Followers

Tuesday, January 3, 2017

15 അഞ്ചാം പുരയിലെ അന്തര്‍ജ്ജനം SmarthavicharamPainting No. 15 അഞ്ചാം പുരയിലെ അന്തര്‍ജ്ജനം Smarthavicharam

സ്ത്രീകളെ ഇഞ്ചപ്പുല്ലുപോലെ കൈകാര്യം ചെയ്യണമെന്നായിരുന്നു നമ്മുടെ പുരുഷാധിപത്യ സമൂഹത്തിന്‍റെ കാഴ്ച്ചപാട്. ഇഞ്ചപ്പുല്ല് മൂര്‍ച്ചയുള്ളതും ശരീരത്തില്‍ ബ്ലേഡ്കൊണ്ട് വരച്ചതുപോലെ മുറിവുണ്ടാക്കുന്നതുമാണ്.

അതുകൊണ്ടാണ് തേച്ച്ചുകുളിക്കാന്‍ ഉപയോഗിച്ചിരുന്ന ഇന്ച്ചപ്പുല്ല് നന്നായി പതച്ച് /ചതച്ച്  ഉപയോഗിക്കണമെന്ന പഴമൊഴിയുണ്ടായത്. "ഇഞ്ചയും പെണ്ണും പതക്കുന്നെടത്തോളം പതയും" എന്നാണു പഴമൊഴി.

കേരള ചരിത്രത്തില്‍ മനുഷ്യത്വത്തിന് നിരക്കാത്ത രീതിയില്‍ സ്ത്രീകളെ വെറും ഇരുകാലി മൃഗങ്ങളെ പോലെ ദ്രോഹിച്ചിരുന്നത് നമ്പൂതിരി സ്ത്രീകളായ അന്തര്‍ജ്ജനങ്ങളെയായിരുന്നു. ഓരോ നമ്പൂതിരി സ്ത്രീക്കും രണ്ട് നായര്‍ സ്ത്രീകള്‍ വീതം വേലക്കാരികളായി ഉണ്ടായിരിക്കുമെങ്കിലും, ഈ വേലക്കാരികള്‍ അനുഭവിക്കുന്ന മാനുഷിക പരിഗണന പോലും അന്തര്ജ്ജനത്തിനില്ലായിരുന്നു.
കൂട്ടിരുപ്പുകാരെന്ന  പേരില്‍ സദാ കൂടെയുണ്ടാകുന്ന നായര്‍ സ്ത്രീകളുടെ മുഖ്യ ജോലി തന്നെ അന്തര്‍ജ്ജനത്തിന്റെ മനസ്സില്‍ വേലിചാടുന്ന ചിന്തകള്‍ ഉത്ഭാവിക്കുന്നുണ്ടോ എന്ന്‍ കണ്ടുപിടിക്കലായിരുന്നു. അതായത് രണ്ട് നായര്‍ പോലീസുകാരികളുടെ നിരീക്ഷനത്തിലിരിക്കുന്ന ഒരു തടവ്‌ പുള്ളി/ അഥവാ ഒരു പ്രസവിക്കള്‍ യന്ത്രം മാത്രമായിരുന്നു അന്തര്‍ജ്ജനം. സ്വന്തം വീട്ടില്‍ അടുക്കള മാത്രമായിരുന്നു  അന്തര്‍ജ്ജനത്തിന്റെ ലോകം !

ഇങ്ങനെ തടവ്‌ പുള്ളികളെപ്പോലെ കഴിഞ്ഞിരുന്ന അന്തര്‍ജ്ജനങ്ങളെ ഏതെങ്കിലും അന്യ പുരുഷന്‍റെ കണ്‍വെട്ടത്തില്‍ വന്നെന്നോ പോക്കുവെയില്‍ സമയത്തെ നീളം കൂടിയ നിഴലുകള്‍ ഏതെങ്കിലും അന്യ പുരുഷന്‍റെ നിഴലുമായി ഇടഞ്ഞെന്നോ കാരണമാക്കിപ്പോലും അന്തര്‍ജ്ജനങ്ങളെ അന്നത്തെ സദാചാര കോടതിയായ "സ്മാര്‍ത്തവിചാര"ത്തിനു വിധേയമാക്കുന്നത് സാധാരണമായിരുന്നു.
അന്തര്‍ജ്ജനത്തെക്കുറി ച്ച് "സദാചാര ശങ്ക" (സംശയം) ഉണ്ടായാല്‍ ആദ്യം ചോദ്യം ചെയ്യപ്പെടുക  ദാസിമാരായ നായര്‍ സ്ത്രീകളാണ്.

നായര്‍ സ്ത്രീകള്‍ കുറ്റം സ്ഥിരീകരിച്ചാല്‍ അന്തര്‍ജ്ജനത്തെ പിന്നെ "സാധനം" എന്നാണ് വിളിക്കുക. അതോടെ "സാധനത്തെ " അഞ്ചാം പുര എന്ന ഒരു ഇരുട്ട് മുറിയില്‍ തടവിലിടും. അന്തര്‍ജ്ജനത്തെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാനായി പഴുതാര, തേള്‍, പാമ്പ്‌ തുടങ്ങിയ ക്ഷുദ്ര ജീവികളെപ്പോലും അഞ്ചാം പുരയില്‍ കൂട്ടിനിടുന്ന ദുഷ്ടത പോലും ചിലപ്പോള്‍ ഈ സ്ത്രീകള്‍ക്കെതിരെ പ്രയോഗിച്ചിരുന്നു.

ഷോര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ 25 വര്‍ഷം അഞ്ചാം പുരയില്‍ താമസിപ്പിക്കപ്പെട്ട "സാധനത്തെ" നിരപരാധിയാണെന്ന്‍ സ്മാര്‍ത്തന്‍ വിധി കല്‍പ്പിച്ചതിനാല്‍ വീണ്ടും അന്തര്‍ജ്ജനമായി തിരിച്ചെടുത്ത ചരിത്രവുമുണ്ടത്രേ !!

ബ്രാഹ്മണര്‍ കേരളത്തെ ജാതി ഭ്രാന്താലായമായി മാറ്റിയെടുക്കുന്നതില്‍ ഏറ്റവും കൂടുതല്‍ നരാധമമായി പീഡിപ്പിച്ചത് സ്വന്തം സ്ത്രീ ജനങ്ങളെത്തന്നെയായിരുന്നു എന്നത് പഠിക്കപ്പെടെണ്ട ഒരു പുരുഷാധിപത്യ അടിമത്വ താന്ത്രിക രഹസ്യമാണ്.
.........................................................

ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ഈ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

No comments: