Followers

Thursday, March 17, 2016

ഒടിയന്‍ പെയിന്‍റിംഗ്



ചിത്രകാരന്റെ മാർച്ചുമാസത്തിലെ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ചിത്രമായ ഒടിയൻ !

ഒടിയൻമാർ രാത്രി കാലങ്ങളിലെ പേടി സ്വപ്നമായിരുന്ന ഒരു ഇരുണ്ട കാലം തെക്കൻ മലബാറിൽ ഏതാണ്ട് 80 വർഷം മുമ്പുവരെ നിലനിന്നിരുന്നു.

മാന്ത്രികതയിലും അനുഷ്ഠാനത്തിലും തളക്കപ്പെട്ട നിലയിലുള്ള ഒറ്റപ്പെട്ട കൊലപാതകങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അനുഷ്ഠാന ദുരാചാരമായിരുന്നു ഒടിമറിയൽ.

ഒടി മറിയുക എന്നാൽ വേഷം മാറുക എന്നർത്ഥം. നേരം ഇരുട്ടിയാൽ അനുഷ്ഠാനപരമായ ചില പൂജകൾക്കു ശേഷം ഒടിമറിയാൻ തയ്യാറാകുന്ന വ്യക്തി പൂർണ്ണ നഗ്നനായ ശേഷം ചെവികളിൽ പിള്ള തൈലം/പിണ്ണതൈലം എന്നൊരു മാന്ത്രിക എണ്ണ പുരട്ടുന്നതോടെ ആഗ്രഹിക്കുന്ന ഏതെങ്കിലും മൃഗ രൂപം പ്രാപിക്കുകയോ അല്ലെങ്കിൽ അദൃശ്യനാകുകയോ ചെയ്യുമെന്നാണ് വിശ്വാസം.

ഈ മാന്ത്രിക വിശ്വാസത്തിന്റെ ബലത്തിൽ സവർണ്ണ ഹിന്ദു മതത്തിന്റെ കണ്ണിലെ കരടായി കണക്കാക്കിയിരുന്ന അവർണ്ണ (തിയ്യർ) ഹിന്ദുക്കളായ പ്രമുഖരേയോ മുസ്ലീംങ്ങളെയോ (ജോനകർ / മാപ്പിളമാർ ) ഒളിഞ്ഞിരുന്ന് ആക്രമിച്ച് കൊല്ലുക എന്നതാണ് ഒടിയന്റെ രീതി. ഇരയുടെ പിന്നിലൂടെ ഓടി വന്ന് ഒരു വടി കൊണ്ട് പിൻകഴുത്തിൽ ഇടിച്ച് ഇരയെ വീഴ്ത്തുകയും, വീണ് കിടക്കുന്ന ഇരയുടെ കഴുത്തിൽ വടി വച്ച്, രണ്ട് വശങ്ങളിലുമായി വടിയിൽ കയറി നിന്ന് നട്ടെല്ല് പൊട്ടുന്ന വിധം വടിയിൽ ചവിട്ടു കയുമാണ് ചെയ്യുക. ഇര മൃത പ്രായനായെന്നു കണ്ടാൽ ഒടിയൻ ഓടി രക്ഷപ്പെടും.(പൊതുവെ പാവം ഭീരുവാണ് ) പലപ്പോഴും സ്വന്തം വീട്ടുപടിക്കൽ വച്ചു നടക്കുന്ന ആക്രമണമായതിനാലാകണം പാതി ജീവനിൽ ഇഴഞ്ഞ് പൂമുഖത്തെത്തി രക്തം ചർദ്ദിച്ച് മരിക്കകയാണ് ഇരയുടെ വിധി.

ഒടി മറിയാനുള്ള മാന്ത്രികമരുന്നായിരുന്ന പിള്ള തൈലം തയ്യാറാക്കുന്നതിലും ക്രൂരമായ വംശഹത്യയുടെ ഗൂഢാലോചന ഉണ്ടായിരുന്നു. അവർണ്ണ / തിയ്യ തറവാടുകളിലെ ഗർഭിണികളായ സ്ത്രീകളുമായി സ്നേഹവിധേയത്വം കാണിച്ച് അടുത്തുകൂടുന്ന ഒടിയ കുടികളിലെ സ്ത്രീകൾ കാലു തടവിക്കൊടുക്കുന്നതിനിടയിൽ ചില മർമ്മ പ്രയോഗങ്ങളിലൂടെ ഗർഭിണികളുടെ ഗർഭം അലസിപ്പിക്കുന്നതായും മാസ്മരിക വിദ്യയിലൂടെ ഗർഭിണികളെ ആത്മഹത്യക്കു പ്രേരിപ്പിച്ചിരുന്നതായുമൊക്കെ കഥകൾ കേട്ടിട്ടുണ്ട്. ഇങ്ങനെ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്യുന്ന അവർണ്ണ / ഈഴവ സ്ത്രീകളുടെ മൃതശരീരത്തിൽ നിന്നും ശേഖരിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്റെ ശരീരം വാറ്റിയെടുത്തുണ്ടാക്കിയിരുന്ന മാന്ത്രിക മരുന്നാണത്രേ പിള്ള തൈലം!
അദൃശ്യമാകാനുള്ള മരുന്നിന്റെ നിർമ്മാണ രീതി തന്നെ വംശീയ ഉന്മൂലനത്തിന്റെ രാഷ്ട്രീയം പ്രകടമായി കാണാം.

