Followers

Tuesday, October 29, 2013

ചോരപ്പുഴകളുടെ ചരിത്രം പറയുന്ന 3 ഒക്റ്റോബര്‍ ചിത്രങ്ങള്‍

2013 ഒക്റ്റോബര്‍ മാസം തിരക്കേറിയതായിരുന്നെങ്കിലും,മൂന്നു പെയിന്റിങ്ങുകള്‍ നടത്താനായതിന്റെ സന്തോഷവും, അതു പ്രദര്‍ശിപ്പിക്കാനുള്ള ഭാഗ്യവുമുണ്ടായി എന്നു പറയാം. ഈ മാസം 22 മുതല്‍ 27വരെ കോഴീക്കോട് കേരള ലളിതകല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടത്തപ്പെട്ട ചിത്രപ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ച 1)“സൈലന്റ് ഗോഡെസ് ഓഫ് കൊല്ലൂര്‍”, 2) “തലപ്പൊലി” 3)“മഹാബലി മോക്ഷം” എന്നീ പെയിന്റിങ്ങുകള്‍ താഴെ ചേര്‍ക്കുന്നു. അക്രിലിക്കില്‍ ക്യാന്‍‌വാസില്‍ രചിച്ചിട്ടുള്ളവയാണ് മൂന്നു ചിത്രങ്ങളും. പ്രദര്‍ശനത്തില്‍ ചിത്രകാരന്റേതായി ഈ മൂന്നു ചിത്രങ്ങള്‍ കൂടാതെ 13 ചിത്രങ്ങള്‍ കൂടി ഉണ്ടായിരുന്നു. ആ ചിത്രങ്ങള്‍ കാണാന്‍ ഈ ബ്ലോഗിലെ തന്നെ പഴയ പോസ്റ്റുകള്‍ തുറന്നാല്‍ മതിയാകും.
1) “സൈലന്റ് ഗോഡെസ്സ് ഓഫ് കൊല്ലൂര്‍”
(Silent Godess of Kollur) എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം, 1200 വര്‍ഷം പഴക്കമുള്ള അറിവിന്റേയും വിദ്യയുടേയും ദേവതയായ “മൂകാംബിക” എന്തുകൊണ്ട് മൂകയായി ?, എന്തുകൊണ്ട് ദേവിക്ക ശബ്ദം നഷ്ടപ്പെട്ടു ? ദ്ടേവീ സംങ്കല്‍പ്പത്തിന്റെ നാവിനെന്തു സംഭവിച്ചു ? എന്നു വര്‍ത്തമാന സമൂഹത്തോടും, സാമൂഹ്യ ചരിത്രത്തോടും, നമ്മുടെ സാംസ്ക്കാരികതയോടും ചോദിക്കുന്നതിനായി വരച്ചതാണ്. വിദ്യയുടേയും, സര്‍വ്വ കലകളുടെയും, വിജ്ഞാനത്തിന്റേയും സ്രോതസ്സായി കണക്കാക്കപ്പെടുന്ന ഒരു ദൈവ സംങ്കല്‍പ്പം എന്തുകൊണ്ട് ഊമയായിപ്പോയി എന്നത് ചിത്രകാരനെ സംബന്ധിച്ച് ഏതെങ്കിലും അസുരപുരാണ കഥയുടെ ബാലിശമായ യുക്തിയുടെ മറുപടികൊണ്ട് ശമിപ്പിക്കാവുന്ന ചോദ്യമല്ല. മനുഷ്യത്വത്തേയും, സാംസ്ക്കാരികതയേയും ഞെട്ടിപ്പിക്കുന്ന ഒരു ചരിത്രം “മൂകാംബികയുടെ” ശബ്ദം നഷ്ടപ്പെട്ട നാമധേയത്തിനുള്ളില്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശങ്കരാചാര്യരാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന മൂകാംബികയിലെ മൂല വിഗ്രഹം വെള്ളി നിറത്തിലുള്ള കഴുത്ത് ചേദിക്കപ്പെട്ട ഒരു സ്ത്രീയുടെ ശിരസ്സാണ്. ശിവ ലിംഗം പ്രതിഷ്ഠിക്കാറുള്ളതുപോലുള്ളൊരു ശിലകൊണ്ടുള്ള പ്ലാറ്റ് ഫോമിലാണ് അത് പ്രതിഷ്ഠിച്ചിരിക്കുന്നത്. തൊട്ടു പിന്നിലായി, ദുര്‍ഗ്ഗയുടെ (സമീപകാലത്ത് സ്ഥാപിച്ച) പഞ്ചലോഹ വിഗ്രഹം ബ്ലൌസും പാവാടകളം ആഭരണങ്ങളും അലുക്കും തുങ്ങലുകളുമൊക്കെയായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, 1200 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന വെറും തലമാത്രമുള്ള മൂകാംബികയുടെ മൂല വിഗ്രഹത്തിന്റെ രൂപം ഒരു ജൈന പണ്ഡിതയുടെ ഭാവമാണ് പ്രകടമാക്കുന്നത്. 1200 വഷം മുന്‍പു നടന്ന ജാതീയ ബ്രാഹ്മണ മതത്തിന്റെ ദിഗ്വിജയ യജ്ഞങ്ങളുടെ ചരിത്രം കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ മൂകാംബിക ചിത്രകാരനോട് ആവശ്യപ്പെടുന്നു... സമൂഹത്തോടും.
2) “തലപ്പൊലി” 
( Thala poli )എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം 1200 വര്‍ഷം മുന്‍പ് കേരളത്തില്‍ നടന്ന ബൌദ്ധ-ജൈന ‘പള്ളി’കളുടെ പിടിച്ചടക്കലിന്റേയും, ബൌദ്ധ ജൈന പണ്ഡിതരെ ഉന്മൂലനം നടത്തിയതിന്റേയും, അവര്‍ണ്ണരെ കൂട്ടക്കൊല നടത്തിയിരുന്നതിന്റേയും ചരിത്ര സത്യങ്ങളിലേക്ക് മലയാള വാമൊഴിയില്‍ ഇന്നും നിലനില്‍ക്കുന്ന ആചാരങ്ങളുടേയും വാക്കുകളുടേയും ഓര്‍മ്മ- തുണ്ടുകളുമായുള്ള അന്വേഷണ യാത്രയാണ്. കേരളോല്‍പ്പത്തിയുടെ കാരണഭൂതനായി അവതരിപ്പിക്കപ്പെട്ട “പരശുരാമന്‍” നരാധമനായ മിത്തും ചിത്രകാരന്റെ ചരിത്രാന്വേഷണത്തെ അയാളുടെ “ക്ഷത്രിയ നിഗ്രഹശേഷിയാല്‍” കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. സ്വന്തം അമ്മയുടെ കഴുത്തു വെട്ടി, കരളുറപ്പ് തെളിയിക്കുന്ന ഈ നീച കഥാപാത്രങ്ങളെയൊക്കെ ദൈവ സംങ്കല്‍പ്പമാരോപിച്ച് ആരാധ്യരാക്കുന്നത്, നമ്മുടെ വര്‍ത്തമാന സമൂഹത്തെ ഹിംസാത്മകമാക്കുന്നതില്‍ ഗണ്യമായ പങ്കു നിര്‍വ്വഹിക്കുന്നില്ലേ എന്ന് ചിത്രകാരന്‍ ഈ ചിത്രത്തിലൂടെ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.
3) “മഹാബലി മോക്ഷം”
(Mahabali Moksham) എന്ന പെയിന്റിങ്ങ്. പണ്ഡിതനെന്നര്‍ത്ഥമുള്ള “ബ്രാഹ്മണന്‍”, വാമനനായാലും, മറ്റേതെങ്കിലും പേരായാലും, അവതാരമായാലും ഒരു അന്യ മനുഷ്യന്റെ തലയില്‍ , അതും പണ്ഡിതനായ ഒരു ബൌദ്ധ രാജാവിന്റെ കുനിഞ്ഞ തലയില്‍ ചവിട്ടുമെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നില്ല. സ്ഥലത്തെ ആദിവാസി ഗോത്രങ്ങളില്‍ നിന്നും വിലക്കെടുത്ത അടിമകളെക്കൊണ്ട് ധര്‍മ്മിഷ്ടനായ ബൌദ്ധ ഭരണാധികാരിയെ പതിയിരുന്നു പിന്നില്‍ നിന്നും ആക്രമിക്കുന്ന “ഒടിയനെ”പ്പോലെയൊ തര്‍ക്കത്തില്‍ തോറ്റതിന്റെ ഫലമായി വയലിലെ ചളിയില്‍ ചവിട്ടി താഴ്ത്തിയോ കൊല നടത്തിയിരിക്കാം.  മഹാബലി എന്ന മിത്ത് ധാര്‍മ്മികതയുടേയും സ്ഥിതി സമത്വത്തിന്റേയും നല്ല കാലത്തിന്റെ അസ്തമയത്തെ രേഖപ്പെടുത്തിയിരിക്കുന്ന, ചരിത്രത്തിന്റെ മായ്ച്ചുകളഞ്ഞിട്ടും മായാതെ അവശേഷിക്കുന്ന സാംസ്ക്കാരികതയുടെ ഓര്‍മ്മയുടെ ശകലമായാണ്. മന്ത്രവാദികളായ ബ്രാഹ്മണ്യത്തിന്റെ അധാര്‍മ്മികതയുടേയും കുടിലതയുടേയും “ജാതീയ”(സവര്‍ണ്ണ) മതം കേരളത്തില്‍ എട്ടാം നൂറ്റാണ്ടില്‍(1200 വര്‍ഷങ്ങള്‍ക്കു മുന്‍പ്) പ്രബലമായ മതങ്ങളായിരുന്ന ബുദ്ധ ജൈന ധര്‍മ്മ പണ്ഢിതരെയും, ബൌദ്ധ-ജൈന വിശ്വാസികളിലെ പ്രബല വ്യക്തിത്വങ്ങളേയും,സാമൂഹ്യ വ്യവസ്ഥിതിയേയും കുലിന വേശ്യകളേയും അടിമകളെയും(ശൂദ്രര്‍) ഗുണ്ടകളേയും  ഉപയോഗിച്ച് വംശഹത്യ നടത്തിയതിന്റെ ഓര്‍മ്മപ്പെടുത്തലാണ് തിരുവോണവും മഹാബലിയും. മഹാബലിയെ ചരിത്രത്തിന്റെ ചളിക്കുണ്ടി ചവിട്ടി താഴ്ത്തപ്പെട്ട രക്ത സാക്ഷിയായും, തിരുവോണത്തെ രക്തസാക്ഷിദിനമായും തിരിച്ചറിയപ്പേടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാനായി വരച്ച ചിത്രമാണിത്.

4 comments:

Prof. Damodaran said...

നല്ല വിശകലനം, നല്ല തെരച്ചില്‍.
വീ ക്കെ ഡി

ഒരു യാത്രികന്‍ said...

ഏറെ താല്പര്യപൂർവ്വം കണ്ടു വായിച്ചു. ഒറിജിനൽ കാണാൻ കാത്തിരിക്കുന്നു......സസ്നെഹം

അരുൺ said...

ഗംഭീരം. മൂകാംബികാചിത്രം അതിമനോഹരമായി.

nanda said...

We need to expose such hidden Barbaric act of the Brahmans of those years who now pretend like innocent & poor Brahmans & mislead the society.