Followers

Wednesday, February 13, 2013

മുലചിപ്പറമ്പിലെ നങ്ങേലിയെക്കുറിച്ചുള്ള ചിത്രങ്ങള്‍

ഈ ഫെബ്രുവരി 10 ന് രാവിലെ 4 മണിക്ക് ചിത്രകാരന്‍ കണ്ണൂരില്‍ നിന്നും ചേര്‍ത്തലയിലെ മുലച്ചിപ്പറമ്പിലേക്ക് പുറപ്പെട്ടു. കൊച്ചിയിലെ ചേറായി അടുത്തുള്ള എടവനക്കാട്ടിലെത്തി സുഹൃത്തായ സുദേഷിനേയും കൂട്ടി മുലച്ചിപ്പറംബിലെ നങ്ങേലിയുടെ പേരക്കുട്ടിയുടെ മകളായ 65 വയസ്സുള്ള ലീല അമ്മയെ നേരില്‍ കാണുകയാണു ഉദ്ദേശം. നങ്ങേലിയെക്കുറിച്ച് ചിത്രകാരന്‍ വരച്ചുകൊണ്ടിരുന്ന രണ്ടു പെയിന്റിങ്ങുകള്‍ ധൃതിയില്‍ പൂര്‍ത്തിയാക്കി, തലേ ദിവസം(ശനിയാഴ്ച്ച) കാര്‍ഡ് പേപ്പറില്‍ ലേസര്‍ പ്രിന്റെടുത്ത് കൈവശം സൂക്ഷിച്ചിരുന്നു. രക്തസാക്ഷിയായ നങ്ങേലിയുടെ പിന്മുറക്കാരില്‍ ജീവിച്ചിരുപ്പുള്ള കാരണവ സ്ത്രീയായ ലീല അമ്മക്ക് നങ്ങേലിയോടുള്ള ആദരവിന്റെയും നന്ദിയുടേയും സൂചകമായി പെയിന്റിങ്ങുകളുടെ കോപ്പി കൈമാറുകയായിരുന്നു ലക്ഷ്യം. മുലച്ചിപ്പറംബിലെത്തി ഫോണ്‍ ചെയ്യുമ്പോഴാണ് അറിയുന്നത് ലീല അമ്മക്ക് സുഖമില്ലാത്തതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കയാണെന്ന്. അവരുടെ മരുമകനായ ജയന്‍ അസുഖ വിവരം അറിയിക്കുമ്പോള്‍ അന്നേ ദിവസം അവരെ കാണാന്‍ തരപ്പെടാനിടയില്ലെന്നും സൂചിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും തിരിച്ചുവന്നുവോ എന്നറിയാന്‍ കാത്തുകൊണ്ട് കുറെ സമയം വാരനാടിനും മുലച്ചിപ്പറമ്പിനുമിടയില്‍ കറങ്ങിക്കൊണ്ട് ഫോണ്‍ വിളിച്ചുകൊണ്ടിരുന്നെങ്കിലും മറുപടിയില്ല. വാരനാടുള്ള അവരുടെ വീട് അറിയുകയുമില്ല. പിന്നെ തിരിച്ചുപോരുന്നവഴിയില്‍ മുലച്ചിപ്പറംബിന്റെ സമീപവാസികളായ വൈദ്യകുടുംബത്തിലെ റിട്ടയേഡ് കെ.എസ്.ഇ.ബി എഞ്ചിനീയര്‍ തമ്പിസാര്‍ വശം ലീല അമ്മക്കുള്ള ചിത്രങ്ങള്‍ കൊടുത്തേല്‍പ്പിച്ചു പോരുമ്പോള്‍ സുദേഷ് ഒന്നുകൂടി ഫോണ്‍ ചെയ്തു. ഭാഗ്യത്തിനു കിട്ടി. അങ്ങനെയാണ് വാരനാട് ശാസ്തം കവലക്കടുത്തുള്ള ലീല അമ്മയുടെ വീട്ടിലെത്തി നങ്ങേലിയെക്കുറിച്ചുള്ള ചിത്രകാരന്റെ രണ്ടു ചിത്രങ്ങളുടെ കോപ്പികള്‍ അമ്മയെ ഏല്‍പ്പിക്കുന്നത്. ആ ധന്യ മുഹൂര്‍ത്തം ചിത്രകാരനെ സമ്പന്ധിച്ച് അനിവചനീയമായ സംതൃപ്തിയുടേതാണ്. ലീല അമ്മക്കു നല്‍കിയ ലേസര്‍ പ്രിന്റ് കോപ്പിയുടെ ഒരു കോപ്പി ചിത്രകാരന്റെ നെറ്റ് സുഹൃത്തുക്കള്‍ക്കും സമര്‍പ്പിച്ചുകൊള്ളുന്നു. സസ്നേഹം.

No comments: