്യാകുമാരി മുതല്‍ ഏതാണ്ട് കൊച്ചിവരെയുണ്ടായിരുന്ന തിരുവിതാംകൂറിലെ സ്ത്രീജനങ്ങള്‍ക്ക് മുലക്കരം നല്‍കാതെ ബ്ലൌസു ധരിക്കാനുള്ള സ്വാതന്ത്ര്യം നേടിത്തന്ന മഹതിയായ നങ്ങേലിയെ എത്രവരച്ചാലും കേരളീയന്റെ ആത്മാഭിമാനത്തിനായി അവര്‍ ചിന്തിയ രക്തത്തിനും പകരംവക്കാന്‍ നമുക്കാകില്ലെന്ന് ബോധ്യപ്പെടുകയായിരുന്നു. മാത്രമല കേരളത്തിലെ ചരിത്രകാരന്മാരും, ഭരണാധികാരികളും, കലാ-സാഹിത്യ പ്രവര്‍ത്തകരും ആ ധീരരക്തസാക്ഷിയോടുകാണിച്ച കൃതഘ്നത മാപ്പര്‍ഹിക്കാത്തതുമാണ്. അതിനാല്‍, നങ്ങേലിയുടെ ത്യാഗം കേരള ജനത തിരിച്ചറിയുന്നതുവരെ നങ്ങേലിയുടെ മഹത്വം നിറങ്ങള്‍കൊണ്ട് തുടര്‍ച്ചയായി അടയാളപ്പെടുത്താന്‍ ചിത്രകാരന്‍ പ്രതിജ്ഞാബദ്ധനായിരിക്കുന്നു.
അതുകൂടാതെ, ചിത്രകാരന്‍ നേരത്തെ വരച്ച 1) നങ്ങേലിയുടെ ത്യാഗം, 2) ഗ്രേറ്റ് നങ്ങേലി എന്നീ ചിത്രങ്ങളില്‍ മുലയറുക്കാന്‍ ഉപയോഗിച്ചിരിക്കുന്ന കത്തി യാഥാര്‍ത്ത്യവുമായി പൊരുത്തപ്പെടാതിരിക്കുന്നു എന്ന ഒരു തിരിച്ചറിവുകൂടി നങ്ങേലിയുടെ മൂന്നാമത്തെ ചിത്രം വരക്കാന്‍ പ്രേരണയായിട്ടുണ്ടെന്ന സത്യവും പ്രധാനമാണ്. നങ്ങേലി അനായാസം തന്റെ മുലകള്‍ അറുത്തു നല്‍കാന്‍ ഉപയോഗിച്ച ആയുധം കൊയ്ത്തരിവാള്‍ തന്നെയായിരുന്നു. മുലച്ചിപ്പറമ്പിലെ ഇപ്പോഴത്തെ താമസക്കാരായ വൈദ്യ കുടുംബത്തിലെ റിട്ടയേഡ് കെ.എസ്.ഇ.ബി എഞ്ചിനീയര്‍ കഴിഞ്ഞ കൂടിക്കാഴ്ച്ചയില്‍ അതു സൂചിപ്പിക്കുന്നതുവരെ അക്കാര്യത്തെക്കുറിച്ച് ചിത്രകാരന്‍ ബോധവാനായിരുന്നില്ല. അങ്ങനെയൊരു തിരുത്തി വരക്കല്‍ കൂടിയാണ് നങ്ങേലിയെക്കുറിച്ചുള്ള ഈ മൂന്നാമത്തെ ചിത്രം.

Wednesday, October 9, 2013

‘സ്മാര്‍ത്ത വിചാരം‘ -പെയിന്റിങ്ങ്

സ്ത്രീത്വത്തെ എങ്ങനെയൊക്കെ ചൂഷണം ചെയ്യാം എന്നതിന്റെ സഹസ്രാബ്ദങ്ങള്‍ നീണ്ട പരീക്ഷണങ്ങളും പ്രയോഗങ്ങളും കൊണ്ട് നിറഞ്ഞതാണ് ബ്രാഹ്മണ ജാതി- വംശീയതയുടേയും വര്‍ഗ്ഗീയതയുടെയും പര്യായമായ സവര്‍ണ്ണ ഹിന്ദു മതം. സ്ത്രീകളെ ചൂഷണം ചെയ്യുന്നതിലും, ധാര്‍മ്മികമായി അധപ്പതിപ്പിക്കുന്നതിലും സദാചാര നിയമങ്ങളാല്‍ അടിമകളായി നിലനിര്‍ത്തുന്നതിലും ബ്രാഹ്മണ്യം നിര്‍മ്മിച്ച സവര്‍ണ്ണ സാമൂഹ്യ വ്യവസ്തയോളം ക്രൂരവും മനുഷ്യത്വഹീനവുമായ മറ്റൊരു മാര്‍ഗ്ഗം ലോകത്തൊരിടത്തും സഹസ്രാബ്ദങ്ങള്‍ നീണ്ടുനിന്നതായി കാണാനാകില്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തെ 1600 വര്‍ഷത്തിലേറെക്കാലം അജ്ഞതയുടേയും അടിമത്വത്തിന്റേയും അസമത്വത്തിന്റേയും അന്തകാരത്തിന്റെ തടവറയാക്കിയ ബ്രാഹ്മണ്യം അവരുടെ സ്വന്തം സ്ത്രീജനങ്ങളെത്തന്നെയായിരുന്നു ഏറ്റവും നീചമായി പീഢിപ്പിച്ചിരുന്നെന്ന് കേരളത്തിലെ അന്തര്‍ജ്ജനങ്ങള്‍ അനുഭവിച്ചിരുന്ന “സ്മാര്‍ത്ത വിചാരം” എന്ന സദാചാര വിചാരണയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാനാകും. “സ്മാര്‍ത്തവിചാരം” എന്ന ദുരാചാരത്തിനു വിധേയരായി അഞ്ചാം പുര എന്ന ഇരുട്ടുമുറിയില്‍ വിചാരണ തടവുകാരായി കഴിഞ്ഞിരുന്ന നമ്പൂതിരി സ്ത്രീകള്‍ പുരുഷാധിപത്യത്തിന്റെ കൈപ്പുനീര്‍ കടിച്ചിറക്കുമ്പോഴും, നമ്പൂതിരി ജാതിക്കാരിലെ പുരുഷ പ്രജകള്‍ക്ക് ശൂദ്ര സ്ത്രീകളുമായി യഥേഷ്ടം “സംബന്ധം” എന്ന വേശ്യാ സംസര്‍ഗ്ഗം അനുവദിനീയമായിരുന്നു. ഇത്തരം സാമൂഹ്യ ദുരാചാരങ്ങള്‍ ഗോപ്യമായി സൂക്ഷിച്ച് വിസ്മൃതിയിലാക്കുക എന്ന തന്ത്രം ഉത്തരവാദിത്വപ്പെട്ട ചരിത്രകാരന്മാര്‍ തന്നെ അനുഷ്ടിക്കുന്നതിനാല്‍ നമ്മുടെ വര്‍ത്തമാന സമൂഹത്തിന് സത്യസന്ധമായ ചരിത്രബോധം നഷ്ടമാകാനും, അതുമൂലമുണ്ടാകുന്ന ദുരഭിമാനത്തിന്റേയും അജ്ഞതയുടേയും ഇരുട്ട് അസഹിഷ്ണുതയായി വളരാനും ഇടയാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പരിഹാരമായ ചരിത്ര സത്യത്തെ ഓര്‍മ്മപ്പെടുത്തുന്നതിനായി വരക്കപ്പെട്ടതാണ് മുകളില്‍ കാണുന്ന ചിത്രം. 2013 സെപ്തംബര്‍ മാസം വരച്ച “അഞ്ചാം പുരയിലെ അന്തര്‍ജ്ജനമെന്ന” ഈ ചിത്രം സെപ്തമ്പര്‍ 18 മുതല്‍ 22 വരെ കൊച്ചി ദര്‍ബാര്‍ ഹാളില്‍ വച്ചു നടത്തപ്പെട്ട “ഇമേജ്/കാര്‍ണേജ്” ഗ്രൂപ് ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സ്മാര്‍ത്തവിചാരത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ മതിയാകും.      സംബന്ധവും സ്മാര്‍ത്തവിചാരവും

Wednesday, October 2, 2013

സര്‍വ്വജ്ഞപീഠം - അറിവിന്റെ അന്തകവിത്ത് !!


1200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറിവിന്റെ അന്തകവിത്ത് ആദ്യമായി ഉത്പ്പാദിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. അറിവിന്റെ അന്തകവിത്തിന്റെ നിര്‍മ്മിതിയുടെ പാപ ഫലമായായിരിക്കണം കേരളം ഒരു ഭ്രാന്താലയമാണെന്ന് വിവേകാനന്ദനു പറായന്‍ കാരണമായി ഇവിടെ വളര്‍ന്നുവന്നിരുന്ന നരകത്തേക്കാള്‍ ഭയനാകമായ ജാതീയ സാമൂഹ്യ വ്യവസ്ഥിതി. ചിത്രകാരന്റെ ചിന്തകള്‍ 1200 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സാമൂഹ്യ സാഹചര്യങ്ങളിലൂടെ നിരന്തരം സഞ്ചരിച്ചതിന്റെ ഫലമായി കഴിഞ്ഞമാസം (സെപ്റ്റംബര്‍ 2013) വരഞ്ഞതാണ്  “സര്‍വ്വജ്ഞപീഠം-മൊണോപ്പൊളി ഓഫ് നോളേജ്” എന്ന മുകളില്‍ കൊടുത്ത ചിത്രം.

 അറിവുള്ളവര്‍ അറിവുള്ള അന്യരെ ബഹുമാനിക്കുന്ന മര്യാദയും സംസ്ക്കാരവും സവര്‍ണ്ണ ബ്രാഹ്മണ മതത്തിന് ഉണ്ടായിരുന്നെന്ന് പറയാനാകില്ല. തന്നെ ധനുര്‍വിദ്യയില്‍ അതിശയിപ്പിച്ച ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചുവാങ്ങാന്‍ ബ്രാഹ്മണനായ ദ്രോണാചാര്യര്‍ക്ക് ഒട്ടും സംങ്കോചമുണ്ടായിരുന്നില്ലല്ലോ. നിരുപദ്രവമായി തപസ്സു ചെയ്തുകൊണ്ടിരുന്ന ശംബൂകന്‍ എന്ന (സവര്‍ണ്ണനായ) ശൂദ്രനെ കഴുത്തറുത്ത് കൊല്ലിക്കാന്‍ ബ്രാഹ്മണ്യം ഹൈന്ദവരുടെ ആദര്‍ശം കൊണ്ടും ധര്‍മ്മ നിഷ്ടകൊണ്ടും മര്യാദ പുരുഷനായിരുന്ന മഹാവിഷ്ണുവിന്റെ അവതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീ രാമനു കൊട്ടേഷന്‍ കൊടുത്തത് മറക്കാവതല്ല ! കേരളത്തിന്റെ ഉല്‍പ്പത്തിക്കു കാരണക്കാരനും ക്ഷത്രിയരെ/ബൌദ്ധരെ മുഴുവനായി കൊന്നൊടുക്കിയ വംശഹത്യക്കാരുടെ കുലദൈവമെന്ന് വിശേഷിപ്പിക്കാവുന്നതുമായ  പരശു രാമനെയും (കോടാലി രാമനെന്ന് പച്ചമലയാളം) അഹിംസയുടെ അവതാരപുരുഷനാണെന്ന് ആരും അവകാശപ്പെടില്ലല്ലോ. മാത്രമല്ല, പരശുരാമന്‍ തന്റെ അമ്മയുടെ ചങ്കു വെട്ടി തന്റെ ക്രൂരതയുടെ കരളുറപ്പ് തെളിയിച്ചവനുമാണല്ലോ.

ചാതുര്‍ വര്‍ണ്ണ്യപ്രകാരം സവര്‍ണ്ണരിലെ ഏറ്റവും താണ അടിമ/ദാസ്യ ജാതിയായ ശൂദ്രന്‍ സവര്‍ണ്ണനാണ്.  അറിവിന്റെ അക്ഷരങ്ങള്‍ അറിയാതെ കേട്ടുപോയാതിന് സവര്‍ണ്ണ‌നായിരുന്നിട്ടും ശൂദ്രന്റെ ചെവിയില്‍ ഇയ്യം ഉരുക്കി ഒഴിക്കണമെന്ന മനുസ്മൃതി നിയമം നിലനിന്നിരുന്ന ബ്രാഹ്മണ മത സമൂഹത്തില്‍ നിന്നും അറിവിനെ ബഹുമാനിക്കുന്നതും, ആദരിക്കുന്നതും, അംഗീകരിക്കുന്നതുമായ ഒരു സംസ്ക്കാരം വളരില്ലെന്നുറപ്പാണ്. അറിവിനെതിരെയും അഹിംസക്കെതിരേയും “പണ്ഡിത്യയുദ്ധം” തന്നെ സംഘടിപ്പിച്ച ബ്രാഹ്മണ സവര്‍ണ്ണമതം കൊട്ടി ഘോഷിക്കുന്ന “ദ്വിഗ് വിജയങ്ങളും”, “സര്‍വ്വജ്ഞപീഠരോഹണങ്ങളും” പൈശാചികമായ നരാധമ ഹിംസയുടെ ശംഖൊലിയോടെ നടത്തപ്പെട്ട “അറിവിന്റെ വരിയുടക്കലായി” മാത്രമേ ചിത്രകാരനു ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കാനാകുന്നുള്ളു. ബൌദ്ധ-ജൌന മതസ്തരായ പഢിതരുടെ നാവും തലകളും കാണിക്കയായി അര്‍പ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന തര്‍ക്കശാസ്ത്രത്തിന്റെ ദുരുപയോഗത്തിലൂടെയുള്ള ഒരു അധിനിവേശം. അല്ലെങ്കില്‍ പാണ്ഡിത്യത്തില്‍ പൊതിഞ്ഞ ഒരു കൊലക്കത്തിയുടെ ദ്വിഗ് വിജയം, സര്‍വ്വജ്ഞപീഠരോഹണം !!! സത്യത്തില്‍ “സര്‍വ്വജ്ഞപീഠം” എന്ന വാക്കുപോലും ഭീതിജനകമായ ചരിത്രത്തിന്റെ  അശ്ലീല പര്യായമായി മനസ്സിലാക്കാന്‍ വൈകിപ്പോയിരിക്കുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തല്‍.