2013 ഫെബ്രുവരി മാസം 27 ന് രണ്ടാമതൊരു ചിത്രം കൂടി പൂര്‍ത്തിയാക്കാനായി ! Glorified slavery-2 (മഹത്വവല്‍ക്കരിക്കപ്പെട്ട അടിമത്വം-2 ) എന്നു പേരുകൊടുത്തിട്ടുള്ള ഈ ചിത്രം 2012 ല്‍ വരച്ച Glorified slavery എന്ന ചിത്രത്തിലെ ഒരു അടിമയുടെ (ശൂദ്രന്‍) ചിത്രത്തെ കുറച്ചുകൂടി ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ്. 91x71cm. വലിപ്പത്തില്‍ കാന്‍വാസില്‍ അക്രിലിക്ക് വര്‍ണ്ണങ്ങളുപയോഗിച്ച് വരഞ്ഞിരിക്കുന്ന Glorified slavery-2 ആദ്യ പെയിന്റിങ്ങ് (Glorified slavery 2012) പ്രദമദൃഷ്ട്യാ ഉണ്ടാക്കാനിടയുള്ള ദൈവീക വിഷയത്തില്‍ വരക്കപ്പെട്ട ചിത്രമാണെന്ന തെറ്റിദ്ധാരണ ഒഴിവാക്കി, അതിപ്രധാനമായ അടിമത്വത്തിന്റെ കാരണങ്ങളിലേക്ക് വഴിതെറ്റാതെ സഞ്ചരിക്കാനുള്ള ശ്രമം കൂടിയാണ്. ഇന്ത്യയില്‍ 1600 വര്‍ഷക്കാലത്തിലേറെയായി നിലനിന്നിരുന്ന ചാതുര്‍വര്‍ണ്ണ്യത്തിലധിഷ്ഠിതമായ സാമൂഹ്യ ഘടനയുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും കാരണമായ അടിമത്വത്തിന്റെ മഹത്വവല്‍ക്കരണം വലിയൊരു മാനേജുമെന്റ് സാങ്കേതിക വിദ്യയായിത്തന്നെ തിരിച്ചറിയേണ്ടതും ജനമധ്യത്തില്‍ വെളിവാക്കപ്പെടേണ്ടതും ഗ്ലോബലൈസേഷന്റെ കാലത്ത് തേനിലും നെയ്യിലും ഐസ്ക്രീമിലും ലിപ്സ്റ്റിക്കിലും സ്വാതന്ത്ര്യത്തിലും പൊതിഞ്ഞ് ആകര്‍ഷകമാക്കി അവതരിപ്പിക്കപ്പെടുന്ന അടിമത്വത്തിന്റെ പുതിയ കോര്‍പ്പറേറ്റ് പതിപ്പുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്.
ചിത്രകാരന്‍ മനസ്സിലാക്കിയിടത്തോളം സനാതന സവര്‍ണ്ണ ഹിന്ദുമതത്തിന്റെ ‘ചാതുര്‍ വര്‍ണ്ണ്യം’ എന്ന അടിത്തറതന്നെ രണ്ടു കള്ള അറകളോടുകൂടിയ കുടില തന്ത്രത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ചാതുര്‍ വര്‍ണ്ണ്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്ന മനുഷ്യ സമൂഹത്തിലെ ജനങ്ങളെ നാലായി വിഭജിച്ചുകൊണ്ടുള്ള സാമൂഹ്യ ഘടന പുറത്തേക്കു കാണിക്കാനുള്ള അടവു തന്ത്രം മാത്രമായിരിക്കണം. പ്രായോഗിക തലത്തില്‍ ( ദൈവത്തിന്റെ പോലും മന്ത്രാധീനം ഉടമയായ) ബ്രാഹ്മണന്‍ , ബ്രാഹ്മണനെ സേവിക്കാനായി സൃഷ്ടിക്കപ്പെട്ട അടിമയായ ശൂദ്രന്‍ എന്നീ രണ്ടു ജാതിയിലുള്ളവരെ മാത്രമേ സവര്‍ണ്ണ ഹിന്ദു മതം ഉള്‍ക്കൊള്ളന്‍ തയ്യാറായിരുന്നുള്ളു. ബ്രാഹ്മണന്‍, ശൂദ്രന്‍ എന്നീ ജാതികള്‍ക്കു പുറമെ ബ്രാഹ്മണനു തൊട്ടു താഴെയായി രാമന്‍ കൃഷ്ണന്‍ അര്‍ജ്ജുനന്‍ തുടങ്ങിയ ദൈവങ്ങളുടേയും ദൈവങ്ങളുടെ കുടുമ്പക്കാരുടെ ജാതിയായ ക്ഷത്രിയനും, അവര്‍ക്കു താഴെയായും ശൂദ്രനു മുകളിലായും ബാലിയെപ്പോലുള്ള ധനികരായ വൈശ്യരേയും ഉള്‍ക്കൊള്ളുന്നതായി ഭാവിക്കുന്നുണ്ടെങ്കിലും, ആ രണ്ടു വര്‍ണ്ണങ്ങളും സാങ്കല്‍പ്പികങ്ങള്‍ മാത്രമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ചാതുര്‍ വര്‍ണ്ണ്യത്തിലെ ക്ഷത്രിയന്‍ വൈശ്യന്‍ എന്നിങ്ങനെയുള്ള രണ്ടു കള്ള അറകള്‍ കൊണ്ടാണ് സമൂഹ ആധിപത്യവും പ്രാധിനിത്യവും വ്യാജമായി ബ്രാഹ്മണ്യം തന്ത്രപൂര്‍വ്വം നിര്‍മ്മിച്ച് നടപ്പിലാക്കിയിരിക്കുന്നത്. സമൂഹത്തെ മൊത്തമായി പ്രധി നിധീകരിക്കുന്നു എന്ന് തോന്നിപ്പിച്ചുകൊണ്ട് തങ്ങളുടെ ആജ്ഞാനുവര്‍ത്തിയും അക്ഷരാഭ്യാസമില്ലാത്തവനും അടിമയുമായ ശൂദ്രനെക്കൊണ്ട് ക്ഷത്രിയ- വൈശ്യ ജാതിക്കളങ്ങള്‍കൂടി ചില താന്ത്രിക വിദ്യകളുടെ പുകമറയുടെ സഹായത്തില്‍ ആടി അഭിനയിപ്പിക്കുന്നത് ചരിത്രത്തില്‍ കാണാനാകും. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ ദൈവത്തിന്റെ കാണിക്കയായി സമര്‍പ്പിച്ച്, മൂത്രമൊഴിക്കാന്‍ പോലും ബ്രാഹ്മണന്റെ അനുവാദം വേണമെന്ന് വിശ്വസിച്ചിരുന്ന ശൂദ്ര രാജാക്കന്മാര്‍ ഈ കുടില തന്ത്രത്തിന്റെ ഉദാഹരണങ്ങളാണ്. അതെ, ചരിത്രത്തില്‍ നിന്നു മാത്രമേ നാളെയുടെ സ്വാതന്ത്ര്യത്തിന്റെ വഴികള്‍ വികസിപ്പിക്കാനാകു എന്നതിനാല്‍ ചിത്രകാരന്‍ ചിത്രങ്ങളിലൂടെ ആഴത്തിലേക്ക് സഞ്ചരിക്കട്ടെ.... ഈ ചിത്രം മൊബൈലില്‍ എടുത്തതാകയാല്‍ ശരിക്കുള്ള നിറങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ലെങ്കിലും ചൂടോടെ പോസ്റ്റു ചെയ്തതാണ്. നല്ല റെസലൂഷന്‍ കൂടിയ ക്യാമറ ചിത്രം പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.
1 comment:
ചിത്രത്തിന്റെ സാഹിത്യം മനസ്സില്‍ ഇല്ലാത്തതിനാല്‍ വായനയ്ക്ക് കുറച്ചു സമയം എടുത്തു . ഭാരതത്തിന്റെ ആത്മാവിലെ ഭയപ്പെത്തുന്ന ആത്മരോദനം ഇതിന്റെ ഉള്ളില്‍ ഉണ്ട്.
ഞാന്‍ ഭാരതീയ കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്ഥമായി കേരളീയ കാഴ്ചപ്പാടിന്റെ ഉള്ളില്‍ നിന്നും ചിലത് പറയട്ടെ .മലയാളികള്‍ ജാതി മത വ്യത്യസ്തമില്ലാതെ അടിമത്വം സുഖിക്കുന്നവരാണ് .അത് ജാതീയമാകാം ,മതപരം ആകാം , രാഷ്ടീയമാകാം .ഇതിന്റെ പ്രധിഫലനം അറിയണമെങ്കില്‍ ഗള്‍ഫില്‍ തന്നെ നോക്കാം .ഒരു അടിമ ഉടമ സുഖം അനുഭിക്കുന്നില്ല എങ്കില്‍ ഒരു മലയാളിയും ഗള്‍ഫില്‍ പണി എടുക്കില്ല ..
ചിത്രകാരന്റെ സൃഷ്ടിയുടെ കാഴ്ച ഭംഗി തീര്‍ച്ചയായും എന്നിലെ ചിത്രകാരന്‍ പുനര്‍ ജനിക്കുമ്പോള്‍ തിരിച്ചറിയും .ഭാവുകങ്ങള്‍ ..
Post a Comment