ഒടി മറിഞ്ഞ് ഉദിഷ്ട കൊലപാതകം നടത്തി വരുന്ന ഒടിയൻ കലിയടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയിൽ നിന്നും കാടിവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പൂർവ്വ രൂപം പ്രാപിക്കുകയുള്ളു. ഈ പ്രവർത്തിക്ക് ഒടിയ സ്ത്രീ താമസിക്കുന്ന പക്ഷം, ഒടിയൻ തന്റെ കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ!

ഒടിയന്മാർ എന്ന പേരിലുള്ള വാടക കൊലയാളികൾ ഏറ്റവുമധികം ഉണ്ടായിരുന്ന പ്രദേശമായിരുന്നു ചിത്രകാരന്റെ ജന്മദേശമായ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം, മങ്കട പ്രദേശങ്ങൾ. 1940 കളിൽ പോലും മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഒടിയൻ കൊലപാതകങ്ങൾ നടന്നിരുന്നു. വൈദ്യുത വഴി വിളക്കുകൾ വിപുലമായി സ്ഥാപിക്കപ്പെട്ടതോടെയാണ് ഒടിയന്മാർ രംഗം വിട്ടതെന്നു പറയാം. കാരണം, രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുൻ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന ദൈവീകമായ അനുഷ്ഠാന കർമ്മമാണ് ഒടിയൻ നിർവ്വഹിച്ചിരുന്നത്. ഇരയായ യാത്രക്കാരനെ കൊള്ളചെയ്യുക എന്നതൊന്നും ഒടിയന്റെ ലക്ഷ്യമല്ല.

സ്ഥലത്തെ നാടുവാഴികളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം പ്രധാനികളായ ഈഴവ-തിയ്യരെ / ആശാരി / മൂശാരി / തട്ടാൻ / മാപ്പിള തുടങ്ങിയ അവർണ്ണരെ കൊന്നൊടുക്കി, അവരുടെ സ്വത്ത് കയ്യടക്കുക, അവർണ്ണ കുടുംബത്തെ വഴിയാധാരമാക്കുക തുടങ്ങിയ ബ്രാഹ്മണിക തന്ത്രങ്ങൾ വളരെ വിദഗ്ദമായി നടപ്പാക്കാനായി നിയോഗിക്കപ്പെട്ടിരുന്ന വാടക / അനുഷ്ടാന കൊലയാളികളായിരുന്നു ഒടിയന്മാർ. അകാരണവും, മനുഷ്യത്വ രഹിതവുമായ കൊല മനസ്സാക്ഷിക്കുത്തില്ലാതെ നടത്താനുള്ള ന്യായീകരണമായായിരിക്കണം കൊലപാതകത്തെ അനുഷ്ഠാനമായി വ്യവസ്ഥപ്പെടുത്തിയത് എന്നു കരുതാം.

സത്യത്തിൽ ഒടിയന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊലയാളികൾ മഹാ പാവങ്ങളും മൂല്യബോധവും നന്മയും ഉള്ള ദരിദ്രരായ ഗോത്ര ജനവിഭാഗത്തിൽ നിന്നുള്ളവരാണ്. കുട്ടിക്കാലത്ത് കേട്ടിട്ടുള്ളത് ജനപ്രിയ പാട്ടുകാരുടെ മഹത്തായ പൈതൃകമുള്ള പാണർ എന്ന ഗോത്രക്കാരിൽ നിന്നുള്ള ചിലരെയാണ് സവർണ്ണ ഭരണാധികാരികൾ അധാർമ്മികരാക്കി, ഈ അനുഷ്ഠാനത്തിനായി തിരഞ്ഞെടുത്തിരുന്നത് എന്നാണ്.

ഒടിയന്മാർക്ക് കൊല്ലാനാകാത്ത വിധം പ്രമുഖരായ/ കളരിഅഭ്യസികളായ അവർണ്ണരെ കൊല്ലാൻ നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ദ ഒടിയനെ വെള്ളൊടികൾ എന്നു പറഞ്ഞിരുന്നത്രേ! ഇവർ ഒടി വിദ്യ നടത്തിയാൽ ഇരകൾക്ക് കളരി ചികിത്സകളിലൂടെയുള്ള മറുവൊടിയിലൂടെ രക്ഷപ്പെടാനുള്ള സാധ്യത പോലും വിരളമായിരുന്നത്രേ!

