Followers

Sunday, October 9, 2011

ചിത്രകാരന്റെ ചിത്രങ്ങള്‍ chithrakarans paintings


കണ്ണൂരിലെ ബോംബു രാഷ്ട്രീയം ചിത്രകാരനെക്കോണ്ട് വരപ്പിച്ച ചിത്രം. ഓയില്‍ പെയിന്റിങ്ങ്.,കാന്‍‌വാസ്.
1993ല്‍ കണ്ണൂരില്‍ വച്ച് വരച്ച ചിത്രം.മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ആരംഭിക്കുന്ന സൌകര്യം ഉപയോഗപ്പെടുത്തി, തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് ട്രാന്‍സ്ഫര്‍ സംഘടിപ്പിച്ച് കണ്ണൂരില്‍ താമസമാക്കിയത് 1993ലാണ്. പത്രത്തിന്റെ ലേ-ഔട് ജോലിയായിരുന്നതിനാല്‍ രാത്രി ഒന്നരക്കൊക്കെയാണ് ഡ്യൂട്ടി തീരുക. ആ വര്‍ഷം കണ്ണൂരില്‍ ഒരു എക്സിബിഷന്‍ നടത്തണമെന്ന ആഗ്രഹത്തോടെ പെയിന്റിങ്ങ് തീവ്രയത്ന പരിപാടിയായി കൊണ്ടു പോകുന്നതിനാല്‍ ബെഡ് റൂമില്‍ തന്നെ വരസാമഗ്രികളും, കാന്‍‌വാസും എല്ലാം റെഡിയായിരിക്കുന്നുണ്ട്. രാത്രി രണ്ടിന് ഉറങ്ങാന്‍ കിടന്നിട്ടും പാതിയുറക്കത്തില്‍ ലഭിച്ച ആശയമാണ് ഈ പെയിന്റിങ്ങിലുള്ളത്. പുലര്‍ച്ചെ മൂന്നുമണിക്ക് ഒരു ബോധോധയത്തില്‍‌നിന്നെന്നപോലെ ... എണീറ്റിരുന്നു വരച്ചതിന്റെ ഓര്‍മ്മ ഇപ്പഴും മനസ്സില്‍ രസം നിറക്കുന്നു. തലേ ദിവസം പകല്‍ ഈ കാന്‍‌വാസില്‍ മറ്റൊരു ചിത്രത്തിന്റെ ഔട്ട് ലൈന്‍ ഇട്ടുവച്ചിരുന്നതാണ്. ഓയിലില്‍ കുതിര്‍ന്നുകിടന്ന ആ കറുത്ത വരകള്‍ കോട്ടണ്‍ വേസ്റ്റ് കൊണ്ട് തുടച്ച്കളഞ്ഞ് ബോം‌മ്പേന്തിയ മനുഷ്യന്റെ ഔട്ട് ലൈന്‍ വരച്ചുതീര്‍ത്തപ്പോള്‍... ഒരു പ്രസവസുഖം !!
ബോം‌മ്പേന്തിയ മനുഷ്യന്‍-man with a bomb ............................................................. ദക്ഷിണ കേരളത്തിലെ സ്ത്രീകള്‍ അരനൂറ്റാണ്ടിലേറെക്കാലം മാറുമറക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ മഹനീയ സമരമായിരുന്നു ചാന്നാര്‍ ലഹള.
ചന്തയിലും,കവലകളിലും പൊതുസ്ഥലത്തും വച്ച് ബ്ലൌസ് പിടിച്ചുവലിച്ച് കീറിയിരുന്ന കശ്മലന്മാരായ ശൂദ്രരുടെ ജാതിഭ്രാന്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ് ചാന്നാര്‍ ലഹളക്കു കാരണമായത്.

“റാണി ഗൌരി പാര്‍വതിഭായിയുടെ തിരുവിതാംകൂര്‍ ഭരിക്കുന്നകാലത്ത് 1822ല്‍ കല്‍ക്കുളത്തുവച്ചാണ് ചാന്നാര്‍ ലഹള യുടെ തുടക്കം. കൃസ്തുമതത്തില്‍ ചേര്‍ന്ന ചാന്നാര്‍ (നാടാര്‍) സ്ത്രീകള്‍ ജാക്കറ്റ് ധരിച്ചുകൊണ്ട് ചന്തയില്‍ വന്നപ്പോള്‍ കുറേ ശൂദ്രര്‍(നായര്‍) ചേര്‍ന്ന് അവരെ ബലാല്‍ക്കാരമായി പിടിച്ചുനിര്‍ത്തി,ജാക്കറ്റു വലിച്ചുകീറി അപമാനിച്ചു. “

“ചാന്നാര്‍ ലഹളയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് മുപ്പത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷം 1859ലാണ്.”

നിരന്തര പീഡനങ്ങളുടെ ഈ ചരിത്രം കാണാതെ വര്‍ത്തമാനകാലത്തോട് നീതിപുലര്‍ത്താന്‍ ചിത്രകാരനു കഴിയില്ലെന്നതിനാല്‍ വരച്ച ഒരു ഓയില്‍ പെയിന്റിങ്ങ്. പക്ഷേ ചിത്രകലാ താല്‍പ്പര്യമുള്ളവര്‍ ഇതൊരു ചരിത്ര ഇല്ലസ്റ്റ്രേഷന്‍ മാത്രമായായിരിക്കും ഈ പെയിന്റിങ്ങിനെ കാണുക. ശൈലീപരമായ ധാരാളം പോരായ്മകള്‍ ഉള്ള ഈ ചിത്രം 1993ല്‍ കണ്ണൂരില്‍ ചിത്രകാരന്‍ നടത്തിയ വണ്മാന്‍ ഷോയില്‍ ഉള്‍പ്പെടുത്തുന്നതിനായി പെട്ടെന്നു വരച്ചുതീര്‍ത്തതായതിനാല്‍ സൌന്ദര്യപരമായി തട്ടുകടദോശപോലായി എന്ന തോന്നലുളവാക്കുന്നു. ചിത്രം മാറ്റിവരക്കാന്‍ ഉദ്ദേശമുണ്ടെങ്കിലും ... ചരിത്രത്തേ ഓര്‍ക്കാനെങ്കിലും ബ്ലൊഗ്ഗെര്‍ഴ്സിനുമുന്നില്‍ ചിത്രകാരന്‍ ചമ്മലോടെ ഈ ചിത്രം സമര്‍പ്പിക്കുന്നു. ചാന്നാര്‍ സ്ത്രീ ..............................................................
കുടത്തില്‍നിന്നും തുളുമ്പിയൊഴുകുന്ന വെള്ളത്തില്‍ കുളിച്ച് സൂചിപോലെ തലക്കകത്തേക്ക് കുത്തിയിറങ്ങുന്ന ഭാരത്തെ കാലടികോണ്ട് അളന്ന് എണ്ണി മൂന്നോട്ടു നീങ്ങുന്ന ബാല്യം.
അര മീറ്റര്‍ സമ ചതുരത്തിലുള്ളൊരു ഓയില്‍ പെയിന്റിങ്ങ്. 1990ല്‍ വരച്ചതായിരിക്കണം. ഒരു കലാശേഖരക്കാരനു വെറുതെകൊടുത്തു.ജീവിതത്തില്‍ പറ്റുന്ന ഒരോ അബദ്ധങ്ങള്‍ !
അമ്മയെ സ്നേഹിക്കുന്ന കുട്ടി ................................................................
1989ല്‍ ഫൈന്‍ ആര്‍ട്സ്‌ കോളേജ്‌ പഠനത്തിന്റെ ഭാഗമായി വരച്ച ഒരു സാധാരണ പോര്‍ട്രൈറ്റ്‌ പെയിന്റിംഗ്‌. രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 3വരെ മോഡലായി ഇരുന്നാല്‍ ഇവര്‍ക്ക്‌ അന്ന് കിട്ടിയിരുന്നത്‌ 56/- രൂപയായിരുന്നെന്ന് തോന്നുന്നു.(സര്‍ക്കാര്‍ നല്‍കുന്ന കൂലിയാണ്‌. നമുക്ക്‌ കുറച്ചു പണം നല്‍കി സഹായിക്കാമെന്ന് അന്നു തോന്നിയിരുന്നില്ല. ചിത്രകാരന്‍ പത്തുരൂപകൊണാണ്‌ ഒരു ദിവസം അന്ന്‌ കഴിച്ചുകൂട്ടിയിരുന്നത്‌. അതുതന്നെ കലാകൌമുദി എഡിറ്റര്‍ എസ്‌ ജയചന്ദ്രന്നായരും, മറ്റുചില പത്രാധിപന്മാരും നല്‍കുന്ന കാര്‍ട്ടൂണ്‍ വരക്കുന്നതിനുള്ള പ്രതിഫലത്തെ ആശ്രയിച്ചിരിക്കും. അന്ന് ജഗന്നാഥപ്പണിക്കരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 'ഈനാട്‌' പത്രത്തില്‍ ഒരു മാസക്കാലം എഡിറ്റര്‍ പിസി സുകുമാരന്‍നായരുടെ ആവശ്യപ്രകാരം ഒന്നാം പേജില്‍ 13 രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന്‌ ചിത്രകാരനുലഭിച്ച പ്രതിഫലം സ്വീകരിച്ചപ്പോള്‍ സത്യമായും കരഞ്ഞുപോയിട്ടുണ്ട്‌. 130/-രൂപ!! പിന്നെ, പ്രതിഫലം പറയാതെ ചിത്രകാരന്‍ വരച്ചിട്ടില്ല. ഈ പോര്‍ട്രൈറ്റ്‌ മോഡലിന്റെ ദാരിദ്ര്യത്തോടൊപ്പം അന്നത്തെ ചിത്രകാരന്റെയും ദാരിദ്ര്യത്തിന്റെ നിറങ്ങള്‍ കന്‍വാസില്‍ തേച്ചുപിടിപ്പിച്ചിട്ടുണ്ട്‌.
പോര്‍ട്രൈറ്റ്‌ ..............................................................
1993ല്‍ കണ്ണൂരില്‍ വച്ചുനടന്ന മൂന്നു ദിവസത്തെ ചിത്രകാരന്റെ ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടതാണ്‌ ഈ ചിത്രം.
പ്രദര്‍ശനത്തിന്റെ ഒരാഴ്ച്ച മാത്രം മുന്‍പ്‌ പെട്ടെന്നു വരച്ചതായതിനാല്‍ ഒരു ഇലസ്റ്റ്രെഷന്റെയോ, കാര്‍ട്ടൂണിന്റെയോ നിലവാരത്തില്‍നിന്നും ഒരു ചിത്രത്തിന്റെ സൌന്ദര്യത്തിലേക്ക്‌ ഉയരുന്നില്ല എന്നു തോന്നിയതിനാല്‍ കുത്തിക്കീറി നശിപ്പിച്ച പെയിന്റിങ്ങുകളിലൊന്ന്.
ചിത്രകാരന്റെ പതിനാലുവര്‍ഷം മുന്‍പത്തെ സാമൂഹ്യപാഠത്തെക്കുറിച്ചുള്ള ചിന്തയുടെ ഒരു ബ്ലാക്ക്‌ ന്‍ വൈറ്റ്‌ ഫോട്ടോ ആയെങ്കിലും ഈ പെയിന്റിംഗ്‌ ഇവിടെ പങ്കുവക്കുന്നു.
ഏകദേശം ഒരു മീറ്റര്‍ സമചതുരത്തിലുള്ളതായിരുന്നു ഈ ചിത്രം.
"ശൂദ്ര സ്ത്രീ" ഓയില്‍പെയിന്റിംഗ്‌ ...............................................................
നിസംഗരായി നടന്നുപോകുന്ന നമ്മള്‍ കുറ്റം ചെയ്യുന്നവര്‍ക്ക്‌ മൌനമായി ധാര്‍മ്മിക പിന്തുണ നല്‍കുന്നില്ലെ എന്ന ചോദ്യത്തില്‍നിന്നും ഒരു ചിത്രം.കാന്‍വാസില്‍ ഓയില്‍ പെയ്ന്റിംഗ്‌.1993ലെ വണ്‍മാന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കാനായി പെട്ടെന്നു വരച്ചുതീര്‍ത്തതായതിനാല്‍ ചിത്രകാരന്‌ അത്ര സൌന്ദര്യം ബോധിച്ചിട്ടില്ല.
"നിസംഗത" ................................................................

സമൂഹത്തില്‍ ആരാധ്യനായി കരുതപ്പെട്ടിരുന്ന വ്യക്തി ഒരു നാള്‍ നഗ്നനായി പിടിക്കപ്പെടുംബോള്‍....


ചിത്രകാരന്‍ 1990ല്‍ പൊന്മുടി നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യാംബില്‍ വച്ചു വരച്ച രണ്ടാമത്തെ പെയിന്റിംഗ്‌.


അക്കാലത്ത്‌ ചിത്രകാരന്‍ അനുഭവിച്ചിരുന്ന വ്യക്തിപരമായ ലൈംഗീക ദാരിദ്ര്യം ഈ പ്രമേയത്തിനു അമിത പ്രാധാന്യം നല്‍കാന്‍ കാരണമായിട്ടുണ്ടാകും.

കൂടാതെ, ഒന്നാം വര്‍ഷ ബി എഫ്‌ എക്ക്‌ പഠിക്കുംബോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നൂഡ്‌ സ്റ്റഡി ക്ലസ്സിലേക്ക്‌ പെട്ടെന്നു കയറിച്ചെന്നപ്പോള്‍ കണ്ട ദൃശ്യം ഒരു ഞെട്ടലായി മനസ്സില്‍ കിടപ്പുള്ളതുകൊണ്ടുമാകാം.

ജീവിതത്തിലെ രസകരമായ ഒരു ഓര്‍മ്മയായി ഈ ചിത്രം ചിത്രകാരന്റെ ബ്ലൊഗിലിരിക്കട്ടെ !!!
"നഗ്ന പ്രതിച്ഛായ" ...............................................................

