Followers

Thursday, May 2, 2013

ചിത്രകാരന്റെ താജ് മഹല്‍

2013 ഏപ്രില്‍ മാസത്തില്‍ ചിത്രകാരന്‍ വരച്ച “താജ് മഹല്‍” എന്ന ചിത്രം.
താജ് മഹല്‍ ചിത്രത്തിന്റെ വിശദാംശങ്ങള്‍
2013 ഏപ്രില്‍ മാസം പൂര്‍ത്തിയക്കിയ പെയിന്റിങ്ങായ “താജ് മഹല്‍ ” മുഴുവനായി ഇന്ന് പോസ്റ്റ് ചെയ്യുന്നു. മെയ് ദിനം പ്രമാണിച്ച് ഇന്നലെ ഈ പെയിന്റിങ്ങിന്റെ ചെറിയൊരു ഭാഗം ഒരു മെയ് ദിന കുറിപ്പോടുകൂടി പോസ്റ്റു ചെയ്തിരുന്നു. ആ പോസ്റ്റിന്റെ ലിങ്ക് ഇവിടെ ക്ലിക്കി (മെയ് ദിന ചിത്രം , “താജ് മഹല്‍ ) വായിക്കാം. ഈ പെയിന്റിങ്ങ് ഇക്കഴിഞ്ഞ വിഷുവിന് വരച്ചു തുടങ്ങിയതാണെങ്കിലും, താജ്മഹലുമായി ബന്ധപ്പെട്ട ചിത്രകാരന്റെ ‘വേദനക്ക് ’ ഏതാണ്ട് 38 വര്‍ഷത്തെ ചരിത്രമുണ്ട്. അത് ഇപ്രകാരമാണ് : ചിത്രകാരന് എട്ടോ പത്തോ വയസ്സുള്ള കുട്ടിക്കാലത്ത് അച്ഛന്‍ വ്യാപാര സ്ഥാപനങ്ങള്‍ കോപ്മ്ലിമെന്റായി നല്‍കാറുള്ള മനോഹരമായ വിശറികളും കലണ്ടറുകളും വീട്ടില്‍ കൊണ്ടുവന്നതിലൂടെയാണ് ആദ്യമായി വെണ്ണക്കല്ലില്‍ തീര്‍ത്ത താജ് മഹലിന്റെ ചിത്രം കണ്ടത്. വീട്ടില്‍ കറന്റോ ഫാനോ ഇല്ലാതിരുന്നതിനാല്‍ ഇരുപുറത്തും താജുമഹലിന്റെ ചിത്രമുള്ള വൃത്താകൃതിയിലുള്ള വിശറികള്‍ ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു. അന്നെപ്പോഴോ അച്ഛനമ്മമാര്‍ താജുമഹലിനെക്കുറിച്ച് സംസാരിച്ചതിന്റെ ഓര്‍മ്മയാണ് ഒരു വേദനയായി മനസ്സില്‍ എന്നും തങ്ങി നിന്നത്. താജ് മഹല്‍ നിര്‍മ്മിച്ചുകഴിഞ്ഞതിനു ശേഷം ചക്രവര്‍ത്തിയിയോട് വിടചൊല്ലാനെത്തിയ ശില്‍പ്പിയുടെ കൈകള്‍ വെട്ടാന്‍ കല്‍പ്പനയുണ്ടെന്നറിഞ്ഞ ശില്‍പ്പി താജ് മഹലിന്റെ മോന്തായത്തില്‍ ചില അവസാന മിനുക്കുപണി ബാക്കി നില്‍ക്കുന്നുണ്ടെന്നും, അതുകൂടി പൂര്‍ത്തിയാക്കാന്‍ സദയം സാവകാശം നല്‍കണമെന്ന് പറഞ്ഞ് ചക്രവര്‍ത്തിയോട് പ്രത്യേകം സമ്മതം വാങ്ങി, ധൃതിയില്‍ ആ ജോലികൂടി നിര്‍വ്വഹിച്ച് മടങ്ങി വന്നാണ് ചക്രവര്‍ത്തിയുടെ കല്‍പ്പനക്കായി തന്റെ കൈകള്‍ നീട്ടിക്കൊടുത്തതെന്നായിരുന്നു മനസ്സില്‍ വിങ്ങലുണ്ടാക്കുന്ന അച്ഛനമ്മമാരുടെ സംസാരം. കൈകള്‍ മുറിച്ചു നീക്കപ്പെട്ട ശേഷം, ശില്‍പ്പി ഒരു നാറാണത്തു ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് എവിടേയോ പോയ്മറഞ്ഞെന്നും, ഷാജഹാന്റെയും, മുംതാസിന്റേയും ശവകുടീരങ്ങളില്‍ ശില്‍പ്പിയുടെ കണ്ണീര്‍ തുള്ളിപോലെ വെള്ളവ് വീഴുന്ന ഒരു ചോര്‍ച്ച അവശേഷിപ്പിച്ചാണ് ശില്‍പ്പി അവസാനത്തെ മിനുക്കു പണി നടത്തിയതെന്നുമൊക്കെ അന്നത്തെ സംഭാഷണത്തിലുണ്ടായിരുന്നു. ആ കഥ കേള്‍ക്കുമ്പോള്‍ ശില്‍പ്പിയായി ചിന്തിക്കാന്‍ ശില്‍പ്പികളേയോ ശില്‍പ്പങ്ങളെയോ ഒന്നുമറിയാതിരുന്നതിനാല്‍ ചിത്രകാരന്റെ അച്ഛനെപ്പോലെ നന്മയും, ശക്തിയും, ആത്മാര്‍ത്ഥതയുമുള്ള ഒരാള്‍ തന്റെ മുറിച്ചു മാറ്റപ്പെട്ട കൈകളുടെ വേദന നിസാരമായി തള്ളി നിര്‍ത്താതെ ആര്‍ത്തു ചിരിച്ചുകൊണ്ട് പോകുന്ന ദൃശ്യം മനസ്സില്‍ നീറുന്ന ഒരു ഓര്‍മ്മയായി സ്ഥാനം പിടിച്ചിട്ടുണ്ട്.( ഒരു പക്ഷേ, അതു മറ്റൊരു ചിത്രമായി ഭാവിയില്‍ വരച്ചേക്കാം.) അദ്ധ്വാനിക്കുന്ന മനുഷ്യന്റെ ആത്മാര്‍ത്ഥതക്കുള്ള പ്രതിഫലം ക്രൂരമായ നന്ദികേടാണെന്ന് തിരിച്ചറിയുമ്പോഴും, അദ്ധ്വാനിക്കാതിരിക്കനും, മനുഷ്യ സമൂഹത്തെ ഒന്നായി സ്നേഹിക്കാതിരിക്കാനും കഴിയാത്ത ക്രിയാത്മകതയുടെ ഒരു ഭ്രാന്ത് കലാകാരന്റെ കൂടപ്പിറപ്പാണ്. താജ് മഹല്‍ എന്ന വളരെ വലിയ ശില്‍പ്പ സമുച്ചയത്തിന്റെ ഓരോ കല്ലിന്റേയും സ്ഥാനവും, അളവും, രൂപവും, ബാഹ്യ പ്രതലത്തിന്റെ ഫിനിഷിങ്ങും (കമ്പ്യൂട്ടറുകളില്ലാത്ത കാലത്ത് ) തന്റെ മനസ്സിന്റെ ഏകാഗ്രതയുടെ ബോധതലത്തില്‍ ആവാഹിച്ച് 22 വഷത്തോളം സൂഷ്മതയും, സൌന്ദര്യവും, നിരന്തരം ഇണക്കി ചേര്‍ത്ത് ഒരു ഗര്‍ഭിണിയെപ്പോലെയോ, താപസനെപ്പോലെയോ സൃഷ്ടി കര്‍മ്മത്തിന്റെ എല്ലാ വേദനയുമനുഭവിച്ച മഹാത്മാവായ ശില്‍പ്പിയെ കൈകള്‍ വെട്ടിയെടുത്ത് വന്ധ്യംങ്കരിക്കാന്മാത്രം ക്രൂരനായ സ്വാര്‍ത്ഥ ബുദ്ധിയെ നാം ഇപ്പോഴും പന്തം കണ്ട പെരുച്ചാഴികളെപ്പോലെ ആരാധനയോടെ നോക്കുന്നതിലെ അടിമ ബോധം ഭീകരമാണ്. ആ കാഴ്ച്ചപ്പാടിന്റെ തിരിച്ചറിവ് പങ്കുവക്കാനായി വരച്ചതാണ് ചിത്രകാരന്റെ താജ് മഹല്‍. ഈ ചിത്രത്തില്‍ താജ് മഹല്‍ കാണാനാ‍കാതെ വിഷമിക്കുന്നവര്‍ ഈ ചിത്രകാരനോട് സദയം ക്ഷമിക്കണമെന്ന് അപേക്ഷ :)