'Odiyan' , my third painting of 2016 under work in progress.
2 feet x 3 feet size, acrylic on canvas.
'Odiyans' were the slaves of savarna Hindu (chathurvarnya) religion of Malabar area of Kerala who's duty were to kill the Buddhist/avarna people (Ezhava/thiyya/Asari/Mopla...) of the area, as the part of a ritual practice. The killings by 'Odiyans' were usual in south malabar till the beginning of twentieth century.

There were two kinds of killers among odiyans. One, traditional tribal odiyan and other vellodi who belonged to savarna nair cast.

( കുറിപ്പ്: മുകളിൽ പറഞ്ഞിരിക്കുന്നത് നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരങ്ങളാണ്. വസുനിഷ്ഠ ചരിത്രത്തിലേക്ക് ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു സഹായിക്കുന്ന ഒരു മിത്തായി ഒടിയനെ കാണാം.)

Thursday, March 3, 2016

കേരളത്തിലെ കഴുവേറ്റി കല്ലുകള്‍- പെയിന്‍റിംഗ്

 My New painting, `Kazhuvetti kallukal' of 2016 Feb., under work in progress.

കേരളത്തിലെ പുരാതനമായ എല്ലാ പ്രമുഖ ക്ഷേത്ര പരിസരങ്ങളിലും ഉണ്ടായിരുന്നതും, ചില അപൂർവ്വം ക്ഷേത്രങ്ങളിൽ ഇപ്പോഴും കാണപ്പെടുന്നതുമായ കഴുവേറ്റി കല്ലുകളെക്കുറിച്ചുള്ള ചിന്തയും പഠനവുമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.

നവ മാധ്യമങ്ങളിലൂടെയാണ് കേരളത്തിലെ കഴുവേറ്റി കല്ലുകൾ എന്ന ചരിത്ര ശേഷിപ്പുകളെക്കുറിച്ച് ചിത്രകാരനു വിവരം ലഭിക്കുന്നത്. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്കടുത്തുള്ള തൃക്കൊടിത്താനം ക്ഷേത്രത്തിൽ കഴുവേറ്റി കല്ല് ഇപ്പോഴും നശിപ്പിക്കപ്പെടാതെ നിലനിൽക്കുന്നണ്ടെന്ന് ചിത്രം സഹിതം ആരോ ( ഓൺലൈൻ സുഹൃത്തായ അരുൺ ആണെന്നു തോന്നുന്നു.) ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. പിന്നീട് അതു പോലുള്ള കഴുവേറ്റി കല്ലുകൾ പെരുമ്പാവൂർ അടുത്തുള്ള അശമന്നൂരിലുമുണ്ടെന്ന് ഡോ. അജയ് ശേഖറിന്റെ ഫേസ്ബുക്ക്  പോസ്റ്റിൽ നിന്നും അറിയാൻ കഴിഞ്ഞു.
ഫേസ്ബുക്കിലൂടെ ഫോട്ടോ കണ്ടെങ്കിലും നേരിട്ടു കണ്ട് ബോധ്യപ്പെടുക എന്നത് വിഷയത്തോട് ഹൃദയ ബന്ധമുണ്ടാക്കാൻ വളരെ പ്രധാനമാണ്.

2015ൽ കോട്ടയത്ത് ചിത്രകാരന്റെ പെയിന്റിങ്ങ് എക്സിബിഷൻ നടത്തുന്നതിനിടയിൽ ചങ്ങനാശ്ശേരിയിലെ തൃക്കൊടിത്താനം ക്ഷേത്രത്തിനു മുന്നിലുള്ള കഴുവേറ്റിക്കല്ല് നേരിൽ കാണാനും, കാലടിയിൽ ചിത്ര പ്രദർശനം നടത്തുന്നതിനിടക്ക് അതിരാവിലെ അജയ് ശേഖറിന്റെ കൂടെ പെരുമ്പാവൂർ അശമന്നൂരിലെ (അശോക മന്നനൂർ) ഒരു ക്ഷേത്രത്തിനടുത്തും ഏറെയകലെയല്ലാത്ത മറ്റൊരു സ്വകാര്യ പുരയിടത്തിലുമുള്ള രണ്ടു കഴുവേറ്റി കല്ലുകൾ സന്ദർശിക്കാനും സാധിച്ചു.
(ബ്ലോഗ് പോസ്റ്റിൽ അവയുടെ ഫോട്ടോകളും നൽകുന്നതായിരിക്കും.)

കേരള ചരിത്രത്തിൽ എട്ടാം നൂറ്റാണ്ടു മുതൽ ആരംഭിച്ച ബ്രാഹ്മണ പുരോഹിതരുടെ നേതൃത്വത്തിലുള്ള സവർണ്ണ ( ജാതീയ) ഹിന്ദു മത മേധാവിത്വ സ്ഥാപനത്തിന്റെ ഭാഗമായി ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കിയിരുന്ന ചരിത്രത്തിന്റെ പ്രതീകാത്മക തെളിവുകളാണ് കഴുവേറ്റി കല്ലുകൾ.
കൂടാതെ, 8 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ബൗദ്ധരുടെ ഉടമസ്തതയിലായിരുന്ന അമ്പലങ്ങളും, പള്ളികളും, പള്ളിക്കൂടങ്ങളും, കാവുകളും, ഭൂസ്വത്തുക്കളും ബ്രാഹ്മണരുടെ അധീനതയിലേക്കു ചേർക്കപ്പെട്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് കഴുവേറ്റി കല്ലുകൾ.

ഇന്നത്തെ കേരളത്തിലെ പിന്നോക്കക്കാരായി കണക്കാക്കപ്പെടുന്ന ഈഴവർ, വിശ്വകർമ്മജർ, എഴുത്തച്ഛന്മാർ, ഗണകന്മാർ, വാണിയർ, ശാലിയർ, മുക്കുവർ തുടങ്ങിയ ജന വിഭാഗങ്ങൾ ക്ഷേത്രപ്രവേശനം വിലക്കപ്പെട്ട് അവർണ്ണർ എന്ന അയിത്ത ജാതിക്കാരായി ബ്രാഹ്മണ പൗരോഹിത്യത്താൽ മുദ്രയടിക്കപ്പെടുന്നത് കഴുവേറ്റിക്കല്ലുകളുടെ സ്ഥാപനത്തിലൂടെയാണ്. (തുടർന്നു നടന്ന അവർണ്ണരെ അടിമത്വവൽക്കരിക്കാനും, കൂട്ടക്കൊലക്കു വിധേയമാക്കാനുമുള്ള ശ്രമങ്ങളിൽ നിന്നും രക്ഷ നേടാനുള്ള ഏക മാർഗ്ഗമായാണ് കൃസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും അവർണ്ണർ കൂട്ടത്തോടെ മത പരിവർത്തനം നടത്താൻ നിർബന്ധിതരാകുന്നത്.)

കാരണം, അക്കാലത്തെ സമ്പന്നരും അമ്പലങ്ങളുടെയും, പള്ളിക്കൂടങ്ങളുടെയും ഉടമകളുമായിരുന്ന ബൗദ്ധ ധർമ്മ വിശ്വാസികളാണ് ബ്രാഹ്മണ അധിനിവേശത്തെ തുടർന്ന് അമ്പലങ്ങളിൽ നിന്നും സ്വത്തുക്കളിൽ നിന്നും എന്നന്നേക്കുമായി പുറത്താക്കപ്പെട്ടിരുന്നത്. ഇങ്ങനെ പുറത്താക്കപ്പെട്ട അവർണ്ണർ (ബൗദ്ധർ) വീണ്ടും ക്ഷേത്ര പരിസരത്തു പ്രവേശിച്ചാൽ നിർദ്ദയം കൊല്ലപ്പെടും എന്ന അറിയിപ്പു നൽകുന്ന അപായ അടയാളമായാണ് കഴുവേറ്റിക്കല്ലുകൾ ഉപയോഗിക്കപ്പെട്ടിരുന്നത്.

മാത്രമല്ല, അക്കാലത്ത് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അവർണ്ണരെ കഴുവേറ്റുക എന്ന ഒഴിച്ചുകൂടാനാകാത്ത ഒരു ആചാരം തന്നെ കേരളത്തിൽ വ്യവസ്തപ്പെടുത്തി നിലനിർത്തിയിരുന്നതായി മലയാളത്തിലെ ചില പഴംചൊല്ലുകളിൽ സൂചനയുണ്ട്. (കഴുവേറ്റു കഴിഞ്ഞാണു കൊടിയേറ്റ് -പഴഞ്ചൊൽ പ്രപഞ്ചം - പ്രൊ. പി.സി. കർത്ത)  ഓരോ വർഷിക ഉത്സവകാലത്തും കഴുവേറ്റൽ ചടങ്ങ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും , ക്ഷേത്രത്തിനു മുന്നിൽ മനുഷ്യ ശരീരം സ്ഥിരമായി കഴുവേറ്റി നിർത്തുമ്പോഴുള്ള ദുർഗന്ധം കണക്കിലെടുത്തും, കാലക്രമത്തിൽ പ്രാദേശികമായി ഒരു സ്ഥിരം കഴുവേറ്റൽ ശിൽപ്പം തന്നെ കരിങ്കല്ലിൽ നിർമ്മിച്ചു സ്ഥാപിക്കുന്ന സമ്പ്രദായം നിലവിൽ വന്നിരിക്കാനും ഇടയുണ്ട്.

അശമന്നൂർ ക്ഷേത്ര പരിസരങ്ങളിലും പുരയിടത്തിലുമായി കാണപ്പെടുന്ന കഴുവേറ്റിക്കല്ലുകൾ ഏറെക്കുറെ റിയലിസ്റ്റിക്കായി ഒരു മനുഷ്യനെ കഴുവേറ്റിയിരിക്കുന്നതിന്റെ ശാരീരികമായ ഒടിഞ്ഞു തൂങ്ങൽ സ്പഷ്ടമാക്കുന്നുണ്ട്. എന്നാൽ, ചങ്ങനാശ്ശേരി തൃക്കൊടിത്താനം ക്ഷേത്രത്തിനു മുന്നിലുള്ള കഴുവേറ്റിക്കല്ല് ഒരു ബുദ്ധ ഭിക്ഷുവിന്റെ സിംബോളിക്കായ രൂപം തിരശ്ചീനമായി ചതുരത്തിലുള്ള തൂണിൽ താങ്ങി നിർത്തുന്ന നിലയിലാണള്ളത്. ഭിക്ഷു വിന്റെ കയ്യിലെ ഭിക്ഷാ പാത്രവും വ്യക്തമാണ്.

തൃക്കൊടിത്താനം ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയിപ്പ് ക്ഷേത്രനടയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രാദേശിക ഭക്തി ടൂറിസ്റ്റു കേന്ദ്രം എന്നതിലുപരി ശാസത്രീയമായി പരിരക്ഷിക്കപ്പെടേണ്ട ചരിത്ര സ്മാരകമായൊന്നും ക്ഷേത്രമോ കഴുവേറ്റി കല്ലോ പരിഗണിക്കപ്പെടുന്നതായി തോന്നുന്നില്ല.

ചരിത്ര തെളിവുകൾ എന്ന നിലയിൽ കഴുവേറ്റി കല്ലുകളുടെ കാല ഗണന ശാസത്രീയമായി കണക്കാക്കാനും അതിന്റെ ചരിത്ര പ്രാധാന്യം പ്രദേശവാസികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും അടിയന്തിരമായി വേണ്ടതു ചെയ്യാത്ത പക്ഷം കഴുവേറ്റി കല്ലു തന്നെ നശിപ്പിക്കപ്പെടുകയോ ചവിട്ടുകലുകളോ അലക്കു കല്ലുകളോ ആക്കി ജനശ്രദ്ധയിൽ നിന്ന് മറച്ചു കളയാനോ നമ്മുടെ ഭക്തി വ്യവസായ സംസ്കാരവും പൗരോഹിത്യവും കൂട്ടായി ശ്രമിക്കാനിടയുണ്ട്.

സ്ഥലത്തെ അവർണ്ണ പിന്നോക്ക ജന വിഭാഗങ്ങളും ശാസ്ത്ര-ചരിത്രബോധമുള്ള പുരോഗമനേച്ഛുക്കളും ജാഗ്രതയോടെ കഴുവേറ്റി കല്ലുകളുടെ സംരക്ഷണത്തിനായി സാംസ്കാരിക ചരിത്രബോധത്തോടെ സംഘടിച്ച് പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട് വേണ്ടതു ചെയ്യണമെന്ന് ചിത്രകാരൻ അഭ്യർത്ഥിക്കുന്നു.

കാരണം, നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വംശീയ ദുരഭിമാനങ്ങളും, സവർണ്ണ ജാതീയതയും ഫാസിസമായി രൂപ മാറ്റത്തിനു വിധേയമാകുന്നത് ചരിത്ര സത്യങ്ങളെ നേരിൽ കാണാനും മനസ്സിലാക്കാനും സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാത്തതു കൊണ്ടു കൂടിയാണ് എന്നുള്ളതിനാൽ ചരിത്രത്തിന്റെ നേർ സാക്ഷ്യമായ കഴുവേറ്റി കല്ലുകൾ നമ്മുടെ പൊതുബോധത്തിൽ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നത് മാനവികമായ അവബോധം സൃഷ്ടിക്കാൻ കാരണമാകും. ചിത്രകാരന്റെ കഴുവേറ്റിക്കല്ലിനെക്കുറിച്ചുള്ള ഈ ചിത്രത്തിന്റെ ലക്ഷ്യവും ചരിത്രത്തെ സത്യസന്ധമാക്കുക എന്നതാണ്.

ഗൂഗിള്‍ പ്ലസ് പോസ്റ്റിലേക്കുള്ള ലിങ്ക് 

ഫേസ് ബുക്ക് പോസ്റ്റ്‌ ലിങ്ക്

This painting deals with the history behind the stone sculptures called 'kazhuvetti kallu' which symbolize crucifications of Buddhist monks, found with some temples of Kerala. Those temples were Buddhist centers of worship in olden days. It reveals the history of violence associated with the temples of Kerala from 8th century AD onwards, that made the majority of people untouchables and banned from temple entry for more than a period of 1200 years. (kazhuvetti kallukal means granite stone sculptures depicting crucification of Buddhist monks. which are found in front of Thrikodithanam temple at Changanachery/Changassery in Kottayam Dist. and near a temple at Asamannur in Perumbavur.

മൂന്നു കഴുവേറ്റി കല്ലുകളാണ് ചിത്രകാരന് ഇതുവരെ കാണാനായത്.
1) ത്രികൊടിത്താനം ക്ഷേത്രം, ചങ്ങനാശ്ശേരി
2) പെരുംബാവൂരിനടുത്തുള്ള അശമാന്നൂരിലെ ഒരു പുരയിടത്തിലെത്.
3) അസമാന്നൂരില്‍ തന്നെയുള്ള തിരുവല്ലാഴപ്പന്‍ ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ളത്.

മൂന്നു കഴുവേറ്റി കല്ലുകളുടെയും ഫോട്ടോകള്‍ താഴെ പോസ്റ്റു ചെയ്യുന്നു.


1) ത്രികൊടിത്താനം ക്ഷേത്രം, ചങ്ങനാശ്ശേരി

 തൃക്കൊടിത്താനം ക്ഷേത്രത്തിനു മുന്നിലുള്ള ബുദ്ധ ഭിക്ഷുവിന്‍റെ തിരശ്ചീനമായ കഴുവേറ്റിക്കല്‍ ശില്‍പ്പം അത്രക്ക് ഭീകരമല്ല. ഒരു ഉറങ്ങുന്ന യോഗിയെപ്പോലെ കൂടുതല്‍ ക്രൂരതയൊന്നും പ്രദര്ശിപ്പിക്കാത്ത രീതിയിലുള്ളതാണ്‌ ഇത്. അതുകൊണ്ട് തന്നെ ഈ കഴുവേറ്റികല്ല്‌ അധികം പഴക്കമുള്ളതാകാന്‍ സാധ്യതയില്ല.  ക്ഷേത്രത്തിനു മുന്നില്‍ കഴുവേറ്റി കല്ല്‌ സ്ഥാപിക്കണം എന്ന ആചാരം അനുഷ്ടടിക്കാന്‍ വേണ്ടി അടുത്തകാലത്ത് നിര്‍മ്മിക്കപ്പെട്ട കഴുവേറ്റി കല്ലാകാം ഇത്. മാത്രമല്ല, ചതുരത്തിലുള്ള ഗ്രാനൈറ്റ് തൂണും നിസാരമായ ഒരു ബോമ്മയുടെ പ്രാധാന്യം മാത്രം നല്‍കിക്കൊണ്ടുള്ള ബുദ്ധഭിക്ഷുവിന്‍റെ ശരീരവും ഒരു വഴിപാടു നടത്തുന്ന താല്‍പ്പര്യമേ കഴുവേറ്റി കല്ലിന്റെ നിര്‍മ്മാണത്തില്‍ പുലര്‍ത്തിയിട്ടുള്ള് എന്ന് വിളിച്ചു പറയുന്നുണ്ട്.
 തൃക്കൊടിത്താനം ക്ഷേത്രത്തിലെ തന്നെ കഴുവേറ്റികല്ലിനെ ക്ഷേത്രത്തില്‍ നിന്നും നോക്കുമ്പോള്‍ ബുദ്ധ ഭിക്ഷുവിന്റെ ഇടത്തെ കയ്യിലെ ഭിക്ഷാ പാത്രവും കാണാം. ചിത്രത്തില്‍ ഇഷ്ടികകള്‍ അടുക്കി വച്ചിരിക്കുന്നതിനും ബൈക്ക് നിര്‍ത്തിയതിനും അപ്പുറത്ത് ക്ഷേത്രക്കുളം കാണാം. അതായത് കുളത്തിനും ക്ഷേത്രത്തിനും ഇടക്കുള്ള ക്ഷേത്ര വഴിയിലാണ് കഴുവേറ്റി കല്ല്‌ സ്ഥാപിച്ചിരിക്കുന്നത്.
വളരെ അനായാസം നശിപ്പിക്കാവുന്ന സാഹചര്യത്തിലാണ് കഴുവേറ്റി കല്ല്‌ ഇപ്പോള്‍ സ്ഥിതിചെയ്യുന്നത്. ചുറ്റും ഒരു സംരക്ഷണ മതിലും ഇരുംബഴികളും സ്ഥാപിച്ച് ഈ അപൂര്‍വ്വ ചരിത്ര സ്മാരകത്തെ സംരക്ഷിക്കേണ്ടതുണ്ട്.

