Followers

Thursday, March 17, 2016

ഒടിയന്‍ പെയിന്‍റിംഗ്



ചിത്രകാരന്റെ മാർച്ചുമാസത്തിലെ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ചിത്രമായ ഒടിയൻ !

ഒടിയൻമാർ രാത്രി കാലങ്ങളിലെ പേടി സ്വപ്നമായിരുന്ന ഒരു ഇരുണ്ട കാലം തെക്കൻ മലബാറിൽ ഏതാണ്ട് 80 വർഷം മുമ്പുവരെ നിലനിന്നിരുന്നു.

മാന്ത്രികതയിലും അനുഷ്ഠാനത്തിലും തളക്കപ്പെട്ട നിലയിലുള്ള ഒറ്റപ്പെട്ട കൊലപാതകങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അനുഷ്ഠാന ദുരാചാരമായിരുന്നു ഒടിമറിയൽ.

ഒടി മറിയുക എന്നാൽ വേഷം മാറുക എന്നർത്ഥം. നേരം ഇരുട്ടിയാൽ അനുഷ്ഠാനപരമായ ചില പൂജകൾക്കു ശേഷം ഒടിമറിയാൻ തയ്യാറാകുന്ന വ്യക്തി പൂർണ്ണ നഗ്നനായ ശേഷം ചെവികളിൽ പിള്ള തൈലം/പിണ്ണതൈലം എന്നൊരു മാന്ത്രിക എണ്ണ പുരട്ടുന്നതോടെ ആഗ്രഹിക്കുന്ന ഏതെങ്കിലും മൃഗ രൂപം പ്രാപിക്കുകയോ അല്ലെങ്കിൽ അദൃശ്യനാകുകയോ ചെയ്യുമെന്നാണ് വിശ്വാസം.

ഈ മാന്ത്രിക വിശ്വാസത്തിന്റെ ബലത്തിൽ സവർണ്ണ ഹിന്ദു മതത്തിന്റെ കണ്ണിലെ കരടായി കണക്കാക്കിയിരുന്ന അവർണ്ണ (തിയ്യർ) ഹിന്ദുക്കളായ പ്രമുഖരേയോ മുസ്ലീംങ്ങളെയോ (ജോനകർ / മാപ്പിളമാർ ) ഒളിഞ്ഞിരുന്ന് ആക്രമിച്ച് കൊല്ലുക എന്നതാണ് ഒടിയന്റെ രീതി. ഇരയുടെ പിന്നിലൂടെ ഓടി വന്ന് ഒരു വടി കൊണ്ട് പിൻകഴുത്തിൽ ഇടിച്ച് ഇരയെ വീഴ്ത്തുകയും, വീണ് കിടക്കുന്ന ഇരയുടെ കഴുത്തിൽ വടി വച്ച്, രണ്ട് വശങ്ങളിലുമായി വടിയിൽ കയറി നിന്ന് നട്ടെല്ല് പൊട്ടുന്ന വിധം വടിയിൽ ചവിട്ടു കയുമാണ് ചെയ്യുക. ഇര മൃത പ്രായനായെന്നു കണ്ടാൽ ഒടിയൻ ഓടി രക്ഷപ്പെടും.(പൊതുവെ പാവം ഭീരുവാണ് ) പലപ്പോഴും സ്വന്തം വീട്ടുപടിക്കൽ വച്ചു നടക്കുന്ന ആക്രമണമായതിനാലാകണം പാതി ജീവനിൽ ഇഴഞ്ഞ് പൂമുഖത്തെത്തി രക്തം ചർദ്ദിച്ച് മരിക്കകയാണ് ഇരയുടെ വിധി.

ഒടി മറിയാനുള്ള മാന്ത്രികമരുന്നായിരുന്ന പിള്ള തൈലം തയ്യാറാക്കുന്നതിലും ക്രൂരമായ വംശഹത്യയുടെ ഗൂഢാലോചന ഉണ്ടായിരുന്നു. അവർണ്ണ / തിയ്യ തറവാടുകളിലെ ഗർഭിണികളായ സ്ത്രീകളുമായി സ്നേഹവിധേയത്വം കാണിച്ച് അടുത്തുകൂടുന്ന ഒടിയ കുടികളിലെ സ്ത്രീകൾ കാലു തടവിക്കൊടുക്കുന്നതിനിടയിൽ ചില മർമ്മ പ്രയോഗങ്ങളിലൂടെ ഗർഭിണികളുടെ ഗർഭം അലസിപ്പിക്കുന്നതായും മാസ്മരിക വിദ്യയിലൂടെ ഗർഭിണികളെ ആത്മഹത്യക്കു പ്രേരിപ്പിച്ചിരുന്നതായുമൊക്കെ കഥകൾ കേട്ടിട്ടുണ്ട്. ഇങ്ങനെ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്യുന്ന അവർണ്ണ / ഈഴവ സ്ത്രീകളുടെ മൃതശരീരത്തിൽ നിന്നും ശേഖരിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്റെ ശരീരം വാറ്റിയെടുത്തുണ്ടാക്കിയിരുന്ന മാന്ത്രിക മരുന്നാണത്രേ പിള്ള തൈലം!
അദൃശ്യമാകാനുള്ള മരുന്നിന്റെ നിർമ്മാണ രീതി തന്നെ വംശീയ ഉന്മൂലനത്തിന്റെ രാഷ്ട്രീയം പ്രകടമായി കാണാം.

ഒടി മറിഞ്ഞ് ഉദിഷ്ട കൊലപാതകം നടത്തി വരുന്ന ഒടിയൻ കലിയടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയിൽ നിന്നും കാടിവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പൂർവ്വ രൂപം പ്രാപിക്കുകയുള്ളു. ഈ പ്രവർത്തിക്ക് ഒടിയ സ്ത്രീ താമസിക്കുന്ന പക്ഷം, ഒടിയൻ തന്റെ കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ!

ഒടിയന്മാർ എന്ന പേരിലുള്ള വാടക കൊലയാളികൾ ഏറ്റവുമധികം ഉണ്ടായിരുന്ന പ്രദേശമായിരുന്നു ചിത്രകാരന്റെ ജന്മദേശമായ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം, മങ്കട പ്രദേശങ്ങൾ. 1940 കളിൽ പോലും മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഒടിയൻ കൊലപാതകങ്ങൾ നടന്നിരുന്നു. വൈദ്യുത വഴി വിളക്കുകൾ വിപുലമായി സ്ഥാപിക്കപ്പെട്ടതോടെയാണ് ഒടിയന്മാർ രംഗം വിട്ടതെന്നു പറയാം. കാരണം, രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുൻ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന ദൈവീകമായ അനുഷ്ഠാന കർമ്മമാണ് ഒടിയൻ നിർവ്വഹിച്ചിരുന്നത്. ഇരയായ യാത്രക്കാരനെ കൊള്ളചെയ്യുക എന്നതൊന്നും ഒടിയന്റെ ലക്ഷ്യമല്ല.

സ്ഥലത്തെ നാടുവാഴികളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം പ്രധാനികളായ ഈഴവ-തിയ്യരെ / ആശാരി / മൂശാരി / തട്ടാൻ / മാപ്പിള തുടങ്ങിയ അവർണ്ണരെ കൊന്നൊടുക്കി, അവരുടെ സ്വത്ത് കയ്യടക്കുക, അവർണ്ണ കുടുംബത്തെ വഴിയാധാരമാക്കുക തുടങ്ങിയ ബ്രാഹ്മണിക തന്ത്രങ്ങൾ വളരെ വിദഗ്ദമായി നടപ്പാക്കാനായി നിയോഗിക്കപ്പെട്ടിരുന്ന വാടക / അനുഷ്ടാന കൊലയാളികളായിരുന്നു ഒടിയന്മാർ. അകാരണവും, മനുഷ്യത്വ രഹിതവുമായ കൊല മനസ്സാക്ഷിക്കുത്തില്ലാതെ നടത്താനുള്ള ന്യായീകരണമായായിരിക്കണം കൊലപാതകത്തെ അനുഷ്ഠാനമായി വ്യവസ്ഥപ്പെടുത്തിയത് എന്നു കരുതാം.

സത്യത്തിൽ ഒടിയന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊലയാളികൾ മഹാ പാവങ്ങളും മൂല്യബോധവും നന്മയും ഉള്ള ദരിദ്രരായ ഗോത്ര ജനവിഭാഗത്തിൽ നിന്നുള്ളവരാണ്. കുട്ടിക്കാലത്ത് കേട്ടിട്ടുള്ളത് ജനപ്രിയ പാട്ടുകാരുടെ മഹത്തായ പൈതൃകമുള്ള പാണർ എന്ന ഗോത്രക്കാരിൽ നിന്നുള്ള ചിലരെയാണ് സവർണ്ണ ഭരണാധികാരികൾ അധാർമ്മികരാക്കി, ഈ അനുഷ്ഠാനത്തിനായി തിരഞ്ഞെടുത്തിരുന്നത് എന്നാണ്.

ഒടിയന്മാർക്ക് കൊല്ലാനാകാത്ത വിധം പ്രമുഖരായ/ കളരിഅഭ്യസികളായ അവർണ്ണരെ കൊല്ലാൻ നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ദ ഒടിയനെ വെള്ളൊടികൾ എന്നു പറഞ്ഞിരുന്നത്രേ! ഇവർ ഒടി വിദ്യ നടത്തിയാൽ ഇരകൾക്ക് കളരി ചികിത്സകളിലൂടെയുള്ള മറുവൊടിയിലൂടെ രക്ഷപ്പെടാനുള്ള സാധ്യത പോലും വിരളമായിരുന്നത്രേ!

'Odiyan' , my third painting of 2016 under work in progress.
2 feet x 3 feet size, acrylic on canvas.
'Odiyans' were the slaves of savarna Hindu (chathurvarnya) religion of Malabar area of Kerala who's duty were to kill the Buddhist/avarna people (Ezhava/thiyya/Asari/Mopla...) of the area, as the part of a ritual practice. The killings by 'Odiyans' were usual in south malabar till the beginning of twentieth century.

There were two kinds of killers among odiyans. One, traditional tribal odiyan and other vellodi who belonged to savarna nair cast.

( കുറിപ്പ്: മുകളിൽ പറഞ്ഞിരിക്കുന്നത് നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരങ്ങളാണ്. വസുനിഷ്ഠ ചരിത്രത്തിലേക്ക് ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു സഹായിക്കുന്ന ഒരു മിത്തായി ഒടിയനെ കാണാം.)

No comments: