Followers

Thursday, October 10, 2013

നങ്ങേലിയുടെ ത്യാഗം ചിത്രം - 3


ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണത്തോട് ചേര്‍ന്നുള്ള മുലച്ചിപ്പറമ്പ് എന്ന സ്ഥലത്ത് ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന നങ്ങേലിയുടെ ത്യാഗത്തെക്കുറിച്ച് ഇതിനു മുന്‍പ് രണ്ടു ചിത്രങ്ങള്‍ 2013 ല്‍ തന്നെ ചിത്രകാരന്‍ വരച്ചിട്ടുണ്ട്. ഈ ചിത്രം ആ സീ‍രീസിലെ മൂന്നാമത്തേതാണ്. കഴിഞ്ഞ രണ്ടു ചിത്രങ്ങള്‍ എട്ടുമാസക്കാലം വിഹ്വലതയുണ്ടാക്കുന്ന ആ സംഭവത്തെ അനുഗമിച്ച് ചേര്‍ത്തലയിലേക്ക് പല യാത്രകള്‍ നടത്തിയതിനു ശേഷമായിരുന്നു. എങ്കിലും, നങ്ങേലി എന്ന ചേര്‍ത്തലയിലെ വീര വനിതയുടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന തലമുറയെ നേരിട്ടു കാണാതെയായിരുന്നെന്ന് പറയാം. ആദ്യത്തെ രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തിയായശേഷം ആ ചിത്രങ്ങളുടെ കളറിലുള്ള ലേസര്‍ പ്രിന്റ് തയ്യാറാക്കി, അവ നങ്ങേലിയുടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ മുതിര്‍ന്ന 65 വയസ്സുള്ള ലീല അമ്മക്ക് സമ്മാനിക്കാനായി ചിത്രകാരനും, സുഹൃത്തും സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുദേഷുമൊത്ത് ചേര്‍ത്തലയില്‍ പോയിരുന്നു.


ചിത്രകാരന്‍, ലീല അമ്മ, സുദേഷ്.



 ലീല അമ്മ
(ലീല അമ്മയുടെ പേരക്കുട്ടിയും, മകളും, മരുമകനും)
കന്യാകുമാരി മുതല്‍ ഏതാണ്ട് കൊച്ചിവരെയുണ്ടായിരുന്ന തിരുവിതാംകൂറിലെ സ്ത്രീജനങ്ങള്‍ക്ക് മുലക്കരം നല്‍കാതെ ബ്ലൌസു ധരിക്കാനുള്ള സ്വാതന്ത്ര്യം നേടിത്തന്ന മഹതിയായ നങ്ങേലിയെ എത്രവരച്ചാലും കേരളീയന്റെ ആത്മാഭിമാനത്തിനായി അവര്‍ ചിന്തിയ രക്തത്തിനും പകരംവക്കാന്‍ നമുക്കാകില്ലെന്ന് ബോധ്യപ്പെടുകയായിരുന്നു. മാത്രമല കേരളത്തിലെ ചരിത്രകാരന്മാരും, ഭരണാധികാരികളും, കലാ-സാഹിത്യ പ്രവര്‍ത്തകരും ആ ധീരരക്തസാക്ഷിയോടുകാണിച്ച കൃതഘ്നത മാപ്പര്‍ഹിക്കാത്തതുമാണ്. അതിനാല്‍, നങ്ങേലിയുടെ ത്യാഗം കേരള ജനത തിരിച്ചറിയുന്നതുവരെ നങ്ങേലിയുടെ മഹത്വം നിറങ്ങള്‍കൊണ്ട് തുടര്‍ച്ചയായി അടയാളപ്പെടുത്താന്‍ ചിത്രകാരന്‍ പ്രതിജ്ഞാബദ്ധനായിരിക്കുന്നു.
അതുകൂടാതെ, ചിത്രകാരന്‍ നേരത്തെ വരച്ച 1) നങ്ങേലിയുടെ ത്യാഗം, 2) ഗ്രേറ്റ് നങ്ങേലി എന്നീ ചിത്രങ്ങളില്‍ മുലയറുക്കാന്‍ ഉപയോഗിച്ചിരിക്കുന്ന കത്തി യാഥാര്‍ത്ത്യവുമായി പൊരുത്തപ്പെടാതിരിക്കുന്നു എന്ന ഒരു തിരിച്ചറിവുകൂടി നങ്ങേലിയുടെ മൂന്നാമത്തെ ചിത്രം വരക്കാന്‍ പ്രേരണയായിട്ടുണ്ടെന്ന സത്യവും പ്രധാനമാണ്. നങ്ങേലി അനായാസം തന്റെ മുലകള്‍ അറുത്തു നല്‍കാന്‍ ഉപയോഗിച്ച ആയുധം കൊയ്ത്തരിവാള്‍ തന്നെയായിരുന്നു. മുലച്ചിപ്പറമ്പിലെ ഇപ്പോഴത്തെ താമസക്കാരായ വൈദ്യ കുടുംബത്തിലെ റിട്ടയേഡ് കെ.എസ്.ഇ.ബി എഞ്ചിനീയര്‍ കഴിഞ്ഞ കൂടിക്കാഴ്ച്ചയില്‍ അതു സൂചിപ്പിക്കുന്നതുവരെ അക്കാര്യത്തെക്കുറിച്ച് ചിത്രകാരന്‍ ബോധവാനായിരുന്നില്ല. അങ്ങനെയൊരു തിരുത്തി വരക്കല്‍ കൂടിയാണ് നങ്ങേലിയെക്കുറിച്ചുള്ള ഈ മൂന്നാമത്തെ ചിത്രം.

3 comments:

chithrakaran:ചിത്രകാരന്‍ said...

http://www.contentwriter.in/articles/musings/nangeli-kerala.htm

chithrakaran:ചിത്രകാരന്‍ said...
This comment has been removed by the author.
chithrakaran:ചിത്രകാരന്‍ said...

http://www.contentwriter.in/articles/musings/nangeli-kerala.htm