Followers
Wednesday, January 30, 2013
നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി
ഈ ജനുവരി 30നും പതിവുപോലെ നാം നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നതിന്റെ പാപക്കറ പൂക്കളിലൊളിപ്പിച്ച്,രക്തസാക്ഷിത്വത്തിന്റെ 65 ആം വാര്‍ഷികം ആചരിക്കുന്നു. നമ്മുടെ കൈകളിലെ രക്തക്കറയൊഴിച്ച് മറ്റേത് വിഷയത്തെക്കുറിച്ചും നാം ചര്‍ച്ചചെയ്യും. പക്ഷേ, ആ ചോരക്കറയെക്കുറിച്ച് പഠിക്കാനും പശ്ചാത്തപിക്കാനും നാം എന്നാണു പ്രാപ്തി നേടുക !! മുന്നോട്ടു പോകണമെങ്കില്‍ ആ ചോരക്കറയുടെ ഉത്തരവാദിത്വം വെറുമൊരു ഗോഡ്സെയില്‍ മാത്രം ചുമത്താതെ നമ്മുടെ സാംസ്ക്കാരിക പങ്കുകൂടി വീതിച്ചെടുക്കാതെ വയ്യ. ഹിന്ദുത്വം എന്ന് നാം ദുരഭിമാനിക്കുന്ന 1500 വര്‍ഷം പഴക്കമുള്ള സാംസ്ക്കാരിക ജീര്‍ണ്ണതയുടെ രക്തസാക്ഷിയായാണ് മഹാത്മാഗന്ധിയും കൊല്ലപ്പെട്ടതെന്ന് ചിത്രകാരന് വിശ്വസിക്കുന്നു. പാല്‍പ്പായസം പോലുള്ള അംഗീകൃത ചരിത്രങ്ങളുടെ മൌനം കട്ടപിടിച്ച ഇടനാഴികളില്‍ കെട്ടിക്കിടക്കുന്ന കൊല്ലപ്പെട്ട ചരിത്രങ്ങളുടെ രക്തകുളങ്ങളെ രേഖപ്പെടുത്തേണ്ടത് മാനവികതയുടെ സത്യസന്ധതയുടെ ഭാഗമാണെന്നെങ്കിലും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സത്യാന്വേഷകനും സത്യാഗ്രഹിയുമായിരുന്ന മഹാത്മാഗാന്ധിയുടെ 65 ആം രക്തസാക്ഷി ദിനത്തില്‍ അത്രത്തോളം തന്നെ മഹത്തരമായ ത്യാഗത്തിലൂടെ കേരളത്തിലെ തിരുവിതാംകൂര്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് “മുലക്കരം” നല്‍കാതെ മാറുമറക്കാനുള്ള സ്വാതന്ത്ര്യം നേടിത്തന്ന “നങ്ങേലി”യുടെ ഒരു ചിത്രം വരച്ചു പൂര്‍ത്തിയാക്കിയതായി ജനങ്ങളെ അറിയിച്ചുകൊള്ളുന്നു. നമ്മുടെ പണ്ഡിത പ്രമാണികളായ ചരിത്രകാരന്മാര് ചരിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ മനപ്പൂര്‍വ്വം മറന്നു പോയ ചരിത്രമാണ് കേരള സ്ത്രീത്വത്തിന്റെ മഹനീയ മാതൃകയായ നങ്ങേലിക്കുള്ളത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണത്തില്‍ “മുലച്ചിപ്പറമ്പ്” എന്ന സ്ഥലം ഇപ്പോഴും അനാഥമായി സ്ഥിതിചെയ്യുന്നുണ്ട്. ചരിത്രമറിയുന്നവരും, നങ്ങേലിയുടെ ബന്ധുജനങ്ങളും ചേര്‍ത്തലയിലുണ്ട്. മുലക്കരം അടക്കാത്തതിന്റെ കാരണം അന്വേഷിച്ചുവന്ന തിരുവിതാംകൂര്‍ രാജാവിന്റെ അധികാരി(വില്ലേജ് ഓഫീസര്‍ / പ്രവര്ത്തിയാര് ) ക്ക് മുന്നില്‍ നിലവിളക്കു കത്തിച്ചുവച്ച്, നാക്കിലയിലേക്ക് ഭക്ത്യാദരപൂര്‍വ്വം മുലകള്‍ മുറിച്ചുവച്ച് മുലക്കരത്തില്‍ നിന്നും മുക്തി നേടിയ നങ്ങേലി, മുലക്കരം നിറുത്തല്‍ ചെയ്യാനുള്ള നിമിത്തമാവുകയായിരുന്നു. മാറു മറക്കാനുള്ള അവകാശത്തിനായി 50 വര്‍ഷത്തിലേറെക്കാലം തിരുവനന്തപുരത്ത് മേല്‍ വസ്ത്രം ധരിച്ചുകൊണ്ട് നിയമ ലംഘനങ്ങള്‍ നടത്തിപ്പോന്നതിന്റെ പേരില്‍ മൃഗീയമായി രാജ കിങ്കരന്മാരുടെ ആക്രമണത്തിനിരയായിരുന്ന കൃസ്തുമതക്കാരായ ചാന്നാര്‍ സ്ത്രീകള്‍ നടത്തിയ സമരത്തിന്റെ പരിസമാപ്തിയായി നങ്ങേലിയുടെ ധീരോജ്ജ്വലമായ ത്യാഗത്തെ ഒരു ചിത്രകാരനെന്ന നിലയില്‍ ഈ പെയിന്റിങ്ങിലൂടെ രേഖപ്പെടുത്തട്ടെ. ഇതോടൊപ്പം കൊടുത്തിരിക്കുന്ന പെയിന്റിങ്ങ് മുഴുവന്‍ ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്. പൂര്‍ണ്ണ ചിത്രം പിന്നീട്. ഈ ചിത്രം കൂടാതെ മറ്റൊരു ചിത്രം കൂടി നങ്ങേലിയെക്കുറിച്ച് വരച്ചുകൊണ്ടിരിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ആ ചിത്രവും പൂര്‍ത്തിയാക്കി പോസ്റ്റു ചെയ്യുന്നതാണ്. മുത്തപ്പന് ബ്ലൊഗില്‍ നങ്ങേലിയെക്കുറിച്ചു വന്ന പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
Subscribe to:
Post Comments (Atom)
2 comments:
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണത്തില്‍ “മുലച്ചിപ്പറമ്പ്” എന്ന സ്ഥലം ഇപ്പോഴും അനാഥമായി സ്ഥിതിചെയ്യുന്നുണ്ട്. ചരിത്രമറിയുന്നവരും, നങ്ങേലിയുടെ ബന്ധുജനങ്ങളും ചേര്‍ത്തലയിലുണ്ട്.ഒരു കുടില്‍ നിന്നിരുന്ന സ്ഥലവും തൊട്ടടുത്തുതന്നെ ഒരു കുളത്തിന്റെ അവശിഷ്ടങ്ങളും അടുങ്ങിയ പ്ത്തിരുപത് സെന്റ് തോന്നിക്കുന്ന സ്തലം മുലച്ചിപ്പറമ്പായി അനാഥമായി കിടക്കുന്നുണ്ട്. അവിടെ ധീരോജ്ജ്വല ചരിത്ര രക്തസാക്ഷിയായ നങ്ങേലിക്ക് ഒരു സ്മാരകം ഉയരേണ്ടത് സാംസ്ക്കാരിക കേരളത്തിന്റെ നവോത്ഥാനത്തിന്റെ ആവശ്യകതയാണെന്ന് ചിത്രകാരനു തോന്നുന്നു. ചെറിയ തട്ടിക്കൂട്ടല്‍ സ്മാരകമൊന്നുമല്ലാതെ ഒരു ഗ്രന്ഥശാലയോടും ശില്പ്പത്തോടും കൂടിയ നന്നായി നോക്കിനടത്തപ്പെടുന്ന സ്മാരകം. തോന്നക്കലില്‍ കുമാരനാശാന് സ്മാരകം പോലെ.
പാടിപ്പടിപ്പിച്ച പഴയകാല പോരിഷകളില് "മുലത്തുള" വീഴ്താന്‍ പേടിയുണ്ടാകും പഴയ മേല്ക്കോയ്മകളുടെ പ്രേതം ബാധിച്ച നവ അധികാരക്കോമരങ്ങള്ക്ക്.
Post a Comment