ചിത്രകാരന്‍ പൊന്മുടിയില്‍ വച്ച്‌ വ്യക്തിപരമായി അനുഭവിച്ച ഒരു പ്രതിസന്ധിയെത്തന്നെ വിഷയമാക്കി,
പ്രതിസന്ധി മറികടന്ന ചിത്രമാണിത്‌.
പൊന്മുടിയില്‍1990 നവംബര്‍ 18 മുതല്‍ 27വരെ നടന്ന നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യംബില്‍ കേരള ലളിതകല അക്കാദമിയുടെ ക്ഷണപ്രകാരം ചിത്രകാരനും പങ്കെടുത്തിരുന്നു.
ഇന്ത്യയിലെ പ്രശസ്ത ചിത്രകാരന്മാരായ പത്മശ്രീ ഭുപന്‍ ഖക്കര്‍,മനു പരേഖ്‌, സുധീര്‍ പട്‌വര്‍ധന്‍, ആര്‍. ബി. ഭാസ്ക്കര്‍,എസ്‌. ജി. വാസുദേവ്‌ എന്നീ കുലപതികളോടൊപ്പം കെരളത്തിലെ പത്തോളം യുവ ചിത്രകാരന്മാരും പങ്കെടുത്ത ക്യാംബായിരുന്നു അത്‌.
അതുകൊണ്ടുതന്നെ പലര്‍ക്കും ശൂന്യമായ ക്യാന്‍വാസ്‌റ്റെന്‍ഷനുണ്ടാക്കുന്ന ഒരു വെല്ലുവിളിയായി അനുഭവപ്പെട്ടു. സ്വന്തം തലയിലെ ആള്‍ത്താമസം നാലാള്‍ അറിയുകയും വിലയിരുത്തുകയും ചെയ്യുമല്ലൊ...
ഒന്നുരണ്ടു ദിവസം പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിച്ചും, ഗസ്റ്റ് ഹൌസിലെ സര്‍ക്കാരിന്റെ ഭക്ഷണത്തിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്തും കഴിച്ചുകൂട്ടി.
ലളിതകലാ അക്കാദമി സെക്രട്ടരി എന്റെ സൌന്ദര്യശാസ്ത്ര അദ്ധ്യാപകന്‍കൂടിയായ എ. അജയകുമാര്‍ സാറാണ്‌( ഇപ്പോഴത്തെ ഫൈന്‍ ആര്‍ട്സ്‌ കോളെജ്‌ പ്രിന്‍സിപ്പാള്‍). കക്ഷിയും, അക്കാദമി ചെയര്‍മാന്‍ ആര്‍ട്ടിസ്റ്റ് നംബൂതിരിയും വരതുടങ്ങിയപ്പോള്‍ പിന്നെ രക്ഷയില്ലാതായി.
ഞാന്‍ എന്റെ പ്രതിസന്ധിയെത്തന്നെ ക്യാന്‍വാസ്‌ലാക്കി.
ചൂടിപ്പായവിരിച്ച സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ കോണ്‍ഫറന്‍സ്‌ ഹളിന്റെ തറയും, പൊന്മുടിയുടെ സൌന്ദര്യത്തിനു മറയിടാതെ സുതാര്യമായി നില്‍ക്കുന്ന ഗ്ലാസ്സ്‌ ചുവരുകളും, പിങ്കു നിറമുള്ള സീലിങ്ങും നല്ലൊരു കാഴ്ച്ചസുഖം നല്‍കിയപ്പോള്‍ ഞാന്‍ എന്റെ നിസ്സഹായാവസ്ഥയെ സത്യസന്ധമായി സ്വയം പരിഹസിച്ചുകൊണ്ട്‌ വരച്ച ചിത്രമാണിത്‌.
ഈ ക്യാംബില്‍ രണ്ടു ചിത്രങ്ങള്‍ വരച്ചു.
ഒരു ചിത്രകാരനെന്ന നിലയില്‍ എന്തും വരക്കാന്‍ ധൈര്യമുണ്ടാക്കിത്തന്ന പൊന്മുടി നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യാംബിനെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.
അന്ന് ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന എന്നെ കേരളത്തിന്റെ യുവചിത്രകാരനായി ഉയര്‍ത്തിയ ശ്രീ എ. അജയകുമാര്‍ സാറിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
"പ്രതിസന്ധി" ............................................................
വെളിച്ചത്തെക്കുറിച്ചുള്ള ഈ പെയിന്റിംഗ്‌ 1994 ല്‍ നോവലിസ്റ്റും, മാത്രുഭൂമിയുടെ ജെനറല്‍ മാനേജരുമായിരുന്ന കെ. രാധാകൃഷ്ണന്‍ മാത്രുഭൂമി ഹെഡ്‌ ഓഫീസില്‍ റിസപ്ഷനില്‍ വെക്കുന്നതിനായി ഒരു ചിത്രം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വരച്ചതാണ്‌.8 അടി നീളവും 5 അടി വീതിയുമുള്ള ഈ ചിത്രം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സിന്റെ ബോര്‍ഡിലാണ്‌ വരച്ചത്‌. ഒന്നോ, രണ്ടോ വര്‍ഷം മാത്രുഭൂമിയുടെ പൂമുഖത്ത്‌ കണ്ടിരുന്ന ഈ ചിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അംബതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ നടന്ന മോടിപിടിപ്പിക്കലിനിടയില്‍ നീക്കം ചെയ്യപ്പെട്ടെങ്കിലും ആ ചിത്രം ആരു കര്‍സ്ഥമാക്കി എന്ന് അറിയില്ല. ചിത്രകാരന്റെ നഷ്ടപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലെ ഒന്നാണിത്‌.
"ദീപം" -ഓയില്‍ പെയിന്റിംഗ്‌ .............................................................
...........................................................

ഇതു നഗ്നതയെക്കുറിച്ചുള്ള പെയിന്റിങ്ങല്ല.. ജീര്‍ണിച്ച രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു ഓയില്‍ പെയ്ന്റിംഗാണ്‌.ചിത്രകാരന്റെ ന്യൂസ്‌പേപ്പര്‍ എന്ന ചിത്രത്തിന്റെ ഒരു തുടര്‍ച്ചയായ ചിത്രമാണിത്‌. 1990 ല്‍ വരച്ച വസ്ത്രാക്ഷേപം എന്ന ഈ ചിത്രത്തിന്റെ ഒരു ഫോട്ടോ മാത്രമേ ചിത്രകാരന്റെ കൈവശമുള്ളു. തിരുവനന്തപുരത്തെ ഗവണ്‍മന്റ്‌ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്സിലെ നാലുവര്‍ഷ BFA ഡിഗ്രീ കോഴ്സിന്റെ അവസാന വര്‍ഷ പരീക്ഷക്കുള്ള ഉത്തര കാന്‍വാസാണ്‌ ഈ ചിത്രം. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ കാന്‍വാസില്‍ ചിത്രകാരന്‍ വരച്ച ഈ ചിത്രത്തിന്റെ ഒറിജിനല്‍ ലഭിക്കില്ല. രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും വൃത്തിഹീനമായ മുഖം വരക്കാന്‍ പാണ്ഡവരുടെ ചില ബിംബങ്ങള്‍ ചിത്രകാരന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.(ഈ ചിത്രത്തില്‍ സ്വന്തം മനസ്സിലെ പുണ്ണുകാരണം ആര്‍ക്കെങ്കിലും അശ്ലീലം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ ഉടുപ്പില്ലാതെ ജനിക്കുന്ന മനുഷ്യക്കുഞ്ഞുങ്ങളെകണ്ട്‌ ഉദ്ദരണവും ഓര്‍ഗാസവും അനുഭവിക്കുന്ന കൂട്ടത്തിലായിരിക്കുമെന്ന് സവിനയം അറിയിക്കട്ടെ)
വസ്ത്രാക്ഷേപം ...........................................................
ഷര്‍ട്ടിടാത്ത ഒരു യത്രക്കാരന്റെ ഓയില്‍ പെയിന്റിംഗ്‌. 1990 ല്‍ വരച്ചത്‌. കാത്തുനില്‍പ്പിന്റേതായ ഒരു മാനസ്സികാവസ്ഥയില്‍നിന്നും ജന്മമെടുത്ത ചിത്രം.ഇതില്‍ ഒരു ബസ്സിന്റെ നംബറായി കൊടുത്തിരിക്കുന്നത്‌ അക്കാലത്ത്‌ ചിത്രകാരന്‍ ഉപയോഗിച്ചിരുന്ന ഒരു ടൂവീലറിന്റെ രജിസ്റ്റേഷന്‍ നംബറാണ്‌. (തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ പഠനവും, രാത്രി പത്രം ഓഫീസിലെ ജോലിയും കൂട്ടിയിണക്കാന്‍ ആ ടൂവീലര്‍ ചിത്രകാരനെ നന്നായി സഹായിച്ചിരുന്നു.)
"കുപ്പായമില്ലാത്ത യാത്രക്കാരന്‍" ..........................................................

"പൂണൂലിലെ താക്കോല്‍" എന്ന ഈ ചിത്രം 1990 വരച്ച ഓയില്‍ പെയിന്റിഗ്‌ ആണ്‌. സെയ്സ്‌: 4' x 2'
"പൂണൂലിലെ താക്കോല്‍" .................................................
                                                                             ...........................................................
കണ്ണൂരില്‍ വന്നതുകൊണ്ടും കണ്ണൂരിലെ ആത്മാര്‍ത്ഥതയുള്ള നല്ല മനുക്ഷ്യരെ അറിഞ്ഞതിനാലും വരച്ചുപോയ ഒരു ചിത്രമാണിത്‌.
പാര്‍ട്ടിക്കു പുറത്തുപോകുന്ന മനുഷ്യന്‍ എത്രപെട്ടെന്നാണ്‌ വര്‍ഗ്ഗശത്രുവാകുന്നത്‌.
സ്വന്തം വര്‍ഗ്ഗത്തില്‍ തന്നെ നില്‍ക്കുംബോഴും, ആത്മബോധം വളര്‍ന്നതിനാല്‍ വര്‍ഗ്ഗനിര്‍വചനങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെടുന്നവന്‍ വര്‍ഗ്ഗത്താല്‍ വേട്ടയാടപ്പെടുന്നതിലെ ബുദ്ധിശൂന്യതയെക്കുറിച്ച്‌ ഓര്‍ക്കുംബോള്‍ ... കൊലക്കത്തികാണുംബോള്‍ ഒരുത്തനുണ്ടാകുന്ന തരത്തിലോരു ഇരംബല്‍ രക്തക്കുഴലുകളില്‍ നിറയുന്നു.
ഇന്നും ഈ ചിത്രത്തിനു മുന്നില്‍ വരുംബോള്‍ ഞാന്‍ 1995 ല്‍ ഈ ചിത്രരചനയിലൂടെ മനസ്സില്‍നിന്നും ഇറക്കിവച്ച മനസ്സിലെ വിഹ്വലതകളും,ധാര്‍മിക രോക്ഷവും പിടലിയിലെ രക്തക്കുഴലിലൂടെ തലച്ചോറിലേക്ക്‌ ഇരച്ചുകയറുന്നതായി അനുഭവപ്പെടുന്നു.
കക്ഷി രാഷ്ട്രീയത്തില്‍നിന്നും സുരക്ഷിതദൂരം പാലിച്ചുശീലിച്ച ചിത്രകാരന്‍ വര്‍ഗ്ഗത്തില്‍നിന്നും പുറന്തള്ളപ്പെടുന്ന ഹതഭാഗ്യനുമായി ആത്മാവുപങ്കുവക്കുന്നതുപോലെ ... കര്‍ക്കശമായ ഒരായുധത്തിന്റെ ശീല്‍ക്കാര ശബ്ദ്ത്തിനായി രോമകൂപങ്ങള്‍ ചെവികൂര്‍പ്പിക്കുന്നു.
ഒയില്‍ പെയ്ന്റിംഗ്‌ ഒണ്‍ ബോര്‍ഡ്‌. 1995 ല്‍ വരച്ചത്‌. സൈസ്‌: 5' x 4' വര്‍ഗ്ഗ സമരം .........................................................