ആര്‍ക്കിയോളജി വകുപ്പിന്റെ സംരക്ഷിത ചരിത്ര സ്മാരക പട്ടികയില്‍ തൃക്കൊടിത്താനം ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയതായി നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചരിത്രം അറിയുന്ന പ്രബുദ്ധ ജനങ്ങളുടെ ജാഗ്രതയാണ് ഏറ്റവും പ്രധാനമായി ഉണ്ടാകേണ്ടത്. കാരണം ഈ ക്ഷേത്രത്തില്‍ വിവിധ കാലഘട്ടങ്ങളിലായി  മൂന്നോ നാലോ പാളികളായി ഹിംസയുടെ അധിനിവേശം നടന്നിരിക്കാനിടയുണ്ടെന്നാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകളുടെ എണ്ണക്കൂടുതല്‍ സൂചിപ്പിക്കുന്നത്. അതിന്‍റെ വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള തെളിവുകളും ഇവിടെ മറഞ്ഞു കിടക്കാനിടയുണ്ട്.

  
 പൊതുവേ, വിഗ്രഹങ്ങളില്ലാത്ത ബുദ്ധ വിഹാരങ്ങളും പള്ളികളും അമ്പലങ്ങളും കാവുകളും ബ്രാഹ്മണ അധിനിവേശം നടക്കുമ്പോള്‍ ഒരു ശിവലിംഗം സ്ഥാപിച്ച് സവര്‍ണ്ണവല്‍ക്കരിക്കുകയാണ് പതിവ്.  ഇവിടെ ശിവലിംഗ പ്രതിഷ്ട്ട കൊണ്ട് ബൌദ്ധരുടെ /അവര്‍ണ്ണരുടെ ഈ ക്ഷേത്രത്തോടുള്ള മമത നശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം കൂടുതല്‍ ഹിംസാത്മക പുരാണ ശക്തിയുള്ള സവര്‍ണ്ണ ദൈവ സംങ്കല്‍പ്പങ്ങളെ തുടര്‍ച്ചയായി പ്രതിഷ്ടിച്ചതായികാണുന്നു. ബുദ്ധന്റെ തന്നെ മഹായാന ബൌദ്ധ പതിപ്പായ ഗണപതിയെ പ്രധാന ദൈവമായി പ്രതിഷ്ടിച്ച് അവര്‍ണ്ണരെ (ബൌദ്ധരെ) പ്രീണിപ്പിച്ച് ഒതുക്കാനും, ബ്രാഹ്മണ ദൈവ സംങ്കല്‍പ്പങ്ങളില്‍ ഏറ്റവും ഭീഭത്സമായ  നരഭോജി ദൈവമായ നരസിംഹത്തെയും ഇവിടെ പ്രധാന പ്രതിഷ്ഠയാക്കി ഹിംസാത്മക പ്രതിരോധത്താല്‍ ചേകവ പൊളപ്പ് അമര്‍ച്ച ചെയ്യാനും പൌരോഹിത്യം നന്നായി അദ്ധ്വാനിച്ചിട്ടുണ്ട്. ഏറ്റവും അവസാനം പ്രതിഷ്ടിച്ച ലക്ഷ്മി സമേതനായ മഹാവിഷ്ണുവിന്‍റെ പേരിലാണ് ക്ഷേത്രം ഇപ്പോള്‍ മഹാ ക്ഷേത്രമായി  അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ക്ഷേത്രത്തില്‍ധാരാളം ചരിത്ര സത്യങ്ങള്‍ മറഞ്ഞുകിടക്കാനിടയുണ്ട്.


2) പെരുംബാവൂരിനടുത്തുള്ള അശമാന്നൂരിലെ ഒരു പുരയിടത്തിലെ കഴുവേറ്റി കല്ല്‌


 അശമന്നൂരിലെതാണ് ഈ കഴുവേറ്റി കല്ല്‌. ഒരു വീടിന്‍റെ മുന്നിലുള്ള അതിരില്‍ സ്ഥലത്തിന്റെ അതിര് അടയാളപ്പെടുത്താനായി എവിടെനിന്നോ കൊണ്ടുവന്നു സ്ഥാപിച്ചതാകാം ഈ കഴുവേറ്റി കല്ല്‌. ഏതോ ക്ഷേത്ര മുറ്റത്തുനിന്നും പിഴുതെറിഞ്ഞ തായിരിക്കണം.  അശമന്നൂര്‍ എന്ന സ്ഥലപ്പേരില്‍ തന്നെ അശോക മന്നന്‍റെ ഊര് എന്നൊരു വിശദീകരണമുണ്ട്. തൃക്കൊടിത്താനം ക്ഷേത്രത്തില്‍ കണ്ടതുപോലല്ല, കഴുവേറ്റപ്പെട്ട ഒരു മനുഷ്യ ശരീരത്തിന്റെ ഒടിവും വളവുമെല്ലാം കഴുവേറ്റി കല്ലിലെ മനുഷ്യ രൂപത്തില്‍ പ്രകടമാണ്.
സിലിണ്ടറിക്കലായ തൂണിനു മുകളിലാണ് ബുദ്ധഭിക്ഷുവിന്‍റെ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. തൂണില്‍ വട്ടെഴുത്ത് പോലുള്ള ലിപിയില്‍ ശിലാലിഖിതവും കാണുന്നുണ്ട്. ലിഖിതം ഡെസിഫര്‍ ചെയ്തെടുക്കാന്‍ നമ്മുടെ പുരാവസ്തു വകുപ്പ് എന്തെങ്കിലും ചെയ്‌താല്‍ നന്നായിരുന്നു. കഴുവേറ്റി കല്ല്‌ നിര്‍മ്മിച്ച വര്‍ഷവും ആര്‍ ആര്‍ക്കു വേണ്ടി ഇത് ക്ഷേത്രത്തിനു വേണ്ടി നിര്‍മ്മിച്ചു എന്നതെല്ലാം ശിലാലിഖതത്തില്‍ ഉണ്ടാകാനിടയുണ്ട്.


കഴുവേറ്റികല്ലിന്റെ മരുവശത്തില്‍ നിന്നുള്ള കാഴ്ച്ച.
താഴത്തെ ചിത്രത്തില്‍ ഡോ. അജയ് ശേഖര്‍  ചിത്രകാരന്‍



3) അസമാന്നൂരില്‍ തിരുവല്ലാഴപ്പന്‍ ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ളത്.  

തിരുവില്ലാഴപ്പന്‍ ക്ഷേതത്തിന്റെ പിന്‍ മതിലിന്‍റെ കോണില്‍ ഇപ്പോള്‍ അനാഥമായി  നില്‍ക്കുന്ന ഈ കഴുവേറ്റി കല്ല്‌ ക്ഷേത്ര മുറ്റത്തുനിന്നും ഇവിടേക്ക് മാറ്റി സ്ഥാപിച്ച്തായിരിക്കണം.



സിലിണ്ടറിക്കലായ തൂണിലാണ് ശില്‍പ്പം ചെയ്തിരിക്കുന്നത്‌ എന്നതിനാല്‍ തൃക്കൊടിത്താനം ക്ഷേത്രത്തിലെ കഴുവേറ്റി കല്ലിനേക്കാള്‍ പഴക്കം ഉണ്ടായിരിക്കും. മാത്രമല്ല, കഴുവേറ്റപ്പെട്ട ബൌദ്ധ മുനിയുടെ കൈകളും കാലുകളും തൂണില്‍ നിന്നും അകത്തി നിര്‍ത്തുന്നതിനും, എന്നാല്‍, കൈകാലുകള്‍ക്ക് സപ്പോര്‍ട്ട് ലഭിക്കാനുമായി വേണ്ട മുന്‍കരുതലുകള്‍ ശില്‍പ്പരചനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.


ഇത് കഴുവേറ്റപ്പെട്ട ബൌദ്ധന്‍റെ മുഖവും കൈകളും കാണാനാകുന്ന ആങ്കിളിലുള്ള പടമാണ്. കഴുത്തിലുള്ള സൂഷ്മാസംങ്ങളടക്കം നന്നായി കാണുന്ന വിധം സ്വാഭാവികത ഈ കഴുവേറ്റി കല്ലില്‍ കാണുന്നുണ്ട്.
ഈ കഴുവേറ്റി കല്ലിന്‍റെ ഉടലിന്‍റെ പകുതി ഭാഗവും കാലുകളും പൊട്ടിപ്പോയിരിക്കുന്നു.


കഴുവേറ്റി കല്ലില്‍ നിന്നും പൊട്ടിപ്പോയ ഉടലും കാലുകളും ഏതാണ്ട് 15 അടി ദൂരെയായി നടപ്പാതയില്‍ പുല്ലുമൂടി കിടക്കുന്നത് അജയ് കണ്ടെത്തുന്നു. ബുദ്ധ ഭിക്ഷുവിന്റെ  കാലില്‍ ഉടുതുണിയുടെ ചുളിവുകളും മടക്കുകളും വ്യക്തമായി കാണുന്നത് ശ്രദ്ധിക്കുക. ഇത്രയും ചരിത്ര പ്രാധാന്യമേറിയ ഒരു അപൂര്‍വ്വ പുരാവസ്തു ശില്‍പ്പമാണ് ചവിട്ടു വഴിയില്‍ കിടക്കുന്നത് എന്ന്‍ തിരിച്ചറിയാനുള്ള സേഷിയില്ലാത്തതില്‍ നമുക്ക് ലജ്ജിക്കുകയെ നിവൃത്തിയുള്ളൂ.