Followers

Wednesday, September 9, 2009

പഴയ കാരിക്കേച്ചറുകള്‍

പലപ്പോഴായി ചിത്രകാരന്‍ വരച്ച ചില കാരിക്കേച്ചറുകള്‍ ഇവിടെ സൂക്ഷിക്കുകയാണ്.
ഏകദേശ പഴക്കം 20 വര്‍ഷം. കാരിക്കേച്ചറിലെ കഥാപാത്രങ്ങളെ കണ്ട് ചിത്രകാരനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബല്‍ ഒട്ടിച്ചാല്‍ തെറ്റിപ്പോകും :)

ആന്റണി മുഖ്യമന്തിയാകാനുള്ള നിയോഗവുമായി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് ലാന്‍ഡു ചെയ്യുന്നതാണ് സാഹചര്യം. മാതൃഭൂമി പത്രത്തില്‍ ലീഡര്‍ പേജില്‍(നാലാം പേജ്)പ്രസിദ്ധീകരിക്കാനുള്ള ഒരു മിഡില്‍ പീസ് ലേഖനത്തിനുള്ള ഇലസ്ട്രേഷനായി വരച്ചതാണ്.പ്രസിദ്ധീകരിച്ചത് എന്നാണെന്ന് ഒര്‍മ്മയില്ല.
1989
1989 ഫെബ്രുവരി ഏഴിന് വരച്ചത്.

മണ്ണാര്‍ക്കാട് എം.ഇ.എസ്.കല്ലടി കോളേജ് മാഗസിന്‍ അച്ചടി നടന്നുകൊണ്ടിരിക്കെയാണ് ഇന്ദിരാഗാന്ധി മരിക്കുന്നതായി അറിയുന്നതും,(സ്റ്റാഫ് എഡിറ്ററും ഇംഗ്ലീഷ് അദ്ധ്യാപകനുമായിരുന്ന രാജേന്ദ്രപ്രസാദ് സാറിന്റെ നിര്‍ദ്ദേശപ്രകാരം) കോളേജ് ലൈബ്രറിയിലിരുന്ന് കോളേജ് മാഗസിനുവേണ്ടി ഈ ചിത്രം വരച്ചതും.
1989
1989
1989
ചിത്രകാരന്മാര്‍ക്കും,കാര്‍ട്ടൂണിസ്റ്റുകള്‍ക്കുമൊക്കെ ഒരു സവിശേഷതയുണ്ട്. സ്വന്തം സര്‍ട്ടിഫിക്കറ്റ് സ്വയം വരച്ചോ,എഴുതിയോ,ഡിസൈന്‍ ചെയ്തോ നിര്‍മ്മിക്കാനുള്ള അവകാശമാണത്. അന്യര്‍ നമുക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കൊന്നും ഇത്ര മൂല്യമുള്ളതായി ചിത്രകാരനു തോന്നിയിട്ടില്ല. ഫലമോ, ആദ്യത്തെ ഇന്റെര്‍വ്യുവില്‍ തന്നെ ജോലി ലഭിക്കുന്നു എന്നൊരു ദുരന്തവും !

Tuesday, September 8, 2009

കുറച്ചു പഴയ കാര്‍ട്ടൂണുകള്‍

ചിത്രകാരന്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ തുടങ്ങിയപ്പോള്‍ സാംബത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി ചില പത്ര മാസികളില്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്നു.
അതായത് 1986- 87 കൊല്ലങ്ങളില്‍. ദ്രവിച്ചു തുടങ്ങിയ പേപ്പറുകളിലെ പഴയ കാര്‍ട്ടൂണ്‍ ഓര്‍മ്മകള്‍ ഒരു അല്‍ബത്തിലെന്നവണ്ണം സൂക്ഷിക്കാനായി ബ്ലോഗില്‍ ചേര്‍ക്കുകയാണ്. കമന്റെഴുതി പ്രോത്സാഹിപ്പിച്ചാലൊന്നും ഇനി ചിത്രകാരന്‍ കാര്‍ട്ടൂണ്‍ വരക്കുമെന്നു തോന്നുന്നില്ല. ആ മനസ്സും, പ്രാരാബ്ദവും,ക്ഷമയുമെല്ലാം ഇപ്പോള്‍ നഷ്ടപ്പെട്ടെന്നു തോന്നുന്നു.
ദേശാഭിമാനി പത്രത്തിലോ, ഈനാട് പത്രത്തിലോ പ്രസിദ്ധീകരിച്ചതെന്ന് ഇപ്പോള്‍ തീര്‍ച്ചയില്ല. ഏതായാലും 1986 ഒക്റ്റോബര്‍ മാസത്തിലാണെന്ന് കാര്‍ട്ടൂണില്‍ തിയ്യതി എഴുതി വച്ചിട്ടുണ്ട്. ആ മാസം വരച്ച മൂന്നമത്തെ കാര്‍ട്ടൂണുമാണ്.
രാഷ്ട്രീയമൊക്കെ അത്ര സുപരിചിതമല്ലാതിരുന്നതിനാല്‍ ഇതിലെ വാജ്പേയിയുടെ ചിത്രം വരക്കുന്നതിനായി അയാളുടെ ഒരു ചിത്രം കാണുന്നതിനായി നടക്കുന്നതിനിടയില്‍ വാജ്പേയിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന്റെ പോസ്റ്റര്‍ പാറ്റൂരിലെ (തിരുവനന്തപുരം) റോഡ് സൈഡിലുള്ള മതിലില്‍ ചിരിച്ചു നില്‍ക്കുന്നത് കാണുകയും , നേരെ നോക്കി നിന്ന വാജ് പേയി ചെരിഞ്ഞു നിന്നാല്‍ എങ്ങനെയിരിക്കുമെന്ന് ഊഹിച്ച് വരക്കുകയുമായിരുന്നു :)
ഈ നാട് പത്രത്തിലോ, അതോ പാക്കനാര്‍ നര്‍മ്മ മാസികയിലോ... എവിടെയോ പ്രസിദ്ധീകരിച്ചതാണ്.
കോണ്‍ഗ്രസ്സ് എസ്സിന്റെ കോണ്‍ഗ്രസ്സ് പ്രവേശനം.
ഗൃഹലക്ഷ്മി വനിത മാസികയില്‍ 1987 ലോ 88 ലോ പ്രസിദ്ധീകരിച്ചതായിരിക്കണം. ഫൈന്‍ ആര്‍ട്സ് പഠനത്തിന് ഇടവേള നല്‍കി മാതൃഭൂമി പത്രത്തില്‍ ലേ-ഔട്ട് ട്രൈനിയായി കോഴിക്കോട് ഓഫീസില്‍ ജോലി ചെയ്യുംബോള്‍ വരച്ചത്. മാതൃഭൂമിയിലെ ജോലിയോടെ ചിത്രകാരന്റെ കാര്‍ട്ടൂണ്‍ വാസനയുടെ കൂംബടഞ്ഞെന്നു പറയാം. ഫാക്റ്ററി സെക്ഷനില്‍ ജോലി തുടങ്ങിയതോടെ അതുവരെ ചിത്രകാരനുണ്ടായിരുന്ന കാര്‍ട്ടൂണിസ്റ്റെന്ന ലേബല്‍ നിഷ്പ്രഭമായി.
ഫാക്റ്ററി സെക്ഷനിലെ(പ്രെസ്സ്-ലെ-ഔട്ട്) ജോലിക്കാരന് കാര്‍ട്ടൂണിസ്റ്റിന്റെ മനസ്സുമായി നടക്കാന്‍ പരിമിതികളുണ്ട്.
കാര്‍ട്ടൂണ്‍ ചിന്തകള്‍ മനസ്സില്‍ നിന്നും തുവ്വല്‍ നഷ്ടപ്പെട്ട് ഉപജീവനത്തിന്റെ ലാവണത്തില്‍ നശിപ്പിക്കപ്പെട്ടെന്നു പറയാം !


1987 ജനുവരിയില്‍ ഫിലിം മാഗസിനില്‍ വരച്ച കാര്‍ട്ടൂണുകള്‍.ഇതില്‍ പ്രിയദര്‍ശന്റേത് മാര്‍ച്ചില്‍ വരച്ചത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് ഒന്നം വര്‍ഷ പഠന കാലത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ മെസ്സ് ഫീ കൊടുക്കാനുള്ള വരുമാനം ഉണ്ടാക്കിയിരുന്നത് കലകൌമുദി ഗ്രൂപ്പിന്റെ ഫിലിം മാഗസിന്‍, കഥ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും, യൂണിവേഴ്സല്‍ ഗ്രൂപ്പിന്റെ “എണ്ട്രന്‍സ് മാസ്റ്റെര്‍” എന്ന പ്രസിദ്ധീകരണത്തിലും കാര്‍ട്ടൂണുകളും, ഇലസ്റ്റ്രേഷനുകളും വരച്ചുകൊണ്ടായിരുന്നു.