കേരളത്തിന്റെ ചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സ്വാധീനത്തെ ആരൊക്കെയോ തേച്ചുമായ്ച്ചു കളഞ്ഞിരിക്കുന്നു എന്ന തോന്നലില്‍ നിന്നും വരച്ച ഒയില്‍ പെയിന്റിംഗ്‌.മങ്ങിയ ബുദ്ധ പ്രതിമയുടെ പശ്ചാത്തലത്തില്‍ സര്‍വലൊകസുഖത്തിനെന്ന പേരില്‍ യാഗങ്ങളിലൂടെ ജന മനസ്സുകളെ മയക്കിയെടുക്കുന്ന ഭിക്ഷാടകരായ ബ്രാഹ്മണരേയും, പണ്ടത്തെ പൊലീസ്‌ തൊപ്പിയിട്ടതുപോലെ ഒരു കാര്‍ട്ടൂണ്‍ കിരീടവും വച്ച്‌ ബ്രാഹ്മണ്യത്തെ ശാപം പോലെ സ്വീകരിക്കുന്ന മഹാബലിയേയും വരച്ചിരിക്കുന്നു.ഇതിലൊരു കണ്ണാടി പ്രതിഷ്ടിച്ചിട്ടുണ്ട്‌. ചിത്രം കാണുന്ന പ്രേക്ഷകനെക്കൂടി ചിത്രകാരന്റെ ഭാഗമാക്കണം എന്ന ഉദ്ദേശത്തിലാണ്‌ കണ്ണാടി പ്രതിഷ്ടിച്ചതെങ്കിലും, കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ കണ്ണാടി പ്രതിഷ്ടയിലൂടെ ആത്മീയ വിപ്ലവം സൃഷ്ടിച്ച നാരായണഗുരുവുമായി കൂട്ടിവായിക്കപ്പെടുന്നു കണ്ണാടി.കണ്ണാടിയില്‍ തെളിയുന്നത്‌ ചിത്രകാരന്റെ മകന്റെ ചിത്രമാണ്‌. അതു കണ്ണാടിയാണ്‌ എന്നു ബോധ്യപ്പെടുത്താന്‍ ഫോട്ടോയെടുത്തപ്പോള്‍ മകനെ ഉള്‍പ്പെടുത്തിയെന്നു മാത്രം.1990 ല്‍ വരക്കപ്പെട്ടത്‌. (തിരുവനന്തപുരത്തുവച്ച്‌)സെയ്സ്‌: 2' x 2'
കേരള ചരിത്രം ........................................................ കൃഷ്ണന്‍ ഏതൊരു ഇന്ത്യക്കാരനേയും പോലെ, ഒരുപക്ഷെ, അതില്‍കൂടുതല്‍ എന്നെ സ്വാധീനിച്ചിരിക്കുന്നു.
ഒന്നാം ക്ലസ്സില്‍... മണ്ടോടി സ്കൂളില്‍ നംബൂതിരിമാഷ്‌ എന്നെ സ്റ്റൂളില്‍കയറ്റിനിര്‍ത്തി(അവിടത്തെ സ്റ്റേജ്‌) എന്നെക്കൊണ്ട്‌ "കണികാണും നേരം കമലാനേത്രന്റെ..." എന്നു തുടങ്ങുന്ന കീര്‍ത്തനം പാടിച്ചതും.. അവസാനം സഭാകംബത്താല്‍ കരഞ്ഞുകൊണ്ട്‌ പാട്ടു മുഴുമിപ്പിച്ചതും... ഒരു കോപ്പിപുസ്തകം സമ്മാനമായി ലഭിച്ചതും ഈ കൃഷ്ണന്‍ കാരണമാണ്‌. എല്ലാവര്‍ഷവും ഗുരുവായൂരില്‍വച്ച്‌ പിറനാളാഗോഷിച്ചിരുന്ന ഞാന്‍ പത്താം ക്ലാസ്സെന്ന പാലം കടന്നതോടെ കൃഷ്ണന്റെ ദൈവീക രൂപം മനുക്ഷ്യന്റേതാക്കി പുതുക്കിപ്പണിതു.
ഒരു ആട്ടിടയനും ഓ ബി സി ക്കാരനുമായ യാദവകൃഷ്ണനെ മനസ്സില്‍ പ്രതിഷ്ടിച്ച്‌ ബ്രഹ്മണന്റെ പൂണൂലിട്ട കൃഷ്ണനെ ഞാന്‍ പുറത്താക്കി.
1993 ല്‍ വരച്ച ഓയില്‍ പെയ്ന്റിന്റിംഗ്‌. കൃഷ്ണന്‍ ........................................................ കുട്ടിക്കാലത്ത്‌ പാല്‍ വിതരണത്തിന്റെ ചുമതലയും, പിന്നീട്‌ അനിയനെ പരിപാലിച്ചതിന്റെ ഒാര്‍മ്മയും , അയല്‍ക്കാരന്റെ വേലിയില്‍ നിന്നും ഊരിയെടുക്കുന്ന മുളവടികൊണ്ടുണ്ടാക്കുന്ന കൊക്കകൊണ്ടുള്ള ഡ്രൈവിങ്ങ്ജ്വരവും സമന്വയിപ്പിച്ചപ്പോള്‍ കുട്ടിക്കാലത്തിന്റെ മനോഹാരിത ചിത്രമായി അവതരിച്ചു. ഇതു വ്യക്തിപരമായ സന്തോഷം നല്‍കുന്ന ഒരു ചിത്രമാണ്‌. ഓയില്‍ പെയിന്റിംഗ്‌. കുട്ടിക്കാലം childhood .................................................. സമൂഹത്തെ വര്‍ത്തമാന പത്രങ്ങളിലൂടെ.. നോക്കിക്കാണുന്ന രീതിയില്‍ വരച്ചിരിക്കുന്ന ചിത്രമാണ്‌ ന്യൂസ്‌ പേപ്പര്‍ എന്ന ഈ ചിത്രം. അധികാരത്തിന്റെ സുരക്ഷക്കു കീഴിലെ കക്ഷിരാഷ്ട്രീയത്തിന്റെ നാണംകെട്ട അവിശുദ്ധ ബന്ധങ്ങളും,സവര്‍ണ സുഖലോലുപതയും, വരികള്‍ക്കിടയില്‍ വായിക്കാനാകുന്ന പത്രത്തിന്റെ ഒന്നാം പേജും, താരാരാധനയുടെ സ്പോര്‍ട്‌സ്‌ പേജും, ചരമവാര്‍ത്തക്കിടയില്‍പ്പോലും പൊങ്ങച്ചത്തിനിടം കണ്ടെത്തുന്ന മലയാളി മനസ്സും , പരസ്യങ്ങളിലെ പ്രലോഭനങ്ങളും ചിത്രകാരന്‍ കാണുന്നു. ഒരു പ്രമുഖപത്രത്തില്‍ ജോലി ചെയ്തിരുന്ന കാലത്തു വരച്ചതിനാല്‍ പ്രസിദ്ധീകരിക്കുന്നതും, പ്രസിദ്ധീകരിക്കാത്തതുമായ പത്രവാര്‍ത്തകളിലൂടെ സമൂഹത്തെ വായിക്കാന്‍ ഇടവന്നതുകൊണ്ട്‌ വരക്കപ്പെട്ട ചിത്രം. ചിത്രകാരന്റെ കാര്‍ട്ടൂണ്‍ വരയിലുണ്ടായിരുന്ന താല്‍പ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഈ ചിത്രത്തില്‍ പ്രകടമായി കാണാം.1990 ല്‍ വരച്ച ഈ ഒയില്‍ പെയിന്റിംഗ്‌ 6' x 4' വലിപ്പത്തിലുള്ളതാണ്‌. പഴയ പോസ്റ്റിളേക്കുള്ള ലിങ്ക്: ന്യൂസ്‌ പേപ്പര്‍ oil painting ............................................. ചരിത്രത്തില്‍ തല്‍പ്പരകക്ഷികള്‍ വിഷം ചേര്‍ക്കുംബോള്‍ അതു രേഖപ്പെടുത്തുന്നതുിനായി വരച്ച ചിത്രമാണ്‍ അയ്യപ്പന്‍ എന്ന ഈ ഒയില്‍ പെയിന്റിംഗ്‌.
ബ്രഹ്മണ്യം കെട്ടുകഥകളിലൂടെയും സ്വര്‍ണപ്രശ്നം എന്ന തട്ടിപ്പുകളിലൂടെയും ബുദ്ധനെ ഒരു ഹിന്ദു ദൈവമായി മത പരിവര്‍ത്തനം ചെയ്തെടുത്തപ്പോള്‍ മലയാളിക്കു നഷ്ടപ്പെട്ട പാരംബര്യത്തിന്റേയും, സംസ്കാരത്തിന്റെയും അവശേഷിക്കുന്ന തെളിവാണ്‌ അയ്യപ്പന്‍.
ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ? ...........................................
ക്രിസ്തു കുരിശില്‍നിന്നും ഇറങ്ങി ഓടിയാല്‍ ക്രിസ്തുമത അധികാരികള്‍ക്കുണ്ടായേക്കാവുന്ന മനോവിഷമത്തെക്കുറിച്ച്‌ ഒരു നര്‍മ്മ ചിന്തയില്‍നിന്നും ജനിച്ച ചിത്രം.
ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..ഒരു നര്‍മ്മഭാവനയോടൊപ്പം വരച്ച രണ്ടു ഇലസ്റ്റേഷനുകളിലൊന്നിന്റെ ഓയില്‍ പരിഭാഷ. കൂടുതല്‍ അറിയാന്‍ വായിക്കുക:
ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്‍മ്മ ഭാവന
.............................................
1993ല്‍ നടത്തിയ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടന ഫോട്ടോ.
പ്രശസ്ത നോവലിസറ്റ് ശ്രീ. സിവി.ബാലകൃഷ്ണന്‍ പെയിന്റിങ്ങ് എക്സിബിഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു. സമീപം കാര്‍ട്ടൂണിസ്റ്റ് പിവി.കൃഷ്ണന്‍, മാത്രുഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ രവിന്ദ്രനാഥ്, ന്യൂസ് എഡിറ്റര്‍ എന്‍പി.രാജേന്ദ്രന്‍, റീജണല്‍ മാനേജര്‍ രവീന്ദ്രന്‍ എന്നിവരും മറ്റു ബന്ധുമിത്രാധികളും, ... ഫ്ലാഷ് ലൈറ്റടിച്ച് ചിത്രകാരനും.
1993ല്‍ സെപ്തംബര്‍ 28,29,30 ദിവസങ്ങളിലായിരുന്നു പ്രദര്‍ശനം എന്നാണ് ഓര്‍മ്മ.
എക്സിബിഷന്‍ ഉദ്ഘാടനം

8 comments:

chithrakaran ചിത്രകാരന്‍ said...

പലയിടത്ത് പല പോസ്റ്റുകളിലായി ചിതറിക്കിടന്നിരുന്ന ചിത്രകാരന്റെ പെയിന്റിങ്ങുകളെല്ലാം ഒന്നിച്ച് ഒരു പോസ്റ്റായി ഇവിടെ ചേര്‍ത്തിരിക്കുന്നു.

kARNOr(കാര്‍ന്നോര്) said...

ചിത്രങ്ങൾ കൊള്ളാം

ഒരു യാത്രികന്‍ said...
This comment has been removed by the author.
ഒരു യാത്രികന്‍ said...

നല്ല ഒരു ശൈലി സ്വായത്തമായിട്ടും, തെളിമയാര്‍ന്ന ചിന്തയും അത് ക്യാന്‍വാസിലാക്കാനുള്ള മികവുണ്ടായിട്ടും ഇപ്പൊ വരക്കാതിരിക്കുന്ന ചിത്രകാരന്‍ ഒരു പഴയ സവര്‍ണ്ണ ബ്രാഹ്മണനെ പോലെ പെരുമാറുന്നു. തന്റെ വിദ്യ ഇനിയും മറ്റുള്ളവര്‍ക്ക് പകരില്ലെന്നുള്ള വാശിപോലെ. ബോംബു കയ്യിലേന്തിയ ആള്‍, ദീപം എന്നീ ചിത്രങ്ങള്‍ ശൈലിയുടെ ഭംഗിയാണ് ആശയത്തേക്കാള്‍ എന്നെ ആകര്‍ഷിച്ചത്. വര്ഗ്ഗസമരവും, കേരള ചരിത്രവും ഗംഭീരാശയത്ത്തിന്റെ ദ്രിഷ്ടാന്തങ്ങള്‍ തന്നെ. പിന്നെ ആ "കുട്ടിക്കാലത്തോട്" എനിക്കെന്തോ ഒരു പ്രത്യേക ഇഷ്ടവും. വരക്കാത്ത ചിത്രകാരന്‍ മൂര്‍ദ്ദാബാദ്.........സസ്നേഹം

chithrakaran:ചിത്രകാരന്‍ said...

പ്രിയ യാത്രികന്‍,
സന്തോഷം.
നിലവിലുള്ള ബിസിനസ്സില്‍ കുരുങ്ങിക്കിടക്കുന്ന മനസ്സ്
പുറത്തെടുക്കാതെ പുതിയ ചിത്രങ്ങള്‍ വരക്കാനാകില്ല.
അടുത്ത തവണ നാട്ടില്‍ വരുബോള്‍
ചിത്രങ്ങള്‍ നേരില്‍ കാണാന്‍ ചിത്രകാരന്റെ വീട്ടിലേക്ക് യാത്രികനെ ഇപ്പഴേ ക്ഷണിച്ചുകൊള്ളുന്നു :)

Anil cheleri kumaran said...

പത്രത്തിൽ ഒരു ഫുൾ പേജ് റൈറ്റപ്പ് വന്നിരുന്നു. അത് കണ്ടില്ല.

ഒരു യാത്രികന്‍ said...

ഈ ക്ഷണം അത്യാഹ്ലാദത്തോടെ സ്വീകരിക്കുന്നു. അടുത്ത തവണ ചിത്രകാരന്റെ ചിത്രങ്ങള്‍ കാണാതെ മടക്കയാത്രയില്ല.......സസ്നേഹം

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...........