Followers

Saturday, March 28, 2015

ഏകലവ്യന്റെ ത്യാഗംഏകാലവ്യനെക്കുറിച്ച് നമുക്ക് നല്ലതേ പറയാനുണ്ടാകു. കാരണം, ഏകലവ്യന്‍ പരസഹായമില്ലാതെ അമ്പെയ്ത്തില്‍ (ധനുര്‍ വിദ്യ എന്ന് സംസ്കൃതം) അര്‍ജ്ജുനനെയും കര്‍ണ്ണനെയും അവരുടെ ഗുരുവായ ദ്രോണാചാര്യരെയും അതിശയിപ്പിച്ച അസാധാരണ പ്രതിഭയായിരുന്നു എന്ന് മഹാഭാരതം സാക്ഷ്യപ്പെടുത്തുമ്പോള്‍ നമുക്കും ആരാധന തോന്നും. ഏകലവ്യനു തന്‍റെ അസാധാരണ സാമര്‍ത്ഥ്യത്തിന്‍റെ പേരില്‍ നഷ്ടപ്പെട്ടത് സ്വന്തം പെരുവിരലാണ്. ആ നഷ്ടത്തില്‍ നമുക്ക് അത്യധികം വ്യസനമുന്റെന്നതും ശരിയാണ്.
 എന്നാല്‍ നമ്മുടെ ചിന്താശേഷിയും മനുഷ്യത്വവും ആ സഹതാപത്തിനപ്പുറം വളരാതെ മുരടിച്ചു നില്‍ക്കുന്നു എന്ന സത്യം മനസ്സിലാക്കേണ്ടതുണ്ട്.

ഏകലവ്യന് പെരുവിരല്‍ നഷ്ടപ്പെട്ടതോടെ താന്‍ സ്വ പ്രയത്നത്താല്‍ നേടിയെടുത്ത ധനുര്‍ വിദ്ദ്യയിലെ അഗ്രിമ സ്ഥാനം എന്നന്നേക്കുമായി നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍, ആ നഷ്ടത്തിന്‍റെ ഉത്തരവാദിയായ ദ്രോണാചാര്യന്‍ എന്ന നരാധമനായ ഗുരുവിനു നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ നമ്മുടെ ചിന്താശേഷിക്ക്  അവകാശം ഇല്ലെന്ന്‍ നാം ഈ ആധുനിക കാലത്തുപോലും വിശ്വസിക്കുന്നുണ്ട്. ദ്രോണാചാര്യരെ വിചാരണ ചെയ്ത് ജയിലിലിടാന്‍ വേണ്ടിയല്ല. നമ്മുടെ ധാര്‍മ്മികതയേയും നീതിബോധത്തെയും സംസ്ക്കരിച്ചെടുക്കാന്‍ ഏകലവ്യന്റെ ത്യാഗത്തിന്‍റെ പിന്നിലെ കുടില ബുദ്ധിയെ പഠിക്കേണ്ടതുണ്ട്.

വിദൂരമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്‍റെ ധാര്‍മ്മിക ബാദ്ധ്യതയുടെ പേരില്‍ ഗുരു ദക്ഷിണയായി തന്റെ പെരുവിരല്‍ ദ്രോണാചാര്യര്‍ക്ക് സമര്‍പ്പിച്ച് കാലയവനികക്ക് പിന്നില്‍ മറഞ്ഞ ഏകലവ്യന്‍ നമ്മുടെ ഹൃദയത്തില്‍ ഒരു നീറുന്ന വേദനയായി ഇന്നും ജീവിക്കുന്നുണ്ട്. ആ വേദനയും ത്യാഗവും കാണാതെ പോയാല്‍ നമ്മുടെ നീതിബോധത്തിനും സാംസ്ക്കാരികതക്കും മുന്നോട്ടു പോകാനാകില്ല.

ഏകലവ്യന്‍ ഒരു സംങ്കല്പ്പിക കഥാപാത്രം മാത്രമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ നമ്മുടെ സാംസ്ക്കാരികതയില്‍ ഹിംസാത്മകമായി ഇന്നും നിലനില്‍ക്കുന്ന അറിവിന്‍റെ കുത്തകവല്‍ക്കരണത്തിനായുള്ള കുടില തന്ത്രങ്ങളെ തിരിച്ചറിയാനുള്ള അനുഭവ പാഠമായി ഏകലവ്യന്റെ ഗുരുദക്ഷിണയെ പഠിക്കേണ്ടിയിരിക്കുന്നു. മനുസ്മ്രിതിയുടെ അവതാരകരായ ബ്രാഹ്മണരുടെ സവര്‍ണ്ണ/ജാതീയ മതം എങ്ങിനെയാണ് അറിവിനെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും ഇല്ലായ്മ ചെയ്ത് തങ്ങളുടെ വംശീയ ചൂഷണ വ്യവസ്ഥിതി നടപ്പിലാക്കിയതെന്നും , ഭാരതീയ ഗോത്ര ജനതയുടെ അംബൈത്തെന്ന പ്രതിരോധ ശാസ്ത്രത്തെ ധനുര്‍വിദ്യയായി സംസ്കൃതവല്‍ക്കരിച്ച് , മോഷ്ടിച്ച് തങ്ങളുടെതാക്കിയതെന്നും മഹാഭാരതത്തിലെ ഏകലവ്യന്റെ ത്യാഗ കഥ തെളിവ് നല്‍കുന്നു.

....................................................................................................................................

(ഏകലവ്യന്റെ ത്യാഗം എന്ന ഈ ചിത്രം ചിത്രകാരന്‍റെ ഇന്റര്‍നെറ്റ്‌ സൌഹൃദ കൂട്ടായ്മയിലെ (ഗൂഗിള്‍ പ്ലസ്) സുഹൃത്തുക്കളായ ശ്രീമതി ജയ എം. , ശ്രീ. സുന്ദരന്‍ കണ്ണാടത്ത് (പുല്ലൂരാമ്പാറ, കോഴിക്കോട് ജില്ല) ദമ്പതികള്‍ നല്‍കിയ സഹൃദയ സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ വരക്കപ്പെട്ട ചിത്രം കൂടിയാണ്.)

1 comment:

ajith said...

വിരല്‍ നഷ്ടപ്പെട്ടതിന്റെ കുറവ് നിനക്ക് ജീവിതത്തിലൊരിക്കലും ഉണ്ടാവുകയില്ല എന്നൊരു വരവും കൂടെ കൊടുത്തതായിട്ട് കുട്ടിക്കാലത്തെവിടെയോ വായിച്ച ഓര്‍മ്മയുണ്ട്. അങ്ങനെ ഒരു കഥ ഉണ്ടോ അതോ ദ്രോണനെ ന്യായീകരിക്കാന്‍ ആരുടെയെങ്കിലും ബുദ്ധിയില്‍ വിരിഞ്ഞ കൂട്ടിച്ചേര്‍ക്കലോ?