1 comment:

kochi kazhchakal said...

അനശ്വരതയുടെ കവിള്‍ത്തടത്തിലെ കണ്ണുനീര്‍ത്തുള്ളി എന്ന് ടാഗൂര്‍ വിശേഷിപിച്ച ഈ വെണ്ണക്കല്‍ ശില്‍പം ആഗ്രയില്‍ സ്ഥിതിചെയ്യുന്നു. പ്രിയപത്നി മുംതാസ് മഹലിന്റെ സ്മരണ ശാശ്വതമായി നിലനിര്‍ത്തുന്നതിനു വേണ്ടി ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ഈ മന്ദിരം പണികഴിപ്പിച്ചത്. താജ്മഹല്‍ എന്ന പേരിന് 'സൗധങ്ങളുടെ മകുടം' എന്നാണ് അര്‍ഥം. പ്രസവത്തെത്തുടര്‍ന്ന് 1629-ല്‍ മുംതാസ് ച്ചു. പ്രിയതമയുടെ അകാല നിര്യാണത്തില്‍ അതീവ ദുഃഖിതനായ ഷാജഹാന്‍, അനശ്വര പ്രേമത്തിന്റെ പ്രതീകമായി, ലോകത്തില്‍ ഇതുവരെ ആരും നിര്‍മിച്ചിട്ടില്ലാത്തത്ര മനോഹരമായ മന്ദിരം നിര്‍മിക്കാന്‍ ഉത്തരവിട്ടു. ലോകത്തിലെ പ്രശസ്തരായ വാസ്തു ശില്പികള്‍ താജ്മഹലിന്റെ രൂപകല്പനയില്‍ പങ്കാളികളായി. ദക്ഷിണേന്ത്യ, ബര്‍മ), ഈജിപ്ത്, സിലോണ്‍, പേര്‍ഷ്യ തുടങ്ങിയ ദേശങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഇതിന്റെ രൂപകല്പനയില്‍ പങ്കെടുത്തു മുഗള്‍ സാമ്രാജ്യത്തിലുണ്ടായിരുന്ന ഇറ്റലിക്കാരനായ ജെറോനിമോ വെറോണിയോ ആണ് താജ്മഹലിന്റെ രൂപകല്പന ചെയ്തതെന്ന് ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഭൂരിപക്ഷം ചരിത്രകാരന്മാരും ഉസ്താദ് ഇഷ ഖാന്‍ എഫെന്‍ഡി എന്ന പേര്‍ഷ്യന്‍ വാസ്തുശില്പിയുടെ മാതൃകയാണ് ഷാജഹാന്‍ സ്വീകരിച്ചതെന്ന അഭിപ്രായക്കാരാണ്. ഇഷ തന്റെ പ്രധാന ശിഷ്യനായ ഉസ്താദ് അഹമ്മദിനെ നിര്‍മാണച്ചുമതല ഏല്പിച്ചു. 1630-ന്റെ തുടക്കത്തില്‍ താജ്മഹലിന്റെ നിര്‍മാണം ആരംഭിച്ചു. ആയിരക്കണക്കിന് വാസ്തുശില്പികളും കൊത്തുപണിക്കാരും കൈയെഴുത്തു വിദഗ്ധരും ഇതിന്റെ നിര്‍മാണത്തില്‍ പങ്കെടുത്തു. ഇസ്മയില്‍ ഖാന്‍ എന്ന വാസ്തുശില്പിയാണ് കുംഭഗോപുരം രൂപകല്പന ചെയ്തത്. ഇരുപതിനായിരം പേര്‍ 22 വര്‍ഷം കഠിനാധ്വാനം ചെയ്താണ് താജ്മഹല്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ ചുമരുകള്‍ നിറയെ ചിത്രപ്പണികളുണ്ട്. അതിനായി പലതരം ലോഹങ്ങളും രത്നങ്ങളും ഉപയോഗിച്ചിട്ടുണ്ട്. പണി പൂര്‍ത്തിയായപ്പോള്‍ മനോഹരമായ താജ് മഹലിന്റെ ഭംഗിയില്‍ ചക്രവര്‍ത്തിയുടെ മനം കുളിര്‍ത്തു. അതുപോലൊരു മന്ദിരം മറ്റാരും നിര്‍മിക്കരുതെന്ന ഉദ്ദേശ്യത്തോടെ ചക്രവര്‍ത്തി അതിന്റെ മുഖ്യശില്പിയുടെ വലംകൈ മുറിച്ചുകളഞ്ഞു എന്നൊരു കഥയുണ്ട്. വാസ്തുവിദ്യാരംഗത്തെ അത്ഭുതമായ താജ്മഹല്‍ അടുത്ത കാലത്ത് വന്‍ ഭീഷണി നേരിടുന്നു. അവയില്‍ പ്രമുഖം സമീപത്തുള്ള ഫാക്ടറികളില്‍ നിന്നുയരുന്ന രാസവസ്തുക്കളടങ്ങിയ പുകയാണ്. വാഹനങ്ങളില്‍ നിന്നും അടുക്കളകളില്‍ നിന്നുമുള്ള പുകയും താജിനു ഭീഷണിയാണ്. ഇതു നേരിടാന്‍ ഇപ്പോള്‍ വിപുലമായ സന്നാഹങ്ങളൊരുക്കിയിട്ടുണ്ട്. കോടതി ഉത്തരവു മൂലം ചില ഫാക്റ്ററികള്‍ അടച്ചു പൂട്ടുകയും ചിലത് ദൂരേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. വിഷപ്പുക താജിന്റെ മാര്‍ബിള്‍ ഗോപുരത്തിന്റെ നിറം കെടുത്തുകയും നശിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കി പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയവും ഈ പ്രശ്നത്തെ ഗൗരവമായി കാണുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. താജിന്റെ സംരക്ഷണത്തിനായി ഗവണ്‍മെന്റ് വന്‍തുക ചെലവഴിക്കുന്നുണ്ട്.
ഇന്ത്യാ ചരിത്രത്തിലെ ഒരു പ്രധാന കാലഘട്ടത്തിന്റെ ചരിത്രമുറങ്ങുന്ന സൗധം, വാസ്തുവിദ്യയുടെ പൂര്‍ണതയോടടുത്ത കലാസൃഷ്ടി, വെണ്ണക്കല്ലില്‍ വിരചിതമായ പ്രേമകാവ്യം എന്നീ നിലകളില്‍ ലക്ഷക്കണക്കിനു സഞ്ചാരികളെ താജ്മഹല്‍ ആകര്‍ഷിക്കുന്നു. നിര്‍മാണ വൈദഗ്ധ്യം കൊണ്ടും മനോഹാരിത കൊണ്ടും ഈ സ്മാരക മന്ദിരം ലോകാത്ഭുതങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടുപോരുന്നു.

(എം.ആര്‍. വിജയനാഥന്‍ പിള്ള) mal.sarva.gov.in/index.php?title=താജ്മഹല്‍ വാല്‍കഷ്ണം ആ രണ്ടാമത്തെ കൈ ആരുടെതാണ് ?